ADVERTISEMENT

അരങ്ങിൽ ആടിത്തിമിർക്കാൻ വേഷക്കാരന് അഴിയാത്ത ഉടുത്തുകെട്ടു വേണം. ഏതു കഥകളി നടന്റെയും ഉലയാത്ത വിശ്വാസമാണ് കലാമണ്ഡലം അപ്പുണ്ണിത്തരകന്റെ ഉടുത്തുകെട്ട്. ആ വിശ്വാസത്തിന് എട്ടു പതിറ്റാണ്ടുകൾക്കിപ്പുറവും ഇളവില്ല. സ്കൂൾ‌ കലോത്സവത്തിലെ ഇളംമുറക്കാർ മുതൽ കളിയരങ്ങിൽ ചിരപ്രതിഷ്ഠ നേടിയ ആചാര്യന്മാർക്കെല്ലാം അപ്പുണ്ണിത്തരകനുള്ള അണിയറ ആശ്വാസമായിരുന്നു.

അരങ്ങിൽ കളിവിളക്കു തെളിക്കാനും തിരശ്ശീല പിടിക്കാനുമെത്തുന്ന അപ്പുണ്ണിത്തരകന്റെ രൂപം കഥകളി ആസ്വാദകർക്കും ഏറെ പ്രിയങ്കരമാണ്. 

1928 ഓഗസ്റ്റ് 3നു പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തു മാങ്ങോടാണ് നമ്പ്യാരത്ത് അപ്പുണ്ണിത്തരകൻ ജനിച്ചത്. കുഞ്ഞൻ തരകന്റെയും കുട്ടി പെണ്ണമ്മയുടെയും മകനായി. കഥകളിക്കും കലാകാരന്മാർക്കും ആശ്രയമായിരുന്ന ഒളപ്പമണ്ണ മനയിലെ കളിയോഗത്തിൽ അണിയറക്കാരനായാണു തുടക്കം. അതും പതിനാലാം വയസ്സിൽ. സഹോദരി കുഞ്ഞിമാളു അമ്മയുടെ ഭർത്താവ് കൊല്ലങ്കോട് ശങ്കരൻ എന്നറിയപ്പെട്ടിരുന്ന പാമ്പത്ത് ശങ്കരനായിരുന്നു ഗുരു.

ഒരു കലാപ്രപഞ്ചം ഒന്നാകെ കഥകളിപ്പെട്ടിയിൽ ചുമന്നു നടന്നിരുന്ന കാലം മുതൽ ഇന്നുവരെ അപ്പുണ്ണിത്തരകന്റെ ആടയാഭരണങ്ങൾക്കു മങ്ങലില്ല. അണിയറയിലും അരങ്ങിലും സജീവമായി കളി കഴിയും വരെ ഉടുത്തുകെട്ടു ഭംഗി ചോർന്നു പോകാതെ നിലനിർത്തണം. കഥകളിയിലെ ആദരണീയ ആചാര്യൻമാരായ ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, കോപ്പൻ നായർ, കലാമണ്ഡലം കൃഷ്ണൻ നായർ, ഗുരു ചാത്തുണ്ണി പണിക്കർ, കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ, കോട്ടയ്ക്കൽ ശിവരാമൻ, കലാമണ്ഡലം പത്മനാഭൻ നായർ, കലാമണ്ഡലം ഗോപി തുടങ്ങിയ പ്രഗത്ഭർ അപ്പുണ്ണിത്തരകനിൽ നിന്നു കിരീടം വാങ്ങിയണിഞ്ഞ് അരങ്ങു കയറി, പലവട്ടം. വേഷം ഒരുക്കുന്നതു മാത്രമല്ല, വേഷമഴിക്കുമ്പോഴും കഥകളിക്കോപ്പുകൾ എല്ലാം ചിട്ടയോടെ സൂക്ഷിച്ചു വയ്ക്കുമ്പോഴും അതീവ ശ്രദ്ധ അനിവാര്യം. മാങ്ങോട് മഞ്ജുതര കഥകളിസംഘത്തിൽ സൂക്ഷിച്ചിരിക്കുന്ന കോപ്പുകൾക്കുമുണ്ട് അപ്പുണ്ണിത്തരകന്റെ അച്ചടക്കത്തിന്റെ ഭംഗി.

അൻപതാം വയസ്സിൽ കേരള കലാമണ്ഡലത്തിൽ സ്ഥിരം അണിയറ വേഷക്കാരനായിരുന്നു അപ്പുണ്ണിത്തരകൻ. കോട്ടയ്ക്കൽ പിഎസ്‍വി നാട്യസംഘം, ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയം, പേരൂർ സദനം കഥകളി അക്കാദമി എന്നിവിടങ്ങളിലും പ്രധാന അണിയറക്കാരനായിരുന്നു. 10 വർഷം കേരള കലാമണ്ഡലത്തിൽ സ്ഥിരം ഗ്രീൻ റൂം ആർട്ടിസ്റ്റായി ജോലി ചെയ്തു. 1984ൽ വിരമിച്ചു. പരേതയായ പാറുക്കുട്ടിയമ്മയാണു ഭാര്യ. മൂന്ന് മക്കൾ. ഉണ്ണിക്കൃഷ്ണൻ, ശിവരാമൻ, മോഹനൻ. 

appunni-tharakan-2
ഗോപിയാശാനൊപ്പം അപ്പുണ്ണി തരകൻ

കേരള കലാമണ്ഡലത്തിൽ നിന്നുള്ള മുകുന്ദ രാജ അവാർഡ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ്, കേരള സംഗീത നാടക അക്കാദമി - ടാഗോർ ജയന്തി സ്പെഷ്യൽ അവാർഡ്, വെള്ളിനേഴി ഒളപ്പമണ്ണ മന പ്രത്യേക അവാർഡ്, 80ാo വയസ്സിൽ ജന്മനാടിന്റെ വീരശൃംഖല, കോഴിക്കോട് തോടയത്തിന്റെ അവാർഡ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളാൽ ബഹുമാനിതനായിട്ടുണ്ട് ഈ അണിയറ കലാകാരൻ. 

ഇപ്പോഴിതാ 93ാം വയസ്സിൽ മികച്ച അണിയറ കലാകാരനുള്ള കലാമണ്ഡലത്തിന്റെ പുരസ്കാരവും ആ കൈകളിലെത്തിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com