സംസ്കാരത്തെ വ്യവസായമാക്കി കൊറിയ; ലോകം കീഴടക്കി കുതിപ്പ്: ഇന്ത്യയിലും കെ-വേവ് പടരുമ്പോൾ

HIGHLIGHTS
  • കൊറിയൻ വേവ് മൂന്നു തരംഗങ്ങളായി ലോകത്ത് ശക്തി പ്രാപിച്ചു
  • കൊറിയൻ കോസ്മെറ്റിക് ഉത്പന്നങ്ങൾക്കും വലിയ ഡിമാൻഡായി തുടങ്ങിയിട്ടുണ്ട്
korean-hallyu-wave-spreading-all-over-the-world
(ഇടത്തുനിന്ന്) ദക്ഷിണ കൊറിയൻ പതാക, ഗണ്ണം സ്റ്റൈലിലൂടെ പ്രസിദ്ധനായ ഗായകൻ സൈ, ബിടിഎസ് ബാൻ‍ഡ്, സ്ക്വിഡ് ഗെയിം സീരിസിലെ പാവ ∙ Image Credits : Seoul Travel Guide / Instagram
SHARE

കൊറിയ എന്നു പറഞ്ഞാൽ പണ്ടൊക്കെ നമുക്ക് ഓർമ വന്നിരുന്നത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെയും അദ്ദേഹം പരിപാലിക്കുന്ന വിവിധ മിസൈലുകളെയും ആയുധങ്ങളെപ്പറ്റിയുമൊക്കെയാണ്. എന്നാൽ കുറച്ചുകാലമായി ഇതല്ല സ്ഥിതി. ദക്ഷിണ കൊറിയൻ സിനിമകൾ, സംഗീതം, ഭക്ഷണം, സംസ്കാരം എന്നിവയെല്ലാം ലോകത്ത് വലിയ സ്വാധീനമുണ്ടാക്കുന്നുണ്ട്. കെ–വേവ് എന്നാണ് ഈ ട്രെൻഡ് അറിയപ്പെടുന്നത്. ലോകമെങ്ങും തൊണ്ണൂറുകൾ മുതൽ കെ- വേവ് തുടങ്ങിയെങ്കിലും കഴിഞ്ഞ ഒരു ദശകത്തിലാണ് ഇത് വളരെ ശക്തമായത്.

ചുവപ്പും പച്ചയും നീലയും എന്നു വേണ്ട, വളരെ വ്യത്യസ്തമായ നിറങ്ങളിലുള്ള തലമുടിയും കൂർത്ത പാന്റ്സും എല്ലാമടങ്ങിയ ഫാഷൻ ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്നുണ്ട്. ബിടിഎസ് തുടങ്ങിയ കെ–പോപ് സംഗീത ബാൻഡുകൾ ഇതിനു പ്രോത്സാഹനവും നൽകുന്നു. സ്ക്വിഡ് ഗെയിം എന്ന സീരീസിന്റെ വൻ വിജയത്തോടെ ഇതു വലിയ ജനപ്രീതി നേടി. ഇന്ത്യയിലും കൊറിയൻ സംസ്കാരത്തെ ഇഷ്ടപ്പെടുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. ഇവരിൽ പലരുടെയും പ്രധാന ആഗ്രഹമിതാണ്. ‍ഞങ്ങളെ ഒന്നു വിമാനത്തിൽ കയറ്റൂ, കൊറിയൻ തലസ്ഥാനം സിയോളിൽ കൊണ്ടുചെന്നിറക്കൂ.

BTS
ബിടിഎസ് സംഘം ∙ Image Credits : Instagram

കൊറിയൻ വേവ് മൂന്നു തരംഗങ്ങളായി ലോകത്ത് ശക്തി പ്രാപിച്ചെന്നാണു നിരീക്ഷകർ പറയുന്നു ഹല്യു 1, 2, 3 എന്നാണ് ഇത് അറിയപ്പെടുന്നത്. ലോകമെമ്പാടും 1843 ഫാൻ ക്ലബുകളും 9 കോടിയോളം ആരാധകരും കെ- വേവിനുണ്ട്.

1997ൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് പരമ്പരാഗത ശക്തികേന്ദ്രമായ ഉത്പാദന വ്യവസായം വിട്ട് അതുവരെ വലിയ പ്രതിപത്തിയില്ലാതിരുന്ന വിനോദരംഗത്തേക്ക് ദക്ഷിണ കൊറിയയെ ചായിച്ചത്. ഹോളിവുഡ് സിനിമകൾ കൊറിയയിൽ നേടുന്ന ജനപ്രീതിയും ഇതിനു കാരണമായി. കൊറിയ തുടക്കമിട്ട സാംസ്കാരിക മന്ത്രാലയം, സംസ്കാരത്തെ ഒരു വ്യവസായമാക്കുന്നതിന്റെ സാധ്യതകൾ അന്വേഷിച്ചു തുടങ്ങിയതും ഇക്കാലത്താണ്.

Korean-movies

1999ൽ കൊറിയയിൽ ഇറങ്ങിയ ഷിരി എന്ന ചിത്രം വൻവിജയമായതോടെ ലോക ചലച്ചിത്രവിപണിയിൽ കൊറിയ സ്വാധീനമുറപ്പിച്ചു തുടങ്ങി. പിന്നീട് 2001ൽ ഇറങ്ങിയ ‘മൈ സാസി ഗേൾ’ കൾട്ട് ക്ലാസിക്കായി മാറി. തുടർന്നു ട്രെയിൻ ടു ബുസാൻ, നൈറ്റ് ഇൻ പാരഡൈസ്, സൈക്കോകൈനെസിസ്, പാൻഡോറ, പാരസൈറ്റ്, റാംപന്റ്, ഫ്ലൂ, ദി ഗ്യാങ്സ്റ്റർ, കോപ് ആൻ‍‍ഡ് ഡെവിൾ  തുടങ്ങി എത്രയോ ചിത്രങ്ങൾ കൊറിയയിൽ നിന്നു വന്നു തരംഗം തീർത്തു. പ്രണയസിനിമകൾ മുതൽ കൊറിയക്കാരുടെ ഫേവറിറ്റായ സോംബി സിനിമകൾ വരെ ഇക്കൂട്ടത്തിലുണ്ട്. സിനിമകൾക്കു മാത്രമല്ല, സിനിമാനടൻമാർക്കുമുണ്ട് ആരാധകർ. കൊറിയൻ നടനായ മാ ഡോങ് സൂക്കിനെ ‘കൊറിയയിലെ ലാലേട്ടൻ’ എന്നൊക്കെയാണ് ഇവിടുത്തെ ചില കെ–മൂവി പ്രേമികൾ വിശേഷിപ്പിക്കുന്നത്.

don-lee-1
മാ ഡോങ് സൂക്ക് ∙ Image Credits : Instagram

കൊറിയൻ കോസ്മെറ്റിക് ഉത്പന്നങ്ങൾക്കും വലിയ ഡിമാൻഡായി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോഴാണ് ഈ വിപണി ശക്തമാകുന്നതെങ്കിലും ലോകവിപണിയിൽ വലിയ ചലനം ഇതുണ്ടാക്കിയിരുന്നു.2018ൽ 13.1 ബില്യൻ ആദായം ഇതുണ്ടാക്കിയെന്നാണു റിപ്പോർട്ടുകൾ. ചൈനയിലും ശ്രീലങ്കയിലും മലേഷ്യയിലും ജപ്പാനിലുമൊക്കെ ഇത് പാശ്ചാത്യ കോസ്മെറ്റിക് വ്യവസായത്തെ പതിയെ പിന്തള്ളിത്തുടങ്ങി. വൈറ്റമിൻ സി സീറം, വൈറ്റമിൻ ഇ മാസ്ക് തുടങ്ങിയവയാണ് ഇന്ത്യയിലെ പ്രിയപ്പെട്ട കൊറിയൻ കോസ്മെറ്റിക്സ് ഉൽപന്നങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS