ശബ്ദനാടകത്തിലൂടെ ശബ്ദിച്ച് ‘മുഖം’

HIGHLIGHTS
  • വീർപ്പുമുട്ടുന്ന യഥാർഥ നാടക കലാകാരന്മാരുടെ തുറന്നുപറച്ചിലാണിത്
  • 4 ദിവസങ്ങളിലായി പന്ത്രണ്ടോളം കലാകാരന്മാർ നാടകത്തിൽ പങ്കളികളായി
avalude-akasam-voice-drama-an-experiment
(ഇടത്) പോൾസൺ താണിക്കൽ, (വലത്) ശബ്ദനാടകത്തിന്റെ റിഹേഴ്സൽ ക്യാംപ്
SHARE

നാടകം വായിക്കാനുള്ളതാണോ അതോ അഭിനയിക്കാനുള്ളതാണോ..? ആത്യന്തികമായി അഭിനയിക്കാനുള്ളതാണ്. എന്നാൽ ചിലപ്പോൾ അത് വായിച്ച് അഭിനയിക്കാനുള്ളതാകാറുണ്ട്. ‘മുഖം’ ഇപ്പോൾ അത്തരമൊരു നാടകത്തിന്റെ പണിപ്പുരയിലാണ്. 34 വർഷമായി നാടകം തന്നെ ജീവിതമാക്കി മാറ്റിയ ചേറ്റുപുഴ മുഖം ഗ്രാമീണ നാടകവേദി ശബ്ദനാടകത്തിന്റെ അരങ്ങിൽ. കോവിഡ് തകർത്തെറിഞ്ഞ കാലത്തിനുള്ള മറുപടിയാണ് ഈ നാടകപരീക്ഷണം.അഭിനയിക്കാൻ അരങ്ങു കിട്ടാതെ വീർപ്പുമുട്ടുന്ന യഥാർഥ നാടക കലാകാരന്മാരുടെ തുറന്നുപറച്ചിലാണിത്. ഒരു നാടകം അരങ്ങിലെത്തിക്കുന്നതിന്റെ അതേ തീവ്രതയോടെ കലാകാരന്മാരെല്ലാം ഒരു മേശയ്ക്കുചുറ്റും ഒത്തുകൂടുന്നു. അരങ്ങ് ഇനിയും കാണാമറയത്തായതിനാൽ നാടകാവതരണം നാടകവായനയിൽ മാത്രം ഒതുങ്ങുന്നു. സ്റ്റേജിൽ അവതരിപ്പിക്കുന്ന അതേ വികാരത്തോടെ കഥാപാത്രങ്ങൾ സംസാരിച്ചുതുടങ്ങുന്നു. ശരീരം ചലിക്കുന്നില്ലെന്നുമാത്രം. ഓരോ ഡയലോഗ് പറയുമ്പോഴും മനസ്സ് സ്റ്റേജിലെന്നപോലെ പെരുമാറുന്നു. 

അവളുടെ ആകാശം എന്ന ശബ്ദനാടകത്തിന്റെ റിഹേഴ്സൽ നടന്നത് 16 മണിക്കൂറാണ്. 4 ദിവസങ്ങളിലായി പന്ത്രണ്ടോളം കലാകാരന്മാർ നാടകത്തിൽ പങ്കളികളായി. സ്റ്റുഡിയോയിൽ ഇനി നാടകം റെക്കോർഡ് ചെയ്യും. തുടർന്ന് കലാപ്രവർത്തകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് നാടകമെത്തും. കോവിഡിനുശേഷം എന്ന് സ്റ്റേജുകൾ ഒരുങ്ങുന്നോ അന്ന് ഈ നാടകം കാഴ്ചയുടെ അരങ്ങിന്റെ പരിപൂർണതയിലേക്കെത്തും. കേരള സാഹിത്യ അക്കാദമി പബ്ലിക്കേഷൻ ഓഫിസറായ ഈ.ഡി. ഡേവീസിന്റെ ഏറ്റവും പുതിയ സ്വതന്ത്രനാടകാവിഷ്കാരമാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ‘അവളുടെ ആകാശം’. പോൾസൺ താണിക്കൽ സംവിധാനം നിർവഹിക്കുന്ന നാടകത്തിന്റെ ഭാഗമാകാൻ എത്തിയവരിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ മനാസ മുതൽ അധ്യാപകവൃത്തിക്കുശേഷം നാടകത്തിൽ പിഎച്ച്ഡിക്ക് തയാറെടുക്കുന്ന ശശിധരൻ കളത്തിങ്കൽ വരെയുള്ളവരുണ്ട്. ശ്രീജിത് പുറനാട്ടുകര, സുജാത ജനനേത്രി, ഫ്രാൻസീസ് അസീസി, കർപ്പകം, സുധ സുധീർ, ജലീൽ ടി. കുന്നത്ത്, ദേവാനന്ദ് എന്നിവരെല്ലാം മുഖത്തിന്റെ ഈ പുതിയ സംരംഭത്തിൽ അഭിനേതാക്കളായി. നാടക റിഹേഴ്സൽ പരിഷത് ഭവനിലയിരുന്നു. ക്യാംപസുകളിൽ വളർന്നുവരുന്ന വർഗീയ ഫാഷിസത്തിനെതിരെയുള്ള പോരാട്ടമാണ് അവളുടെ ആകാശം. 

മുഖം, 34 ൽ 

34 വർഷം, കലയുടെ മണ്ണിൽ മുഖം ഇത്രകാലം എങ്ങനെ വേരാഴ്ത്തിനിന്നുവെന്നതിന്റെ കാരണംതേടി എവിടെയും പോകേണ്ട. തൃശൂരിന്റെ മണ്ണിൽ ജനകീയ നാടകപ്രസ്ഥാനത്തിന്റെ ‘റൂട്ട്’ കണ്ടെത്തിയ ജോസ് ചിറമ്മൽ ആണ് 1987 ൽ മുഖം ഉദ്ഘാടനം ചെയ്തത് എന്നതുതന്നെ അതിനുത്തരം.തൃശൂർ റൂട്ട് എന്ന നാടകസംഘവും അവരുടെ ഭോമ എന്ന നാടകവും കേരളം മുഴുവൻ ചർച്ചയായതിന്റെ ആവേശത്തിൽനിന്നുകൂടിയാണ് ചേറ്റുപുഴയെന്ന ഗ്രാമത്തിൽ മുഖത്തിന്റെ തിരശ്ശീലയുയരുന്നത്. പിന്നീടിന്നുവരെ കർട്ടൻ താഴ്ന്നിട്ടില്ല. ബാദൽ സർക്കാരിന്റെയും പി.എം.താജിന്റെയും അടക്കം എത്രയോ നാടകങ്ങൾ, എത്രയോ അരങ്ങുകളിൽ നിറഞ്ഞു. മുഖത്തിന് സ്ഥിരം പ്രവർത്തകരില്ല. നാടകം ഇഷ്ടപ്പെടുന്ന ആർക്കും കൂടെക്കൂടാം. വേർപിരിയാം. ഒരാൾ പോയാൽ മറ്റൊരാളെത്തും, ഒരു പുഴപോലെയൊഴുകും. മുഖം ഒരു വേദിയാണ്, അതിൽ മുഖം കാണിക്കാൻ ആർക്കും അവസരമുണ്ട്. സിനിമാ സംവിധായകരായ കെ. ഗിരീഷ്കുമാർ, സുനിൽ കാര്യാട്ടുകര, അനിൽ പരയ്ക്കാട്, സിനിമോട്ടോഗ്രഫർ ജെയിൻ ജോസഫ്, സിനിമാ താരം പ്രേംകുമാർ ശങ്കരൻ, സീരിയൽ സംവിധായകൻ പ്രേംപ്രകാശ് ലൂയീസ് എന്നിവർ ആദ്യകാല പ്രവർത്തകരിൽ ചിലർ മാത്രം. 

പോൾസൺ എന്ന മുഖം 

മുഖത്തിന് പോൾസന്റെ മുഖമാണ്. പോൾസന് മുഖത്തിന്റെ മുഖവും. 34 വർഷം മുൻപ് മുഖം രൂപീകരിച്ചയാൾ. ഇത്രയും വർഷത്തിനിടയ്ക്ക് എത്രയോ പ്രവർത്തകർ വന്നും പോയുമിരുന്നു. എന്നാൽ മാറാതെ അമരക്കാരനായി പോൾസൺ താണിക്കൽ. ആദ്യകാലത്ത് പൂർണമായും നാടകത്തിലായിരുന്നു മുഖത്തിന്റെ ശ്രദ്ധയെങ്കിൽ പിന്നീട് നാടൻപാട്ട്, വട്ടമുടി, കരിങ്കാളിയാട്ടം, കുമ്മാട്ടി എന്നീ നാടൻകലകളുടെ അവതരണത്തിലേക്കും വഴിമാറി. നാടൻകലകളുടെ ഗവേഷകനായിരുന്ന ഡോ. ചുമ്മാർ ചൂണ്ടലിൽനിന്ന് ആവേശമുൾക്കൊണ്ട് അദ്ദേഹത്തിന്റെ മരണത്തിനുശേഷമായിരുന്നു നാടൻകലകളിലേക്കുള്ള മുഖത്തിന്റെ വഴിമാറ്റം. റൂട്ടിലുള്ള പ്രവർത്തനത്തിലൂടെയാണ് താണിക്കലിലെ നാടകക്കാരൻ ഗൗരവസ്വഭാവത്തിലെത്തുന്നത്. ഭോമയിലും മുദ്രാരാക്ഷസത്തിലും അടക്കം വേഷങ്ങൾ ചെയ്തു. സ്കൂൾ കാലഘട്ടത്തിൽ കാഥികനായി കലാരംഗത്തെത്തിയ പോൾസൺ പിന്നീട് എണ്ണമറ്റ പ്രഫഷനൽ, അമച്വർ, തെരുവുനാടകങ്ങളിൽ വിവിധ ഭാവങ്ങളിലെത്തി. ദേശീയ നാടകോത്സവത്തിലും തഞ്ചാവൂർ കൾച്ചറൽ സെന്റർ ദേശീയ നാടൻ കലാമേളയിലും അഭിനയത്തിന് പുരസ്കാരം നേടി. ആ സമയത്ത് മധ്യപ്രദേശ് നാടകപ്രവർത്തകരുടെ ക്ഷണം സ്വീകരിച്ച് ഉസ്ദാർ ദേശ എന്ന നാടകം സംവിധാനം ചെയ്തു. കേരള ഫോക്​ലോർ അക്കാദമി അവാർഡ്, തിലകൻ സ്മാരക പുരസ്കാരം, ആലപ്പുഴ കാവാലം ഇപ്റ്റ അവാർഡ്, തൃശൂർ നാട്ടുപച്ച പുരസ്കാരം എന്നിവ നേടി. കലാഭവൻ മണിയോടൊപ്പം ചാക്കോ രണ്ടാമൻ, ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം എന്നീ സിനിമകളിലും അഭിനയിച്ചു. തൊണ്ണൂറുകളിൽ കലാശാലാ നാടകരംഗത്ത് സജീവമായി. കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് ഒരേവർഷം മലയാളം, ഇംഗ്ലിഷ്, ഹിന്ദി നാടകങ്ങളിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ സംവിധാനം പോൾസണായിരുന്നു. സർവകലാശാലാ ചരിത്രത്തിലെ ഇപ്പോഴും തകരാത്ത റെക്കോർഡാണിത്. ചവിട്ടുനാടക കലാകാരനായിരുന്ന പിതാവ് താണിക്കൽ പത്രോസ് ദേവസ്യയാണ് കലാരംഗത്തേക്കുള്ള പ്രചോദനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS