കലാകാരന്മാരുടെ അരങ്ങു വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമായി ‘കഥകളി വർത്തമാനം’

kathakali-varthamanam-a-initiative-by-sreejith-menon-to-introduce-kathakali-artists
SHARE

'കഥകളി വർത്തമാനം ഒരാണ്ട് പിന്നിട്ടു. കഥകളി അരങ്ങുകൾക്കു പൂട്ടു വീണ കൊറോണക്കാലത്ത് കലാകാരന്മാരെ തേടിച്ചെന്ന് അവരുടെ അരങ്ങു വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അവതരിപ്പിച്ച ഓൺലൈൻ സംരംഭമാണ് 'കഥകളി വർത്തമാനം'. നാൽപതിലേറെ കലാകാരന്മാരുമായി നടത്തിയ അഭിമുഖങ്ങൾ ഉൾക്കൊള്ളിച്ചാണ് 'കഥകളി വർത്തമാനം'

കാലത്തെ പഴിക്കാതെ

കോവിഡ് 19 മഹാമാരി ലോകത്തെ ഒന്നാകെ കാൽക്കീഴിലാക്കിയത് 2020-21 വർഷങ്ങളുടെ ദുരന്തമാണ്. കഥകളിക്കാരുടെ നല്ലകാലമായ ഉത്സവ സീസൺ തുടങ്ങാനിരിക്കെയാണ് 2020 മാർച്ചിൽ രാജ്യത്തു സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. പിന്നീട്‌ അരങ്ങിൽ വെളിച്ചം വീണത്‌ അപൂർവം സമയങ്ങളിൽ മാത്രം. ഇക്കാലത്തു കലാകാരന്മാരെ നേരിൽക്കണ്ട് അവരുടെ അരങ്ങിലെയും ജീവിതത്തിന്റെ അണിയറയിലെയും വിശേഷങ്ങൾ ആസ്വാദകർക്കെത്തിക്കാൻ തുനിഞ്ഞിറങ്ങുകയായിരുന്നു കോഴിക്കോട്ടുകാരനായ ശ്രീജിത്ത് മേനോൻ. കഥകളി ആസ്വാദകനും സംഘാടകനും കോഴിക്കോട് തോടയം കഥകളി ആസ്വാദക സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമാണ്. കോവിഡ് കാലത്ത് ഓൺലൈൻ കഥകളികൾ സംഘടിപ്പിക്കാനും തോടയവും ശ്രീജിത്തും മുൻപിലുണ്ടായിരുന്നു. ജൂണിൽ ഓൺലൈൻ കഥകളി തുടങ്ങി.

കഥകളി കലാകാരന്മാരുടെ അഭിമുഖങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചു വയ്ക്കുക എന്ന ആശയം അക്കാലത്താണ് മനസ്സിൽ കയറിക്കൂടുന്നത്. കഥകളി നടത്തുന്നതും കലാകാരന്മാരുമായി ബന്ധം സ്ഥാപിക്കുന്നതിലുപരി കഥകളി ലോകത്ത് എന്തെങ്കിലും ഒരു സംഭാവന എന്ന ചിന്ത. പഴയ പല വലിയ കലാകാരന്മാരുടെയും വിശേഷങ്ങളും ചരിത്രവും നമുക്കിന്ന് ലഭിക്കാത്ത അവസ്ഥയാണ്. 

കോട്ടക്കൽ ദേവദാസ് എന്ന കലാകാരനോടുള്ള ആദരവ് കൊണ്ടാണ് അദ്ദേഹത്തിൽനിന്നു തന്നെ 'വർത്തമാനം' തുടങ്ങിയത്. കഥകളി വർത്തമാനത്തിന്റെ മുഖമുദ്ര പോലും കോട്ടക്കൽ ദേവദാസിന്റെ നരസിംഹ വേഷമാണ്. ഒരു കലാകാരൻ മറ്റൊരു കലാകാരൻ തന്നെ ഇന്റർവ്യൂ ചെയ്യുക എന്ന സവിശേഷ രീതിയും തീരുമാനിച്ചു. ഒരു ആസ്വാദകനോ മാധ്യമ പ്രവർത്തകനോ അഭിമുഖം നടത്തുന്നതിനെക്കാൾ ഒരേ രംഗത്തുള്ളവർ, ഒരേ അനുഭവമുള്ളവർ തമ്മിൽ സംസാരിക്കുമ്പോൾ കുറേക്കൂടി സ്വാഭാവികമായ കണ്ടെത്തലുകൾ ഉണ്ടാകുമെന്നറിയാം. മുൻകൂട്ടി തയാറാക്കിയ ചോദ്യവലിയില്ലാതെ അനൗദ്യോഗിക സംഭാഷണത്തിന്റെ മട്ടിലാണ് അഭിമുഖങ്ങൾ തയാറാക്കിയത്. ഒരുപക്ഷേ, ഈ പരിപാടിയുടെ ഏറ്റവും വലിയ സവിശേഷതയും അതുതന്നെയാണ്. 2020 ഓഗസ്റ്റ് 2നു ദേവദാസുമായുള്ള അഭിമുഖത്തോടെ പ്രോഗ്രാം ആരംഭിച്ചു.

കോട്ടക്കൽ ദേവദാസ് എന്ന ചുവന്ന താടി കലാകാരനുമായി അഭിമുഖം നടത്തിയത് മറ്റൊരു ചോന്നാടി കലാകാരനായ കലാമണ്ഡലം ഹരി ആർ. നായരും. 

ഇതോടെ വർത്തമാനത്തിന്റെ ഭാഗമായി മാറുകയായിരുന്നു ദേവദാസും. അദ്ദേഹത്തിനു പുറമേ കലാമണ്ഡലം രവികുമാർ, കലാമണ്ഡലം ഹരീശ്വരൻ, ഡോ. പ്രജിത്ത് എന്നിവരും ഈ യത്നത്തിന്റെ പിന്നിലുണ്ട്. തുടക്കത്തിൽ ശ്രീജിത്ത് തന്നെയായിരുന്നു ഷൂട്ടിങ്ങും എഡിറ്റിങ്ങുമെല്ലാം ചെയ്തിരുന്നത്. പിന്നീട് ആസ്വാദകർ ഏറിയപ്പോൾ  നല്ലൊരു സംഘത്തെ ഒപ്പം ചേർക്കുകയായിരുന്നു. ഐ എസ് ആർ ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ ഉൾപ്പെടെ  ഒട്ടേറെ ആരാധകരുടെ അനുമോദനങ്ങളും ഈ സംരംഭത്തിന് ഊർജമായി.

കോട്ടക്കൽ നന്ദകുമാരൻ നായർ, കലാമണ്ഡലം വാസു പിഷാരോടി, കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താൻ, കലാമണ്ഡലം ജോൺ, കേശവൻ കുണ്ഡലായർ, കോട്ടക്കൽ മധു, കോട്ടക്കൽ നാരായണൻ, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കൽ പ്രസാദ്, കോട്ടക്കൽ രവി, കോട്ടക്കൽ രാധാകൃഷ്ണൻ, വരവൂർ ഹരിദാസ്, കലാമണ്ഡലം രവികുമാർ തുടങ്ങിയവർ ഇതിനകം കഥകളി വർത്തമാനത്തിലൂടെ ആസ്വാദകരുമായി വിശേഷങ്ങൾ പങ്കിട്ടു. രാധിക വർമ, ഗീതാ വർമ, പാർവതി മേനോൻ, ഹരിപ്രിയ നമ്പൂതിരി തുടങ്ങിയ കലാകാരികളെയും പരിചയപ്പെടുത്തി. ഇനിയും വർത്തമാന പട്ടികയിൽ ഒട്ടേറെ കലാകാരന്മാരുണ്ട്. 

തെക്കൻ കേരളത്തിലേക്ക് കാര്യമായി പ്രവേശിക്കാനായില്ല എന്നതാണ് കഥകളി വർത്തമാനത്തിന്റെ പ്രശ്‌നമെന്ന് ശ്രീജിത്ത് പറയുന്നു. കൊറോണയാണ് ഇതിനു തടസ്സമായത്. 

പലരും വളരെ ആവേശത്തോടെയാണ് കഥകളി വർത്തമാനത്തിൽ പങ്കെടുത്തതെന്നു ശ്രീജിത്ത് പറയുന്നു.  ദുരിതമനുഭവിക്കുന്ന ഒട്ടേറെ കലാകാരന്മാർക്ക് സഹായമെത്തിക്കാനും ഈ യാത്രകളിൽ സാധിച്ചു. 

കേരളത്തിലെ തലമുതിർന്ന എല്ലാ കഥകളി കലാകാരന്മാരെയും 'വർത്തമാനത്തിൽ' ഉൾപ്പെടുത്തണമെന്നതാണ് ശ്രീജിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

കോവിഡ് നിയന്ത്രങ്ങൾക്ക് അയവു വന്നാൽ അടുത്ത വിശേഷങ്ങൾ തേടിയുള്ള യാത്ര തെക്കൻ നാടുകളിലേക്കാണെന്നു ശ്രീജിത്ത് പറയുന്നു. 

നെല്ലിയോട് ആശാന്റെയും മാത്തൂർ ആശാന്റെയും വർത്തമാനങ്ങൾ നഷ്ടമായത് അപരിഹാര്യമാണെന്നു കരുതുന്നു ശ്രീജിത്ത് മേനോൻ. നെല്ലിയോടുമായുള്ള അഭിമുഖത്തിന് സമയം പോലും അനുവദിച്ചിരുന്നു. യാത്ര അസാധ്യമായതിനാൽ നടന്നില്ല.

അഭിമുഖത്തിനു പുറമേ ഡോകുമെന്ററി നിർമാണവും അടുത്ത ഘട്ടത്തിലുണ്ട്. കഥകളി വർത്തമാനത്തിന്റെ ഒന്നാം വാർഷികാഘോഷം 12നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 2.30നു തോടയം ഫെയ്സ്ബുക് പേജിലൂടെ നടക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA