ADVERTISEMENT

2019 ൽ കേരളത്തിൽ മാത്രം 1,452 സംഭവങ്ങളിലായി മുങ്ങിമരിച്ചത് 1,490 പേർ. 2020 ൽ അത് 1,250 പേർ. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ അപകട മരണ കണക്കുകളിൽ നിന്നുള്ളതാണ് റിപ്പോർട്ട്. ശരാശരി പ്രതിദിന മരണം മൂന്നു മുതൽ നാലു പേർ വരെ. ഈ വർഷവും മരണ നിരക്കിൽ കാര്യമായ കുറവുണ്ടായതായി രേഖകളില്ല. ഒരു ചെറിയ മുൻകരുതൽ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ 100 ശതമാനവും ഒഴിവാക്കാമായിരുന്ന മരണങ്ങൾ എന്നാണ് ഇതിനെ മുൻ എസ്പിയും എഴുത്തുകാരനുമായ എൻ. രാമചന്ദ്രൻ ഐപിഎസ് വിശദീകരിക്കുന്നത്. ദിവസേന മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന കണക്കുകൾ ശരിക്കും ഭീതിപ്പെടുത്തുന്നതാണ്. അപകടം ഒരിക്കലും തനിക്കു സംഭവിക്കില്ലെന്ന ചിന്തയാണ് ദുരന്തങ്ങളിലേയ്ക്ക് ആളുകളെ നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

n-ramachandran-ips-retired-kerala-police-district-chief-kottayam
എൻ.രാമചന്ദ്രൻ ഐപിഎസ് കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരിക്കുമ്പോൾ. ഫയൽ ചിത്രം – ആർ.എസ്.ഗോപൻ ∙ മനോരമ

 

ഒരു പിടിവള്ളി!

 

drowing-rescue-why-you-should-keep-a-coil-of-rope-in-your-car-first-aid-rope
Photo Credit : Kryuchka Yaroslav / Shutterstock.com

‘ഭാര്യ നോക്കി നിൽക്കെ ഭർത്താവ് പുഴയിൽ മുങ്ങി മരിച്ചു’, ‘എക്സൈസ് നോക്കി നിൽക്കെ പുഴയിൽ ചാടിയ യുവാവ് മുങ്ങി മരിച്ചു’ ഇതെല്ലാം മാധ്യമങ്ങളിലെ പതിവു തലക്കെട്ടുകൾ. കഴിഞ്ഞയാഴ്ചയിലും സമാനമായ ദുരന്തത്തിനു കേരളം സാക്ഷ്യം വഹിച്ചതാണ്. ഇവിടെയെല്ലാം ഒരി പിടിവള്ളിയുടെ പങ്ക് വ്യക്തമാണ്. കണ്ടു നിൽക്കുന്നയാൾക്ക് ഒരു കയർ എറിഞ്ഞു കൊടുത്താൽ രക്ഷിക്കാമായിരുന്ന ജീവിതങ്ങൾ. അതിനു സാധിക്കാതെ വരുന്നതോടെ നഷ്ടമാകുന്നത് ഒരു ജീവൻ മാത്രമാവില്ല, ഒരു കുടുംബത്തിന്റെയൊ നാടിന്റെ തന്നെയോ പ്രതീക്ഷയാകാം.

 

ജീവിതത്തിലായാലും വെള്ളത്തിലായും മുങ്ങിത്താഴുമ്പോൾ ഒരു പിടിവള്ളി ലഭിക്കുക എന്നത് തിരിച്ചു വരവിൽ പ്രധാനമാണ്. സുരക്ഷിതമായി നിൽക്കുന്ന ഒരാളിൽ നിന്നാണ് ഇതു ലഭിക്കുന്നതെങ്കിൽ അവസാന ശ്രമമെന്ന നിലയിലുള്ള പരിശ്രമം ആരേയും ജീവിതത്തിലേയ്ക്കു തിരികെ എത്തിക്കും. കിണറ്റിലെ വെള്ളത്തിൽ മുങ്ങിത്താഴാൻ പോകുന്ന ഒരാള്‍ക്കു ലഭിക്കുന്ന പിടിവള്ളിയിൽ കുറെ സമയമെങ്കിലും പിടിച്ചു നിൽക്കാനായാൽ ഒരുപക്ഷെ സഹായം എത്തും വരെ അതിൽ സുരക്ഷിതരായി നിൽക്കാം. ദുരന്ത മുഖത്തും പുഴയിലോ ട്രക്കിങ്ങിനിടയിലോ ഒക്കെ ഉണ്ടാകുന്ന അപകട സമയത്തെല്ലാം ഇത്തരത്തിൽ ഒരു പിടിവള്ളി ലഭിക്കുന്നത് അയാളെ ജീവിത്തിലേയ്ക്കു തിരികെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

 

കരുതാം ഒരു കഷണം കയർ!

 

ഒരു കഷണം കയറിന്(റോപ്പ്) എന്തു ചെയ്യാൻ സാധിക്കും എന്നു ചിന്തിക്കുന്നവരുണ്ടാകും. പക്ഷെ സാധിക്കും എന്നു തറപ്പിച്ചു പറയുകയാണ് രാമചന്ദ്രൻ. സർവീസ് കാലത്തെ അനുഭവങ്ങളും ദിവസേന സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വാർത്തകളുമാണ് ഈ ആശയം ജനത്തിൽ എത്തണമെന്ന ചിന്തയ്ക്കു പ്രധാന കാരണം. പല അപകടങ്ങളും ആവർത്തിക്കുന്നവയാണ്. ആവർത്തിക്കുന്ന തെറ്റുകൾ ഒഴിവാക്കാവുന്നതാണ് എന്നതിൽ തർക്കമില്ല. അപകടകരമായ സാഹചര്യങ്ങളെ നമുക്ക് എപ്പോൾ കൈകാര്യം ചെയ്യേണ്ടി വരും എന്നു മുൻകൂട്ടി പ്രവചിക്കുക ഒരിക്കലും സാധ്യമല്ല. അതുകൊണ്ടു തന്നെ ഇത്തരം സാധ്യതകൾ നിലനിൽക്കുന്നിടത്തെല്ലാം കരുതണം ഒരു കയർ. 

drowing-rescue-why-you-should-keep-a-coil-of-rope-in-your-car-first-iad
Photo Credit : Strannik Fox / Shutterstock.com

 

അപകടമുണ്ടാകാൻ സാധ്യതയുള്ള ഓഫിസുകളായാലും വീടുകളായാലും സർക്കാർ കേന്ദ്രങ്ങളിലും എല്ലാം ഒരു കയർ കൂടി കരുതേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഫയർ ഫോഴ്സ്, പൊലീസ് സ്റ്റേഷനുകളെ ഒഴിവാക്കിയാൽ മറ്റ് എത്ര ഓഫിസുകളിൽ ഇത്തരമൊരു ജീവൻ രക്ഷാ സംവിധാനമുണ്ടാകും എന്ന ചോദ്യത്തിന് നല്ല ഉത്തരം ലഭിക്കണമെന്നില്ല. കടലിൽ നീന്താൻ ഇറങ്ങുന്നവർ അപകടത്തിൽ പെട്ടാൽ രക്ഷിക്കാൻ സമീപത്ത് ഒരു കയറുണ്ടെങ്കിൽ അത് വളരെ പ്രധാനപ്പെട്ടതാകും എന്നതിൽ തർക്കമില്ല. വീടുകളിൽ കയ്യെത്തും ദൂരത്ത് കരുതണം ഒരു പിടിവള്ളി. തെന്നുന്ന പാറകളിൽ കൂടി നടക്കേണ്ടി വരുമ്പോൾ, സാഹസികമായ തൊഴിൽ ചെയ്യുമ്പോൾ എല്ലാം ഉണ്ടാകാവുന്ന അപകടങ്ങളിൽ ഒരു പിടിവള്ളിയുടെ പ്രാധാനം ഒഴിവാക്കാനാവാത്തതാണ്.

 

വിനോദ യാത്രകളിലും ഒരു കയർ കരുതാം

 

കുടുംബമായോ അല്ലാതെയൊ ഉള്ള യാത്രകളിലെല്ലാം ഒരു കഷണം കയർ കയ്യിൽ കരുതണമെന്നാണ് മുൻ എസ്പി രാമചന്ദ്രന്റെ നിർദേശം. പ്രഥമ ശുശ്രൂഷയ്ക്കു നമ്മൾ കാറിലോ ബാഗിലോ ഒക്കെ സൂക്ഷിക്കാറുള്ള ചെറുപെട്ടികൾക്കൊപ്പം കയറിന്റെ പ്രാധാന്യം വലുതാണെന്നു തിരിച്ചറിയണം. ട്രക്കിങ്ങിനും വനയാത്രകൾക്കുമെല്ലാം പ്രിയമുള്ളവരാണ് മലയാളികൾ. അതുകൊണ്ടു തന്നെ ഓരോ യാത്രകളിലും എപ്പോൾ ആവശ്യം വന്നാലും ഉപയോഗിക്കാന്‍ സാധിക്കും വിധം കയ്യിൽ കരുതണം. ഇതൊരു ശീലമാക്കാൻ മുദ്രാവാക്യം പോലെ പ്രചാരണം നൽകണം.

 

പുഴയിലും കായലിലുമെല്ലാം മുങ്ങാനുള്ള പ്രലോഭനത്തിന് യുവത്വം പെട്ടെന്നു വഴിപ്പെടും. അതുകൊണ്ടു തന്നെ അപകടങ്ങളും സാധാരണ സംഭവങ്ങളാകുന്നു. ഇതിനു മിക്കപ്പോഴും മാതാപിതാക്കൾ കാണുന്ന വഴി യാത്രകൾക്ക് ഏർപ്പെടുത്തുന്ന വിലക്കുകളാണ്. എല്ലാക്കാലത്തും വരെ സൗഹൃദങ്ങളിൽ നിന്നും യാത്രകളിൽ നിന്നും നിയന്ത്രിക്കുക മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ എളുപ്പമാകണമെന്നില്ല. പക്ഷെ അപകടമുണ്ടാകാനുള്ള സാധ്യതകളെ എങ്ങനെ ശാസ്ത്രീയമായും ബുദ്ധിപരമായും കൈകാര്യം ചെയ്യണം എന്ന് പഠിപ്പിക്കുന്നതിലാണ് കാര്യം. ട്രക്കിങ്ങിനും സാഹസ യാത്രകൾക്കും മുതിരുന്ന കുട്ടികളെ ചെറുപ്പം മുതൽ ഒരു കയറിന്റെ പ്രാധാന്യം പഠിപ്പിക്കുകയാണെങ്കിൽ അവർക്കും കൂടെയുള്ള സുഹൃത്തുക്കൾക്കും പല ദുരന്തങ്ങളിൽ നിന്നും ഒഴിവാകാൻ സാധിക്കും.

 

സാധാരണ കയർ മുതൽ ഫ്ലൂറസെന്റ് റോപ്പുകൾ വരെ

 

ഒരു കഷണം റോപ് കൈവശം വയ്ക്കണം എന്നു പറയുമ്പോൾ വലിയ വടം കരുതണം എന്നല്ല അർഥം. 10 മീറ്റർ മുതൽ 18മീറ്റർ വരെ നീളം വരുന്ന കയർ മതിയാകും. സാധാരണ കയറുകൾ മുതൽ യാത്രകളിൽ അനായാസേന കൂടെ കൊണ്ടു നടക്കാവുന്ന ഭാരം കുറഞ്ഞ വിദേശ നിർമിത കയറുകൾ വരെ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ദൂരേയ്ക്ക് എറിഞ്ഞു കൊടുക്കുന്നതിനു പകരം തോക്കുപോലെ ദൂരേയ്ക്ക് തെറിപ്പിക്കാവുന്ന സംവിധാനവുമുണ്ട്. രാത്രികളിലും ചെളിവെള്ളത്തിലും മറ്റും എളുപ്പത്തിൽ കണ്ണിൽ പെടുന്ന ഫ്ലൂറസെന്റ് നിറമുള്ള കയറുകളും ലഭിക്കും. ഇതിൽ പലതും ഓൺലൈനായി വെബ്സൈറ്റുകളിലൂടെ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു. 

 

Content Summary : Drowning rescue: Why you should keep a coil of rope in your car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com