ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്രമോദി നെയ്ത്തുകാർക്ക് നൽകുന്ന പിന്തുണയെ പുകഴ്ത്തി പത്മശ്രീ അവാർഡ് ജേതാവതും ജംദാനി നെയ്ത്തുകാരനുമായി ബിരെൻ കുമാർ ബസാക്. ജംദാനി നെയ്ത്ത് സമൂഹത്തിന് ‘അച്ഛാ ദിൻ’ ആണെന്ന് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തില്‍ ബസാക് പ്രതികരിച്ചു. പത്മ അവാർഡ് ജേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിൽ ബിരെൻ മോദിക്ക് ഒരു സാരി സമ്മാനിച്ചിരുന്നു. മോദി ജനങ്ങളെ അഭിസംബോദന ചെയ്തു സംസാരിക്കുന്ന ചിത്രം പെയിന്റ് ചെയ്ത സാരിയാണിത്. ഈ സമ്മാനം വിലമതിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തതോടെ ബസാക് വാർത്തകളിൽ നിറയുകയായിരുന്നു.

‘‘മോദിജി ഞങ്ങളെ പിന്തുണയ്ക്കുന്നു. ഇതിനേക്കാൾ മികച്ചതായി ഒന്നുമില്ല. ജംദാനി നെയ്ത്ത് സമൂഹത്തിന് ‘അച്ഛാ ദിൻ’ ആണെന്നാണ് ഇതിന്റെ അർഥം’’– ബസാക് പറഞ്ഞു.  

നാലുമാസം എടുത്താണ് പ്രധാനമന്ത്രിക്ക് എന്താണു സമ്മാനിക്കേണ്ടതെന്ന് ‌തീരുമാനിച്ചത്. ബസാക്കിന്റേതയായിരുന്നു ആശയം. എന്നാൽ മറ്റൊരു വ്യക്തിയാണ് സാരി നെയ്തത്. മോദിക്ക് ഒരു സമ്മാനം നൽകണമെന്ന ആഗ്രഹം 2011–12 കാലഘട്ടത്തിലേ ഉണ്ടായിരുന്നുവെന്നും ബസാക് വ്യക്തമാക്കി.

ജംദാനി നെയ്ത്തിലെ ഇതിഹാസം എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ബിരെൻ കുമാർ ബസാക്. വിഭജനത്തിനുശേഷം ബംഗ്ലാദേശിൽനിന്ന് പശ്ചിമ ബംഗാളിലേക്ക് കുടിയേറിയ ബസാക്, കൊൽക്കത്തയിലെ വീടുകള്‍ തോറും കയറി സാരി വിറ്റാണ് തുടങ്ങുന്നത്. പിന്നീട് നെയ്ത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നിലവിൽ 25 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ നെയ്ത്ത് ശാലയുടെ വിറ്റുവരവ്. 5000 ലധികം ആളുകൾക്ക് ജോലി നൽ‌കുന്നുമുണ്ട്.

ഇന്ത്യൻ സ്വാതന്ത്രസമരം, രാമായണം എന്നിവ സാരിയിൽ നെയ്തും ബസാക് ശ്രദ്ധ നേടിയിരുന്നു. നീളമേറിയ സാരികള്‍ നെയ്ത് വിവിധ റെക്കേർഡ് ബുക്കുകളിലും ഇടം നേടിയിട്ടുണ്ട്. 

English Summary : ‘Ache din for entire Jamdani community’; Weaver Biren Kumar praises Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com