ക്വിറ്റിന്ത്യാ സമരചരിത്രത്തിന്റെ ഭാഗമായ വിരേതിഹാസമാണ് കീഴരിയൂർ. ചോരത്തിളപ്പുള്ള ഒരു കൂട്ടം സ്വാതന്ത്ര്യസമരനായകർ കീഴരിയൂരിന്റെ മണ്ണിൽ ഒത്തുകൂടി ബോംബുണ്ടാക്കുകയും കേരളത്തിന്റെ വിവിധയിടങ്ങളിൽ ഒരേ സമയം സ്ഫോടനം നടത്തുകയും ചെയ്ത സംഭവത്തിൽ ബ്രിട്ടീഷ് പട്ടാളം വിറച്ചു. സമരചരിത്രത്തിലെ ഒളിമങ്ങാത്ത ഈ ഇതിഹാസം ജില്ലയിലെ ഒരു കൂട്ടം ചിത്രകലാ അധ്യാപകർ ക്യാൻവാസിലേക്കു പകർത്തി. അടുത്തിടെ നടത്തിയ ക്യാംപിലാണ് 24 ചിത്രങ്ങൾ പിറവിയെടുത്തത്.
∙ എന്താണ് കീഴരിയൂർ ബോംബുകേസ്?
1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്. കരിവെള്ളൂർ സമരത്തിനും പുന്നപ്ര–വയലാർ സമരങ്ങൾക്കുംമുൻപ് കേരളത്തെ പിടിച്ചുലച്ച സംഭവമായിരുന്നു കീഴരിയൂർ ബോംബുകേസ്. സമരക്കാർ ചേമഞ്ചേരി സബ്‌രജിസ്ട്രാർ ഓഫീസും തിരുവണ്ണൂർ റെയിൽവേസ്റ്റേഷനും കൊത്തല്ലൂർ കുന്നത്തറ അംശക്കച്ചേരിയും അഗ്നിക്കിരയാക്കുകയും ഉള്ളിയേരി പാലം തകർക്കുകയും ടെലഗ്രാഫ് ലൈൻ മുറിച്ചുമാറ്റുകയും ചെയ്തു.

1942 നവംബർ 17 നായിരുന്നു സ്ഫോടനങ്ങൾ നടന്നത്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കു സമീപം കീഴരിയൂരിലെ കൂന്തങ്കല്ലുള്ളതിൽ വീട്ടിലായിരുന്നു ബോംബ് നിർമാണം. കൊടുംകാടായിരുന്ന മാവട്ട് മലയിൽ പരീക്ഷണവും നടത്തി. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് അമേരിക്കയിൽനിന്നു തിരിച്ചെത്തിയ സോഷ്യലിസ്റ്റ് ഡോ. കെ.ബി. മേനോനും കൂട്ടുകാരും കോഴിക്കോട് ചാലപ്പുറത്തെ വേർക്കോട്ട് രാഘവൻ നായരുടെ വീട്ടിൽ ചേർന്ന രഹസ്യയോഗം ചേർന്ന് നവംബർ ഒൻപതിനു വിധ്വംസക ദിനമായി പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ആളപായമില്ലാതെ ബോംബു പൊട്ടിച്ച് ബ്രിട്ടിഷുകാരെ ഞെട്ടിക്കാനായിരുന്നു പദ്ധതി.

കീഴരീയൂർ ഗ്രാമത്തെ ബോംബു നിർമാണത്തിനു പറ്റിയ സ്ഥലമായി തിരഞ്ഞെടുത്തു. അക്കാലത്ത് നെല്ല്യാടിപ്പുഴയ്ക്കു കുറുകെ പാലമുണ്ടായിരുന്നില്ല. കീഴരിയൂർ പ്രദേശം ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു. പുഴകൾ കടന്ന് കാടുകൾക്കു നടുവിൽ പാറക്കെട്ടുകൾക്കു മുകളിൽ ബ്രിട്ടീഷ് പട്ടാളം എത്തിച്ചേരില്ലെന്ന തിരിച്ചറിവാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം. നവംബർ ഒൻപതിന് ബോംബു നിർമാണം പൂർത്തീകരിക്കാത്തതിനാൽ സ്ഫോടനം 17ലേക്കു മാറ്റി. മലമുകളിലെ ബോംബുസ്ഫോടനത്തെക്കുറിച്ച് പൊലീസിന് അറിവുകിട്ടി. ഇതറിഞ്ഞ സമരപോരാളികൾ ബോംബും നിർമാണസാമഗ്രികളും കാട്ടിലൂടെ ചുമന്നു കൊണ്ടുപോയി.

എല്ലായിടത്തും ബോംബു പൊട്ടിക്കാനുള്ള പദ്ധതി പരാജയപ്പെട്ടു. എങ്കിലും പാട്യം വില്ലേജ് ഓഫിസ്, കീഴ്ത്തള്ളി വില്ലേജ് ഓഫിസ്, കോഴിക്കോട്ട് മദ്രാസ് ഗവർണർ പ്രസംഗിക്കുന്ന പന്തൽ, കല്ലായി റെയിൽവേ സ്റ്റേഷൻ, കല്ലായി ടിംബർ കേന്ദ്രം, മലാപ്പറമ്പ് ഗോൾഫ് ക്ലബ്, തലശ്ശേരി പാത്തിപ്പാലം, പാലക്കാട് വിക്ടോറിയ കോളജ് ലാബ്, മുക്കാളി മത്സ്യം ഉണക്കു കേന്ദ്രം, പള്ളിക്കുന്ന് പോസ്റ്റ് ഓഫിസ്, കണ്ണൂർ ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലും ഒരേസമയം ബോംബ് സ്ഫോടനമുണ്ടായി.

സംഭവത്തിനുശേഷം ബ്രിട്ടീഷ് പോലീസ് കീഴരിയൂരിൽ അഴിഞ്ഞാട്ടം നടത്തി. പ്രക്ഷോഭകാരികളുടെ കുടുംബാംഗങ്ങളെ പോലും പോലീസ് വെറുതെ വിട്ടില്ല. കെ.ബി. മേനോനും മത്തായി മാഞ്ഞൂരാനും പുറമെ സി.പി. ശങ്കരൻ നായർ, വി.എ. കേശവൻ നായർ, ഡി. ജയദേവ റാവു, ഒ. രാഘവൻ നായർ, കാര്യാൽ അച്യുതൻ, ഇ. വാസുദേവൻ, എൻ.പി. അബു, കെ. നാരായണൻ നായർ, കുറുമയിൽ കേളുക്കുട്ടി, ടി. പാച്ചർ, കുറുമയിൽ നാരായണൻ, കെ. കുഞ്ഞിരാമൻ, കെ.വി. ചാമു, വി. പ്രഭാകരൻ, കെ. മുഹമ്മദ് നഹ, പി. മമ്മൂട്ടി, പി. അബ്ദുല്ലക്കോയ തങ്ങൾ, എസ്.എൻ. വള്ളിൽ, വി.കെ. അച്യുതൻ വൈദ്യർ, കെ. ഗോപാലൻ, സി. ദാമോദരൻ, കെ.ടി. അലവി, സി. ചോയുണ്ണി എന്നിവരായിരുന്നു പ്രതികൾ. 12 പേർക്ക് ഏഴു കൊല്ലം തടവും ഒരാൾക്കു 10 കൊല്ലം കഠിന തടവുമായിരുന്നു ശിക്ഷ. അഖിലേന്ത്യാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ച് നേതാജി സുബാഷ് ചന്ദ്ര ബോസ് കെ.ബി. മേനോനെഴുതിയ കത്ത് പ്രസിദ്ധമാണ്. വി.എ. കേശവൻ നായരുടെ 'ഇരുമ്പഴിക്കുള്ളിൽ' എന്ന ഗ്രന്ഥം കീഴരിയൂർ ബോംബ് കേസ് സംബന്ധിച്ച ആധികാരിക ഗ്രന്ഥമാണ്.

∙ ചരിത്രം ചിത്രമാക്കി അധ്യാപകർ
ചരിത്ര സംഭവങ്ങൾക്കസാക്ഷിയായ കീഴരിയൂരിലെ മലമുകളിലുള്ള നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹയർസെക്കൻഡറി സ്കൂളിൽ രണ്ടുദിവസം ഒത്തുകൂടിയാണ് അധ്യാപകർ ചിത്രങ്ങൾ വരച്ചത്. കീഴരിയൂർ ബോംബുകേസിന്റെ പ്രാഥമിക ആലോചന, ബോംബ് നിർമാണ പ്രക്രിയ, മറ്റു സ്ഥലങ്ങളിലേക്ക ബോംബുകൊണ്ടുപോയ സംഭവം തുടങ്ങിയ 24 കാഴ്ചകളാണ് അധ്യാപകർ ചിത്രങ്ങളിലേക്ക് പകർത്തിയത്.

ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായാണ് കോഴിക്കോട് ജില്ലയിലെ പ്രധാന സംഭവമായ കീഴരിയൂർ ബോംബുകേസ് അടിസ്ഥാനമാക്കി ‘ കീഴരിയൂർ ബോംബ്കേസ്: ക്വിറ്റ് ഇന്ത്യാ ചരിത്രസ്മൃതി’ എന്ന പേരിൽ ക്യാംപ് നടത്തിയതെന്ന് പരിപാടിയുടെ കൺവീനറും സോഷ്യൽസയൻസ് അ്യാപകരുടെ ജില്ലാകൂട്ടായ്മയുടെ ജില്ലാസെക്രട്ടറിയുമായ കെ.രാധാകൃഷ്ണൻ പറഞ്ഞു. അടുത്ത വർഷം പാഠ്യപദ്ധതിയിൽ കീഴരിയൂർ ബോംബുകേസ് ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ക്യാംപിൽ വരച്ച ചിത്രങ്ങൾ ഡിസംബർ 12 മുതൽ കോഴിക്കോട് ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ പ്രദർശിപ്പിക്കുമെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.

















