സർക്കസ് കൂടാരത്തിൽ പ്രതീക്ഷയുടെ വിളക്കുകൾ തെളിഞ്ഞു, 22 മാസത്തിനുശേഷം!

HIGHLIGHTS
  • സർക്കാർ നിർദേശം വരുന്നതിനു മുൻപേ കൂടാരം വിളക്കണച്ചതാണ്
  • ആദ്യത്തെ 6 മാസം സർക്കാർ സംവിധാനങ്ങളിൽനിന്നു ഭക്ഷണം ലഭിച്ചു
jumbo-circus-kayamkulam-reopened-which-shut-down-during-covid
ജംബോ സർക്കസിൽനിന്നുള്ള ദൃശ്യം.
SHARE

കോവിഡ് പടർന്നപ്പോൾ വീട്ടിൽ അടച്ചിരുന്നവർക്കു നടുവിൽ ആ സർക്കസ് കൂടാരം ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു. ഒരു വർഷവും 10 മാസവും. ജനങ്ങളാകെ വീടുകളുടെ സുരക്ഷയിലായിരുന്നപ്പോൾ കൂടാരത്തിലെ മനുഷ്യരും മൃഗങ്ങളും പക്ഷികളും അപരിചിതമായ തുരുത്തിലെപ്പോലെ കഴിയുകയായിരുന്നു. ഭക്ഷണം നൽകാൻ‍ ആളുണ്ടായിരുന്നെങ്കിലും അവർക്കു വീട്ടിൽ‍ പോകാൻ കഴിഞ്ഞില്ല. കൂടാരത്തിലെ മൃഗങ്ങൾക്കും പക്ഷികൾക്കും കാവൽ അവരായിരുന്നു.

കായംകുളം പട്ടണത്തിൽ, ലോക്ഡൗണിന് തൊട്ടുമുൻപു തുടങ്ങിയ ജംബോ സർക്കസ് ഒരാഴ്ച കഴിഞ്ഞു നിർത്തേണ്ടി വന്നതാണ്. ഇപ്പോൾ വീണ്ടും കൂടാരത്തിൽ വിളക്കുകൾ തെളിയുന്നു, സംഗീതമുയരുന്നു, അഭ്യാസങ്ങൾ കാട്ടി സർക്കസ് താരങ്ങൾ ചിരിക്കുന്നു, ചിരിപ്പിക്കുന്നു. അടച്ചിരിപ്പിന്റെ ആ കാലത്തെയും അവർ സാഹസികതകളുടെ കൂട്ടത്തിലേ കാണുന്നുള്ളൂ. ഭക്ഷണം നൽകി സഹായിച്ചവരെയും സ്ഥലത്തിന്റെ വാടക ഒഴിവാക്കിയ ഉടമയെയും തൊഴുന്നുണ്ട് അവർ.

വട്ടമിട്ടിരിക്കുന്ന കാണികൾക്കു നടുവിൽ വർണവിളക്കുകളുടെ വെളിച്ചത്തിൽ, ഉപകരണ സംഗീതത്തിന്റെ താളത്തിൽ സാഹസിക പ്രകടനങ്ങൾക്കു കാഴ്ചവട്ടമൊരുക്കിയ കൂടാരമാണ് 2 വർഷത്തോളം മൂകമായിരുന്നത്. അഭ്യാസികളും മറ്റുള്ളവരുമായി 30ൽ ഏറെപ്പേർ അവിടെ വെളിച്ചം മങ്ങിയ മുഖങ്ങളായി കഴിഞ്ഞുകൂടി. മനുഷ്യർക്കൊപ്പം കാണികളെ രസിപ്പിച്ച മൃഗങ്ങൾ കെട്ടിയ കുറ്റിയിൽ ചുറ്റിത്തിരിഞ്ഞു. പക്ഷികൾ കൂടുകളിൽ കൂനിയിരുന്നു. അഭ്യാസങ്ങളൊഴിഞ്ഞ നാളുകളിൽ സർക്കസ് താരങ്ങൾ വെറുതെയിരുന്നു മുഷിഞ്ഞു.

സർക്കാർ നിർദേശം വരുന്നതിനു മുൻപേ കൂടാരം വിളക്കണച്ചതാണ്. ആർട്ടിസ്റ്റുകളെ മിക്കവരെയും തിരിച്ചയച്ചു. ടാൻസാനിയയിൽനിന്നുള്ള ആറുപേരുണ്ടായിരുന്നു. അവർക്ക് വിമാന ടിക്കറ്റ് ഉൾപ്പെടെ നൽകി സർക്കസ് ഉടമകളായ അജയ് ശങ്കറും അശോക് ശങ്കറും (ജമിനി ശങ്കറിന്റെ മക്കൾ) നാട്ടിലേക്കയച്ചു. കൂടാരത്തിൽ 30ൽ ഏറെപ്പേർ തങ്ങി. പല നാടുകളിൽനിന്നുള്ളവർ. മൃഗങ്ങളെയും പക്ഷികളെയും അവരാണു നോക്കിയത്. പ്രദർശനമില്ലെങ്കിലും അവർക്ക് ഉടമകൾ പകുതി ശമ്പളം നൽകി. മൃഗങ്ങളെ സംരക്ഷിക്കുന്നതും വലിയ ചെലവുള്ള കാര്യമാണ്.

‘കൂടാരത്തിലുള്ളവർക്ക് ആദ്യത്തെ 6 മാസം സർക്കാർ സംവിധാനങ്ങളിൽനിന്നു ഭക്ഷണം ലഭിച്ചു. പിന്നെ വിവിധ സംഘടനകളും നാട്ടുകാരുമൊക്കെ ആഹാരം എത്തിച്ചു. യു.പ്രതിഭ എംഎൽഎയും നഗരസഭയും വലിയ സഹായങ്ങൾ ചെയ്തു. എല്ലാം നന്ദിയോടെ ഓർക്കുന്നു’ – സർക്കസ് മാനേജർ തലശേരി സ്വദേശി സേതുമോഹനൻ പറഞ്ഞു. മഴക്കാലത്തും വലിയ പ്രശ്നമുണ്ടായില്ല. വാട്ടർ പ്രൂഫ് കൂടാരമായതിനാൽ മനുഷ്യരും മൃഗങ്ങളും സുരക്ഷിതരായിരുന്നു.

ലോക്ഡൗൺ മാറി വൈകാതെ സർക്കസ് തുടങ്ങാമെന്ന പ്രതീക്ഷയിലാണ് മൃഗങ്ങളെ കായംകുളത്തു തന്നെ നിർത്തിയത്. പക്ഷേ, പ്രതീക്ഷകൾ തെറ്റി.

‘സർക്കസ് കളിക്കുന്ന സ്ഥലത്തിന്റെ ഉടമ ഗോകുലം ഗോപാലനെ മറക്കാനാവില്ല. അടച്ചിട്ട കാലത്തെ വാടക മാത്രമല്ല, ഇപ്പോൾ വീണ്ടും പ്രദർശനം നടത്തുന്നതിന്റെയും വാടക അദ്ദേഹം വാങ്ങുന്നില്ല’’ – സേതുമോഹനൻ പറയുന്നു. ഇനി പരമാവധി ഒരു മാസം കായംകുളത്തു സർക്കസ് കളിക്കും. നാട്ടിലേക്കു മടങ്ങിയ കലാകാരൻമാർ തിരിച്ചെത്തിയിട്ടുണ്ട്. അവർ നൂറിലേറെപ്പേരുണ്ട്. 2020 ഫെബ്രുവരി 28നാണ് ഗോകുലം ഗ്രൗണ്ടിൽ സർ‍ക്കസ് തുടങ്ങിയത്. മാർച്ച് 10ന് കൂടാരം അടച്ചു. നിയന്ത്രണങ്ങൾ നീങ്ങിയതോടെ കഴിഞ്ഞ ക്രിസ്മസ് നാളിൽ വീണ്ടും പ്രദർശനം തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS