ADVERTISEMENT

അരങ്ങിൽ ഊർജസ്വലതയുടെ സമാനതകളില്ലാത്ത പകർന്നാട്ടം നടത്തുന്ന കഥകളി ആചാര്യൻ അശീതിയുടെ നിറവിൽ. പച്ച, കത്തി, കരി, താടി, മിനുക്ക്..... വേഷങ്ങൾ ഏതായാലും അരങ്ങിൽ അത്ഭുതം രചിക്കുന്ന സദനം കൃഷ്ണൻകുട്ടിയാശാന്റെ എൺപതാം പിറന്നാൾ ആഘോഷങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കം. 1941 തുലാമാസത്തിലെ പുണർതം നാളിലാണു പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ സാധാരണ നായർ കുടുംബത്തിൽ കൃഷ്ണൻകുട്ടി ജനിച്ചത്. പിതാവ് പുലാശ്ശേരി രാമൻ നായർ ചെറിയൊരു ഹോട്ടലും കൃഷിയുമായി കുടുംബം പുലർത്തിയിരുന്ന കുട്ടിക്കാലം. അമ്മ കിഴക്കേപ്പാട്ട് ജാനകിയമ്മ മികച്ച കുടുംബിനിയും. സമൃദ്ധമല്ലെങ്കിലും അല്ലലും അലട്ടലുമില്ലാത്ത ജീവിതം. ഏതൊരു ജീവിതത്തിലെയും പോലെ പ്രതിസന്ധികൾ അവിടെയും ഇല്ലാതിരുന്നില്ല.

വിദ്യാഭ്യാസം വഴിമുട്ടിയേക്കുമെന്ന ഘട്ടത്തിലാണു കഥകളി പഠിച്ചാലോ എന്ന ആലോചന. ചെർപ്പുളശ്ശേരി അയ്യപ്പൻകാവിലെയും കാറൽമണ്ണ തിരുമുല്ലപ്പിള്ളി ക്ഷേത്രത്തിലെയും കളിയരങ്ങുകൾ മനസ്സിൽ കഥകളിമോഹത്തിന്റെ കളിവിളക്ക് കത്തിച്ചു വച്ചിരുന്നു. 

കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിലേക്കാണ് ആ മോഹവുമായി ആദ്യം ചെന്നത്. എന്നാൽ, കലാമണ്ഡലത്തിലേക്കു വഴി കാണിക്കുകയായിരുന്നു അവിടെ നിന്ന്. പ്രതീക്ഷയോടെ കലാമണ്ഡലത്തിലെത്തിയെങ്കിലും ആ വർഷത്തെ പ്രവേശനം കഴിഞ്ഞിരുന്നു. അങ്ങനെയാണു പാലക്കാട് ജില്ലയിലെത്തന്നെ പത്തിരിപ്പാലയിൽ സദനം അക്കാദമിയിൽ കഥകളി പഠനമുണ്ടെന്നറിഞ്ഞത്. 

1956ൽ പേരൂർ സദനത്തിൽ കഥകളി വിദ്യാർഥിയായി ചേർന്നു. 1957ൽ അഷ്ടമിരോഹിണി നാളിൽ ശ്രീകൃഷ്ണനായി അരങ്ങേറ്റം. കൃഷ്ണൻകുട്ടിയെന്ന സദനം കൃഷ്ണൻകുട്ടിയുടെ ആറര പതിറ്റാണ്ടു നീളുന്ന അരങ്ങു ജീവിതത്തിന് അവിടെ തുടക്കമായി. കല്ലുവഴിച്ചിട്ടയുടെ കറകളഞ്ഞ കളരിയായിരുന്നു സദനം. ഗാന്ധിയനായ സദനം സ്ഥാപകൻ കെ. കുമാരന്റെ ആദർശങ്ങളും സംശുദ്ധ ജീവിതവും കഥകളിക്കു പുറത്തുള്ള പാഠങ്ങളായി. കല്ലുവഴിച്ചിട്ടയുടെ പരമാചാര്യൻ പട്ടിക്കാംതൊടി രാവുണ്ണി മേനോനെന്ന ഗുരുവര്യന്റെ പ്രധാന ശിഷ്യരായ തേക്കിൻകാട്ടിൽ രാമുണ്ണി നായരും കീഴ്പ്പടം കുമാരൻ നായരും സദനത്തിൽ കൃഷ്ണൻകുട്ടിക്കു ഗുരുക്കന്മാരായി. കല്ലുവഴി സമ്പ്രദായം അടിമുടി ഹൃദിസ്ഥമാക്കിയ സദനം കൃഷ്ണൻകുട്ടി തെക്കൻ സമ്പ്രദായങ്ങൾ കൂടി സ്വായത്തമാക്കി സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. ഇതുകൊണ്ടാവണം തെക്കൻ നാടുകളിലെ അരങ്ങുകളിൽ അദ്ദേഹത്തിന്റെ വേഷങ്ങൾക്ക് ഏറെ സ്വീകാര്യത ലഭിച്ചു. മാണി മാധവച്ചാക്യാരിൽ നിന്നു പഠിച്ച കണ്ണുസാധകവും ആ വേഷങ്ങൾക്കു മിഴിവേകി. 

sadanam-krishnankutty-1

കത്തി, താടി വേഷങ്ങൾ രംഗത്തവതരിപ്പിക്കുമ്പോൾ കൃഷ്ണൻകുട്ടിയാശാന്റെ ഊർജം അപാരമാണ്. മുഴുനീള കത്തിവേഷങ്ങളിൽ തുടക്കം മുതൽ ഒടുക്കം വരെ ആ ഊർജം നിലനിർത്താൻ അദ്ദേഹത്തിനു കഴിയുന്നു, എൺപതാം വയസ്സിലും. ആശാൻ രാവണനും കീചകനും നരകാസുരനും ഹനുമാനും അരങ്ങിൽ അനായാസമായി ആടും. 

വ്യക്തിതാൽപര്യങ്ങളും ആരാധകക്കൂട്ടങ്ങളും കളിയരങ്ങുകളിൽ വേഷക്കാരെ നിശ്ചയിക്കുന്ന കാലത്തു കഠിനാധ്വാനത്തിലൂടെ സ്വന്തം സ്ഥാനം കഥകളിലോകത്തു നേടിയെടുത്തയാളാണു കൃഷ്ണൻകുട്ടി ആശാൻ. പച്ച, കത്തി, കരി, താടി, മിനുക്ക് വേഷങ്ങൾ ഭേദമില്ലാതെ ഇത്ര മികവോടെ അവതരിപ്പിക്കാനാവുക അപൂർവസിദ്ധിയാണ്. ആ സിദ്ധിയാണു കൃഷ്ണൻകുട്ടിയാശാന്റെ അരങ്ങിലെ അനിഷേധ്യ സ്ഥാനത്തിനു കാരണം. 

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെയും ഉണ്ണായി വാരിയർ കലാനിലയത്തിന്റെയും അയൽക്കാരനായി കുടുംബസമേതം കഴിയുകയാണിപ്പോൾ സദനം കൃഷ്ണൻകുട്ടി ആശാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com