ഓച്ചിറയിലെ 28ാം ഓണം സെപ്റ്റംബർ 17ന്

ochira-28-onam-festival-on-september-17-th
SHARE

കർക്കടകത്തിൽ പന്തലിനു കാൽ നാട്ടൽ. ചിങ്ങത്തിൽ ഓണത്തിന് മുൻപ് ചട്ടം കൂട്ടൽ. കന്നിയിലെ ഇരുപത്തിയെട്ടാം ഓണനാളിൽ ഓച്ചിറ പരബ്രഹ്മസന്നിധിയിലേക്ക് ഒന്നിനു പിറകെ ഒന്നായി എത്തിയിരുന്ന ഇരുനൂറിലേറെ വലതും ചെറുതുമായ കെട്ടുകാളകൾ. പോരാട്ടങ്ങളുടെ വീര്യം പറയുന്ന ഓച്ചിറ പടനിലത്തിന്റെ മണ്ണിലേക്ക് ചുവപ്പിലും വെളുപ്പിലും ഉടുത്തൊരുങ്ങി ശിവ പാർവതി സങ്കൽപ്പത്തിൽ ഓണാട്ടുകരുടെ സ്വന്തം കാളകൾ എത്തിയിരുന്ന പോയനാളിലെ ഈ പതിവുകൾ രണ്ടാണ്ടായി കോവിഡ് അപ്പാടെ മാറ്റിമറിച്ചു. അതോടെ ആർപ്പും ആരവും കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലായി പടർന്നു കിടക്കുന്ന ഓണാട്ടുകരക്കാരുടെ മനസ്സിലേക്കു മാത്രമായി കുടിയേറി. എങ്കിലും അക്കാലത്തെ കാളകെട്ടിന്റെ ചിട്ടവട്ടകൾ ഇരുപത്തിയെട്ടാം ഓണം അടുത്തതോടെ (സെപ്റ്റംബർ 17ന്) ദേശവാസികളുടെ ഉള്ളിൽ ഓർമകളിലൂടെ തലപ്പൊക്കം വയ്ക്കുകയാണ്. കാളകെട്ട് ഇടങ്ങൾ മുതൽ ഇരുപത്തിയെട്ടാം ഓണത്തിന് പടനിലത്ത് എത്തുംവരെയുള്ള ‘കെട്ടുകാളക്കഥ’ പുരോഗമിച്ചിരുന്നത് ഇങ്ങനെ...

ochira-1

കാളകെട്ടുന്ന ഇടങ്ങളിൽ കർക്കടകത്തിൽ പന്തലിനു കാൽനാട്ടുന്നതോടെ ഔപചാരികമായി ചടങ്ങുകൾ തുടങ്ങും. അതിനും മുൻപ് മിഥുനം പകുതിയോടെ കാളകെട്ടു സമിതികൾ യോഗം ചേർന്ന് ഉത്തരവാദിത്തങ്ങളുടെ ചുമതലയേൽക്കും. തലേ വർഷം സൂക്ഷിച്ചുവച്ച കെട്ടുരുപ്പടികൾ‌ പന്തൽ കെട്ടിത്തീരും മുൻപേ പുറത്തിറക്കും. മാറ്റേണ്ടവയുണ്ടെങ്കിൽ അതിനാവശ്യമായ തടി തിരയും. തുറുവിട്ടോ അല്ലാതെയോ സൂക്ഷിക്കുന്ന വയ്ക്കോൽ ചിങ്ങവെയിലിൽ കണ്ടാൽ ഉണക്കി തുടങ്ങും. പോരാത്തതിനായി പാടങ്ങൾ‌ തിരഞ്ഞിറങ്ങും. കണ്ണനാംകുഴിയിലെയും മങ്ങാരത്തെയും പുലിമേലെയും വയലുകളിലെ നീളമുള്ള വയ്ക്കോൽ മൊത്തവില പറഞ്ഞോ തൂക്കിയോ വാങ്ങും. ഇവ എത്തിച്ചാൽ പിന്നെ ജ്യോതിഷപ്രകാരം നേരമെടുത്ത സമയത്തു ചട്ടം കൂട്ടം.

ആഞ്ഞിലിതടിയിലുള്ള സ്ട്രക്ച്ചർ പൂർത്തിയാകുന്നതോടെ കെട്ടുകാരെത്തും. വലിയ കാളകളിൽ ഇപ്പോൾ ചട്ടത്തിനും കാലിനും തടിക്കു പുറമെ സ്റ്റീലിന്റെ ആങ്കിളറുകൾ. കാലം കലയിലേക്കു പണിത മാറ്റം. ഉണക്കി സൂക്ഷിക്കുന്ന വയ്ക്കോൽ വലിയ തിരികളായി തെറുത്താണ് ഉടലിനുള്ളിൽ നിറയ്ക്കുക. ചട്ടക്കൂടിനുള്ളിൽ വയ്ക്കോൽ നിറഞ്ഞാൽ മുൻകാലിന്റെ പണിയാണ്. ഇങ്ങനെ ഓരോ ഭാഗം തീർത്ത ശേഷം കാളകളുടെ അഴകളവു വരുത്തി വയ്ക്കോൽ ഇഴക്കയർ ഉപയോഗിച്ചു കെട്ടി ഉറപ്പിക്കും. ഇതിനു മേലെ ചാക്കു പൊതിയുന്നതോടെ നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാവും. പിന്നീടു കാളകളെ കമ്പളിയും മുൻവർഷത്തെ തുണിയും ഉപയോഗിച്ചു പൊതിയും. പുതിയ തുണി

പോരാട്ടങ്ങളുടെ വീര്യം പറയുന്ന ഓച്ചിറയുടെ മണ്ണിലേക്ക് ഒന്നിനു പിറകെ ഒന്നായി ഇക്കുറി എത്തിച്ചേരാൻ നൂറ്റൻപതോളം കാളകൾ

ഉപയോഗിച്ചു പൊതിഞ്ഞാൽ ശിരസ്സ് കയറ്റുകയാണ് പ്രധാന ചടങ്ങ്. നിർമാണത്തിന്റെ എല്ലാഘട്ടത്തിലും വലതുഭാഗത്തു ശിവസങ്കൽപ്പത്തിലുള്ള ചുവപ്പു കാളയുടെ ജോലികളായിരിക്കും ആദ്യം പൂർത്തിയാക്കുക. ക്രെയിൻ ഉപയോഗിച്ചാണ് വലിയ കാളകളുടെ ശിരസ്സ് ഉറപ്പിക്കൽ. കുടമണികളും അലങ്കാരങ്ങളും അണിയിച്ചാൽ കർണക്കോലിൽ നെറ്റിപ്പട്ടം ചാർത്തും.

നിർമാണം പൂർത്തിയാവുന്നതോടെ കാളയുടെ മുന്നിൽ നിറപറ സമർപ്പണം തുടങ്ങും. പിന്നീടു നേരം അനുസരിച്ചു കാളകൾ അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴുന്ന ഓംകാര മൂർത്തി കുടികൊള്ളുന്ന സന്നിധിയിലേക്ക് എഴുന്നള്ളി തുടങ്ങും.

‌കാളകൾക്ക് പഞ്ചവർണം, 15 ഭാഗങ്ങൾ

നോട്ടത്തിൽ കണ്ണുടക്കുന്ന കാളകളുടെ ശിരസ്സുണ്ടാക്കുന്നത് നല്ല ഉശിരൻ ഊറാവോ ഏഴിലംപാലയോ കൊണ്ട്. വെള്ള, കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ പഞ്ചവർണങ്ങൾ ഉപയോഗിച്ചാവും കാളത്തലകൾക്കു നിറം പകരുക. കണക്കും കലയും ഒന്നിക്കുന്ന നിർമിതിയിൽ പട്ടും അലങ്കാരങ്ങളും നെറ്റിപ്പട്ടവും മാറ്റിയാൽ ഉള്ളത് ചക്രം, കുറ്റിക്കോൽ, മുട്ടുവല്ലഴി, വല്ലഴി, ഉലവുപടി, കാൽ, മുരുത്തുകോൽ, പള്ളക്കോൽ, നാഴി, കഴത്തുകോൽ, കഴുത്തുമുരിത്ത്, പള്ളമുരിത്ത്, അങ്കപ്പലക, കർണക്കോൽ, തല എന്നിങ്ങനെ 15 ഭാഗങ്ങൾ. 30 അടിക്കു മേലെ ഉള്ള എല്ലാ കാളകൾക്കും ഒരു കോൽ (ഇരുപത്തിയൊൻപതേകാൽ ഇഞ്ച്) ആണ് ചക്രത്തിന്റെ ഉയരം.

ochira-13
(ഇടത്) ഇപ്പോഴത്തെ ഏറ്റവും ഉയരമുള്ള കാളയായ ഞക്കനാൽ പടിഞ്ഞാറേകര കാലഭൈരവൻ

ഉയരത്തിൽ മുന്നിൽ കാലഭൈരവൻ–

2019 ൽ ഉയരം കൂട്ടി പുതുക്കി പണിത 62 അടി പൊക്കമുള്ള കാലഭൈരവനാണ് കാളകളുടെ തലപ്പൊക്കത്തിൽ ഇപ്പോൾ മുന്നിൽ. 56.5 അടി ഉയരമുള്ള മാമ്പ്രക്കനേലിന്റെ ഓണാട്ടു കതിരവൻ ആണ് രണ്ടാമത്. 49 അടി ഉയരവുമായി

ചങ്ങൻകുളങ്ങര കരക്കാരുടെ കാള മുന്നാമത്. 48 അടി പൊക്കവുമായി കൃഷ്ണപുരത്തിന്റെ കാള. ഇങ്ങനെ ഒരടിയുടെ മറ്റും നേരിയ ഉയരം വ്യത്യാസത്തിലാണ് കാളകളുടെ ഉയരം

കഞ്ഞിയും മുതിരയും ചേർന്ന കാളമൂട്ടിലെ കഞ്ഞിസദ്യ

അന്നം ബ്രഹ്മം എന്ന സങ്കൽപ്പത്തിലാണ് ഓണാട്ടുകരയിലെ കാളമൂട്ടിലെ കഞ്ഞിസദ്യ. കഞ്ഞി, മുതിര, പപ്പടം, അച്ചാർ എന്നിവ വിഭവങ്ങൾ. തിരുവിതാംകൂറിനെ ഓണം ഊട്ടിയിരുന്ന ഓണാട്ടുകരയിലെ ഇരിപ്പുനിലങ്ങളിൽ ചിങ്ങത്തിൽ കൊയ്തു കേറിയ നെല്ല് പുഴുങ്ങി കുത്തിയ അരിയാണ് കഞ്ഞിക്കായി പോയനാളുകളിൽ എടുത്തിരുന്നത്. നെയ്യ്ച്ചേനകളും നനകിഴങ്ങും വിളവെടുത്ത കാലാകളിൽ ഇടവിളയായി വിതച്ച മുതിര വിളവെടുത്ത് മീന വെയിലിൽ ഉണക്കി കറിക്കായി സൂക്ഷിക്കും. ഇരിപ്പുകളിലെ മീനത്തിലെ പൊടിവിതയ്ക്കു മുൻപ് പടനിലത്തെത്തി ഭക്തർ പരബ്രഹ്മത്തിന്റെ അനുഗ്രഹം വാങ്ങുകയും പതിവ്. കെട്ടകാളയുടെ നിർമാണം ആരംഭിക്കുന്ന നാൾ മുതൽ കാളമൂട്ടിൽ കഞ്ഞിസദ്യയും തുടങ്ങും. സമൂഹസദ്യ, പായസ സദ്യ, പുഴുക്ക് വിതരണം, അവൽപ്പൊതി വിതരണം എന്നിവ കളകളുടെ നിർമാണ പുരോഗതിയേറുന്ന മുറയ്ക്ക് നടത്തും.

ചടങ്ങുകൾ ഇക്കുറിയും ആചാരം മാത്രം

തൊട്ടുമുൻവർഷത്തേതു പോലെ ആചാരം മാത്രമായി 17ന് പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം നടത്തും. കരക്കാരുടെയും ക്ഷേത്രഭരണസമിതിയുടെയും നേതൃത്വത്തിൽ ഒരു കെട്ടുകാളയെ കോവിഡ് ചട്ടം പാലിച്ചുകൊണ്ട് പടനിലത്ത് എഴുന്നള്ളിക്കും. ജില്ലാ കലക്ടറുടെ അനുമതിയോടെ കർശന നിയന്ത്രണത്തിലായിരിക്കും എഴുന്നള്ളത്ത്. കെട്ടുകാളയെ എഴുന്നള്ളിക്കുന്ന സമയത്ത് പടനിലത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുകയില്ല. വൈകിട്ട് 3ന് ക്ഷേത്രഗോപുരത്തിനു മുന്നിൽ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കെട്ടുകാളയെ എഴുന്നള്ളിച്ച് കിഴക്ക് പടിഞ്ഞാറ് ആൽത്തറകൾ, എട്ടുകണ്ടം. ഒണ്ടിക്കാവ് എന്നിവിടങ്ങളിൽ പ്രദക്ഷിണം നടത്തിയ ശേഷം ക്ഷേത്ര ഭരണസമിതി ഓഫിസിനു മുന്നിൽ സമർപ്പിക്കും. ആചാരം മാത്രമായി ചടങ്ങു നടത്താൻ ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.വി.രാമകൃഷ്ണപിള്ളയാണ് ക്ഷേത്ര ഭരണസമിതിക്ക് അനുമതി നൽകിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA