ചുമരില്‍ വര്‍ണവരകളായി ഗുരുവായൂര്‍ പത്മനാഭന്റെ ജീവിതകഥ

HIGHLIGHTS
  • മൂന്നുദിവസം രാവും പകലുമില്ലാതെ ശ്രമിച്ചാണ് 60 അടി നീളവും 5 അടി ഉയരവുള്ള ചിത്രം പൂര്‍ത്തിയാക്കിയത്
  • 1954 ല്‍ 14-ാം വയസ്സിലാണ് ആനയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്
guruvayoor-padmanabhan-s-life-story-as-mural-painting
SHARE

ഗുരുവായൂര്‍ പത്മനാഭനെ ഇനി ജീവനോടെ കാണാനാകില്ല. ഈ ഗജരത്നം ചരിഞ്ഞിട്ട് രണ്ടുവര്‍ഷമാകാറായി. എന്നാല്‍ ഗുരുവായൂരിലെത്തിയാല്‍ ഈ കൊമ്പന്റെ ജീവിതചരിത്രം കാണാം, ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന വരകളിലൂടെ. 6 പതിറ്റാണ്ടിലേറെ കണ്ണന്റെ തങ്കത്തിടമ്പേറ്റിയ ഈ കൊമ്പന്റെ ജീവിതകഥ ക്ഷേത്രനഗരിയുടെ മതിലില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. കണ്ണന്റെ സന്നിധിവിട്ട് താന്‍ എങ്ങോട്ടുമില്ലെന്നു പറയുന്നതുപോലെ തോന്നിപ്പിക്കുന്ന പത്മനാഭന്റെ ജീവിതാനുഭവങ്ങള്‍ ചുമര്‍ചിത്രമായി അനാവരണം ചെയ്യപ്പെടുകയാണ്. അതില്‍ ഉണ്ണിക്കണ്ണനുമൊത്തുള്ള സാങ്കല്‍പികലീലകളുണ്ട്. ഭഗവാന്റെ തിടമ്പേറ്റിനില്‍ക്കുന്നതിലെ അഭിമാനവും ഭക്തിയുമുണ്ട്.പുതുക്കിപ്പണിത പടിഞ്ഞാറേ ഗോപുരനട തള്ളിത്തുറക്കുന്ന കാഴ്ചയുണ്ട്. ക്ഷേത്രാചാരങ്ങളെല്ലാം മനപ്പാഠമാക്കിയ കാരണവരുടെ ഇരുത്തംവന്ന നോട്ടമുണ്ട്. ഒപ്പം ഓരോരുത്തരുടെയും ഉള്ളില്‍ ഓരോ രൂപത്തില്‍ പിറവിയെടുക്കുന്ന പത്മനാഭന്റെ മറ്റുപല ഭാവമാറ്റങ്ങളും. നിലമ്പൂര്‍ കാട്ടിലെ വാരിക്കുഴിയില്‍ വീഴുംമുന്‍പ് ആനക്കൂട്ടത്തോടൊപ്പം ഉല്ലസിച്ചുനടക്കുന്ന കുട്ടിക്കൊമ്പന്റെ സാങ്കല്‍പിക യാത്രയുടെ ചിത്രീകരണവും ചുമര്‍ചിത്രത്തിലുണ്ട്. ശ്രീവത്സം ഗെസ്റ്റ് ഹൗസ് വളപ്പിന്റെ ചുമരിലാണ് ഭക്തരുടെ പ്രിയങ്കരനായ ഗജരത്നത്തിന്റെ വിശേഷങ്ങള്‍ നിറങ്ങളായി പിറവിയെടുത്തിരിക്കുന്നത്. ഇതേ വളപ്പില്‍ പത്മനാഭന്റെ പൂര്‍ണകായ പ്രതിമയും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് പ്രതിമയുടെയും ചുമര്‍ചിത്രത്തിന്റെയും സമര്‍പ്പണം ഒന്നിച്ചുനടന്നത്. ഗുരുവായൂര്‍ ദേവസ്വത്തിനുകീഴിലുള്ള ചുമര്‍ചിത്ര പഠന കേന്ദ്രമാണ് ചുമര്‍ചിത്ര മതില്‍ രൂപപ്പെടുത്തിയത്. തലയുയര്‍ത്തിനില്‍ക്കുന്ന പ്രതിമ കാണുന്നതിനൊപ്പം പത്നനാഭന്റെ ജീവിതവിശേഷങ്ങളുടെ ഒരേടും ചിത്രങ്ങളിലൂടെ മനസ്സില്‍ തളച്ചിടാം. ക്ഷേത്രവും കാടും മനുഷ്യരൂപങ്ങളും വന്‍മരങ്ങളും ആനയെളുന്നള്ളിപ്പും ആഘോഷവും മറ്റുമായി നിറങ്ങള്‍ ആനന്ദിപ്പിക്കുന്നു. കണ്ണന്റെ പ്രതിരൂപമായി പത്മനാഭനെ കരുതപ്പെടുന്നതുകൊണ്ടാകാം ഭഗവാന്‍ ശ്രീകൃഷ്ണന്റെ സാന്നിധ്യം ചിത്രത്തില്‍ ഉടനീളമുണ്ട്. 

guruvayoor-padmanabhan-2

∙ മൂന്നുദിവസംകൊണ്ട് ചിത്രം പൂര്‍ണം

മതിലിലെ പഴയ സിമന്റ് തേപ്പ് (പ്ലാസ്റ്ററിങ്) പൊളിച്ചുകളഞ്ഞ് പുതിയത് ഒരുക്കിയാണ് ചിത്രരചന നടത്തിയത്. ഇലകളില്‍നിന്നും മറ്റും ചായമെടുക്കുന്ന പരമ്പരാഗതമായ രീതിയല്ല ഇവിടെ. അക്രിലിക് ആണ് മാധ്യമമെങ്കിലും ചിത്രണരീതി ചുമര്‍ചിത്രത്തിന്റേതുതന്നെ. മൂന്നുദിവസം രാവും പകലുമില്ലാതെ ശ്രമിച്ചാണ് 60 അടി നീളവും 5 അടി ഉയരവുള്ള ചിത്രം പൂര്‍ത്തിയാക്കിയത്. കുന്നംകുളത്തിനടുത്ത് ഇടഞ്ഞ പത്മനാഭന്‍ പാപ്പാന്‍ ഗോപാലന്‍ നായരെ തട്ടിവീഴ്ത്തുന്നതും മറ്റൊരിക്കല്‍ പത്മനാഭന്റെ കാലിനടിയില്‍പ്പെട്ട് പാപ്പാന്‍ കുഴിക്കാട്ട് വേലായുധന്‍ നായര്‍ മരിച്ചതും അടക്കമുള്ള വിഷയങ്ങള്‍ ചിത്രണത്തിലുണ്ട്. ജീവന്‍ നഷ്ടപ്പെട്ടുകിടക്കുന്ന പത്മനാഭനരികില്‍ ദു:ഖിതനായി കാണപ്പെടുന്ന ഉണ്ണിക്കണ്ണന്റെ ചിത്രീകരണവും ഇതിന്റെ ഭാഗമാണ്. 1954 ല്‍ 14-ാം വയസ്സിലാണ് ആനയെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ചരിഞ്ഞത് 2020 ഫെബ്രുവരി 26ന്, 80-ാം വയസ്സില്‍. നിലമ്പൂര്‍ കോവിലകത്തുനിന്ന് ലഭിച്ച ആനയെ ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സാണ് ഇവിടെ നടയിരുത്തിയത്. ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ കെ.യു. കൃഷ്ണകുമാറിന്റെയും സീനിയര്‍ അധ്യാപകന്‍ എം. നളിന്‍ബാബുവിന്റെയും നേതൃത്വത്തിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സീനിയര്‍ വിദ്യാര്‍ഥികളായ ശരത്, വിവേക്, രോഹന്‍, ഗോവിന്ദദാസ്, കാര്‍ത്തിക്, ആരോമന്‍, അശ്വതി, അമൃത, ശ്രീജ എന്നിവര്‍ക്കൊപ്പം പൂര്‍വവിദ്യാര്‍ഥികളായ ടി.എം. മോനിഷ്, ശ്രീജിത്, അക്ഷയ് കുമാര്‍, അനന്തകൃഷ്ണന്‍, അപര്‍ണ, കെ.ബി. ആതിര എന്നിവരും ചിത്രണത്തില്‍ പങ്കാളികളായി.

guruvayoor-padmanabhan-1

∙ ഇനി കേശവന്റെ ചിത്രീകരണവും

ഗുരുവായൂര്‍ അമ്പലവുമായി ആനകളെ ബന്ധപ്പെടുത്തുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്ന പേര് ഗുരുവായൂര്‍ കേശവന്റേതുതന്നെ. ശ്രീവത്സം ഗെസ്റ്റ് ഹൗസിന്റെ മതിലില്‍ ഇനിയൊരുക്കുന്നത് ഗജരത്നം ഗുരുവായൂര്‍ കേശവന്റെ ജീവിതചരിത്രമാണ്. പത്മനാഭന്റെ ചുമര്‍ചിത്രമൊരുക്കിയതിന്റെ മറ്റൊരു ഭാഗത്താണ് സമാനരീതിയില്‍ കേശവന്റെ ചിത്രീകരണം നടത്തുക. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഗസ്റ്റ് ഹൗസിനകത്ത് കേശവന്റെ പൂര്‍ണകായപ്രതിമ നേരത്തേത്തന്നെയുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA