വസ്ത്രം ഓൺലൈനായി അളവെടുത്ത് തയ്പ്പിക്കാം; വരുന്നു ഓപാക്സ് ആപ്

HIGHLIGHTS
  • രാജ്യത്തിനകത്തും പുറത്തുമുള്ള തയ്യൽക്കാരെ തിരഞ്ഞെടുക്കാനാവും.
  • ഫോണിലെ ക്യാമറ ഉപയോഗിച്ചാണ് ആപ് വസ്ത്രത്തിനുള്ള അളവെടുക്കുക
online-measurement-and-tailoring-is-possible-with-oopacks-app
പ്രതീകാത്മക ചിത്രം ∙ Image Credits : MiniStocker
SHARE

ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഓൺലൈനിലൂടെ വാങ്ങുന്നത് വർധിച്ചു വരികയാണ്. ഇനി വസ്ത്രം തയ്ക്കാനും ഓൺലൈനിൽ സാധിക്കുമോ ? സാധിക്കും എന്നാണ് കോഴിക്കോട്ടെ ഗവ. സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ലീഐ ടി ടെക്‌നോ ഹബിന്റെ മറുപടി. ഓപാക്സ് എന്ന ആപ് വഴി വസ്ത്രങ്ങൾ വാങ്ങാൻ മാത്രമല്ല തയ്പ്പിക്കാനും സാധിക്കും. വസ്ത്രങ്ങൾ ഓൺലൈനായി വിൽക്കാനും വാങ്ങാനുമുള്ള നിരവധി പ്ലാറ്റ്‌ഫോമുകൾക്കിടയിൽ ഓപാക്സ് ആപ് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്.

ഓൺലൈൻ സൈറ്റുകളിലെ ചിത്രം കണ്ട് വസ്ത്രങ്ങൾ ഓർഡർ ചെയ്യുന്നതും അളവ് മാറി വസ്ത്രം കിട്ടുന്നതും  ഇപ്പോൾ സാധാരണയായി മാറിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ മടക്കി നൽകൽ മാത്രമാണ് പരിഹാരം. എന്നാൽ ചിലപ്പോൾ അതു സാധ്യമാകില്ല. അതോടെ ധനനഷ്ടം മാത്രം ബാക്കിയാകും. ഇതിനുള്ള  പരിഹാരം കൂടിയാണ് ഓപാക്സ്. വൻകിട ഫാഷൻ ബ്രാൻഡുകൾക്കൊപ്പം സാധാരണക്കാരായ തയ്യൽകാർക്കും വസ്ത്രങ്ങൾ തയ്ച്ച വിൽക്കാനുള്ള അവസരവും ഓപാക്സ് ഒരുക്കുന്നു. ഓപാക്‌സിൽ റജിസ്റ്റർ ചെയ്യുന്നതിനോ, വസ്ത്രങ്ങൾ വിൽക്കുന്നതിനോ തയ്യൽക്കാരിൽ നിന്നു ഫീസോ വാടകയോ ഈടാക്കുന്നില്ല. വസ്ത്രങ്ങൾക്കൊപ്പം മറ്റു അനുബന്ധ സാമഗ്രികളുടെയും വിൽപന സാധ്യമാകും. തങ്ങളുടെ ഇഷ്ടാനുസരണം അളവുകളും മെറ്റീരിയലുകളും തിരഞ്ഞെടുത്ത് വസ്ത്രങ്ങൾ തയ്പ്പിക്കാം. ആപ്പിലുള്ള ടെ‌യ‌്‌ലർ ഓപ്ഷൻ വഴി രാജ്യത്തിനകത്തും പുറത്തുമുള്ള  തയ്യൽക്കാരെ തിരഞ്ഞെടുക്കാനാവും.

ഫോണിലെ ക്യാമറ ഉപയോഗിച്ചാണ് ആപ് വസ്ത്രത്തിനുള്ള അളവെടുക്കുക. നിർമിത ബുദ്ധി സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ അളവുകളിൽ മാറ്റം വരുത്താനും ഉപഭോക്താവിനു കഴിയും. ഓർഡർ നൽകി കഴിഞ്ഞാൽ വസ്ത്രം തയ്ച്ച് ഉപഭോക്താക്കൾക്ക് അയച്ചു കൊടുക്കും. തയ്യൽക്കാരിൽ നിന്നുള്ള ഈ വസ്ത്രങ്ങൾ ഓപാക്‌സ് കുറിയർ വഴിയാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുക. ഇതിനായി ഇന്ത്യയിലുടനീളം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓപാക്സ്, ഓപാക്സ് കുറിയർ ആപ്പുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. പതിനായിരത്തിലധികം വിൽപനക്കാർ റജിസ്റ്റർ ചെയ്ത് കഴിഞ്ഞു. അവരുടെ വസ്ത്ര നിലവാരം പരിശോധിച്ച് അനുമതി നൽകുന്നതാണ് ബാക്കിയുള്ളത്. പല പ്രമുഖ ബ്രാൻഡുകളും ആപിൽ ഇടം പിടിച്ചിട്ടുണ്ട്. വൻകിട ഫാഷൻ ബ്രാൻഡുകളുടെ മുന്നേറ്റത്തിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്ന തയ്യൽക്കാർക്ക് ഓപാക്‌സ് മികച്ച വിപണി സാധ്യതയും വരുമാന മാർഗവും ഒരുക്കുന്നു.

‘‘3–4 ദിവസത്തിനുള്ളിൽ ആപ് പൂർണമായും പ്രവർത്തിച്ച് തുടങ്ങും. അടുത്ത അപ്ഡേറ്റിൽ വെർച്വൽ ടെയ്‌ലറിംഗ്, ക്യാമറ വഴി അളവെടുക്കുന്ന സംവിധാനം തുടങ്ങിയവ ഉൾപ്പെടും. അടുത്ത ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കും പിന്നീട് യുറോപ്പിലേക്കും പ്രവർത്തനം വിപുലപ്പെടുത്താനാണ് പദ്ധതി’’ –ഷഫീഖ് പാറക്കുളത്ത്, സ്ഥാപകൻ, സിഇഒ ലീഐ ടി ടെക്‌നോ ഹബ്, കോഴിക്കോട്

Content Summary : Oopacks,online measuement and tailoring app 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA