ADVERTISEMENT

കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം രവികുമാർ കലാമണ്ഡലം അനിൽ എന്നിവർ മുഖ്യ വേഷങ്ങളിൽ രംഗത്തെത്തുന്ന കിരാതം കളിയോടെ തിരുനക്കര മഹാദേവക്ഷേത്ര വേദിയിൽ നാളെ തെക്കൻ കളരിയുടെ നടനഭംഗി തെളിയും.

 

18-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനടുത്തുള്ള   ഇരട്ടക്കുളങ്ങര വാരിയത്ത് ജനിച്ച വാര്യർ ഇരട്ടക്കുളങ്ങര രാമവാര്യർ എഴുതിയ ആട്ടക്കഥ ആണ് കിരാതം.

 

kathakali-1
ചിത്രം: രാധാകൃഷ്ണ വാര്യർ

പാണ്ഡവന്മാർ ചൂതിൽ തോറ്റ്  വനവാസം ചെയ്യുന്ന കാലത്താണ് കഥ അരങ്ങേറുന്നത്. കൗരവരുമായി യുദ്ധമുണ്ടാവുക എന്നത് മുൻകൂട്ടിക്കണ്ട് അർജ്ജുനൻ പാശുപതം എന്ന ദിവ്യാസ്ത്രം ലഭിക്കാനായി ശിവനെ തപസ്സ് ചെയ്യാന്‍ പുറപ്പെട്ടു. അർജുനന്റെ പിതാവായ ഇന്ദ്രൻ ആദ്യമൊക്കെ ഈ തപസു മുടക്കാൻ അപ്സരസ്ത്രീകളെ ഉൾപ്പെടെ ചുമതലപ്പെടുത്തി നോക്കി. എന്നാൽ ഉഗ്രമായ തപസിലാണ് അർജുനൻ എന്നറിഞ്ഞ് ഇന്ദ്രൻ, പാർവ്വതീദേവിയെ കണ്ട് അർജ്ജുനനു വരങ്ങൾ നൽകി അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു. 

ഈ അപേക്ഷ കേട്ട പാർവ്വതി പരമേശ്വരസമീപം ചെന്ന്, അർജ്ജുനന് എന്താണ് വേഗത്തിൽ വരങ്ങൾ നൽകാത്തത് എന്ന് അന്വേഷിക്കുന്നിടത്താണ് കളിയുടെ തുടക്കം. അർജ്ജുനന് പാശുപതം പോലെ ഒരു അസ്ത്രം നേടാനുള്ള നൈർമല്യം ഇപ്പോഴും ആയിട്ടില്ല എന്നും ഉള്ളിൽ അവശേഷിക്കുന്ന ഗർവ്വം കളഞ്ഞാൽ വരങ്ങൾ നൽകാം എന്നും പരമേശ്വരൻ പാർവ്വതിയോട് പറയുന്നു 

 

ഗർവഭംഗം വരുത്താനായി ശിവൻ ഒരു കാട്ടാളവേഷം ധരിച്ച്,   കാട്ടാളസ്ത്രീ ആയി വേഷം മാറിയ പാർവ്വതിക്കൊപ്പം ഭൂമിയിലേക്ക് പുറപ്പെടുന്നു. എന്നാൽ അർജ്ജുനൻ മനുഷ്യനാണ് അവന്റെ മാനം കളയരുത് -കാമദേവനെ ദഹിപ്പിച്ചപോലെ ദഹിപ്പിക്കരുത്- എന്ന് വാത്സല്യമയിയായ പാർവ്വതി ശിവനോട് അഭ്യർത്ഥിക്കുന്നു. പണ്ട് കാമദേവനെ ദഹിപ്പിച്ചപോലെ അല്ലെന്നും ഇത് അതുമായി താരതമ്യം ചെയ്യരുത് എന്നും ശിവൻ ഓർമിപ്പിക്കുന്നു .

 

അതേ സമയം ദുര്യോധനൻ അയച്ച മൂകാസുരൻ  പന്നിവേഷം പൂണ്ട് അർജ്ജുനനെ വധിക്കാനായി  വരുന്നു. കാട്ടാളനും അർജ്ജുനനും ഒരേ സമയം മൂകാസുരനു നേരെ അമ്പെയ്യുന്നു. താഴെ വീണ മൃഗം തന്റേതാണ് എന്ന ശണ്ഠയ്ക്ക് ഇത് വഴിവയ്ക്കുന്നു. താൻ വില്ലാളി വീരനായ അർജുനനാണെന്ന ഗർവോടെ അർജുനൻ കാട്ടാളനെ നിസാരവത്കരിച്ച് യുദ്ധത്തിനിറങ്ങുന്നതും തുടർന്നുണ്ടായ യുദ്ധത്തിൽ കാട്ടാളൻ അർജ്ജുനനെ തൂക്കിയെറിയുന്നതുമാണ് കിരാതത്തിലെ ത്രസിപ്പിക്കുന്ന രംഗം. കരുണയോടെ, അർജ്ജുനനെ യുദ്ധത്തിൽ നിന്നും വിലക്കാൻ എത്തിയ പാർവതീ ദേവിയെ തിരിച്ചറിയാതെ 

 

"വേടനാരീ നീ പോടി മഹാമൂഢേ,

പേടികൂടാതെ പോരിടെ

ചാടിവന്നീടുകിലെയ്തു വശം-

കെടുത്തീടുവൻ പാരം നിന്നുടൽ" – എന്ന് ഗർജ്ജിക്കുന്നു അർജുനൻ .

അതോടെ,

‘‘വൃത്രനാശനപുത്ര ഞാൻ ചൊന്നതു-

മത്ര നീ കേൾക്കയില്ലെങ്കിൽ

അത്ര സാമർത്ഥ്യമുള്ള നിൻ തൂണിയിൽ

അസ്ത്രമില്ലാതെപോകട്ടെ’’ – എന്ന് ദേവി ശപിക്കുന്നു .

 

‘‘ചൊല്ലെഴും വിജയനാവനാഴിയതിലില്ലയാഞ്ഞു ശരമപ്പൊഴേ

വില്ലെടുത്തു ചില തല്ലുകൂടി ബത മുല്ലബാണഹരിമൂർദ്ധനി

തല്ലുകൊണ്ടു സുരഗംഗ പാർത്ഥനുടെ വില്ലുമങ്ങഥ പറിച്ചഹോ

അല്ലൽപൂണ്ടു സകലേശ്വരം തമിതി ചൊല്ലിനാൻ സുരവരാത്മജൻ’’ – എന്നിടത്താണ് കഥയിലെ വഴിത്തിരിവ് .

 

എന്നിട്ടും അഹങ്കാരത്തോടെ 

kathakali-13
ചിത്രം: രാധാകൃഷ്ണ വാര്യർ

 

"കഷ്ടമൊരു കാട്ടാളനോടു തോറ്റു ചെന്നു

നാട്ടിൽ വാഴ്കെന്നുള്ളതിനി വേണ്ടാ,

മുഷ്ടിയുദ്ധംചെയ്തവനെ നഷ്ടമാക്കുന്നുണ്ടു.

വാടാ വാടാ നീ പൊരുവാൻ വേടാന്വയാധമാ !

വാടാ പാണ്ഡവനോടു കൂടാ വിദ്യകളൊന്നും

ഗാഢമുഷ്ടിതാഡനേന നിൻ തനു പാടേ തകർപ്പതിന്നധുനാ,

വികല്പമിതിന്നായ് ‌വരിക വരിക പൊരുവാൻ" എന്ന് അർജുനൻ വെല്ലുവിളിക്കുന്നു.

 

വീണസ്ഥലത്തുനിന്നും എഴുന്നേറ്റ് അർജ്ജുനൻ ദീനനായി മണ്ണുകൊണ്ട് ശിവലിംഗമുണ്ടാക്കി പൂവിട്ട് ആരാധന തുടരുന്നു. എന്നാൽ താനിട്ട പൂവുകൾ എല്ലാം കാട്ടാളന്റെ തലയിൽ കണ്ട് അർജ്ജുനൻ അത്ഭുതപരതന്ത്രനാകുന്നു. കാട്ടാളനും കാട്ടാളത്തിയും രൂപം മാറി സ്വരൂപത്തിൽ-ശിവപാർവ്വതിമാരായി-പ്രത്യക്ഷപ്പെടുന്നു. അർജ്ജുനനെ അനുഗ്രഹിച്ച് പാശുപതാസ്ത്രം നൽകി മറയുന്നു. 

 

ഇതാണ് കിരാതത്തിന്റെ കഥാരേഖ.

 

അർജ്ജുനൻ - കലാമണ്ഡലം വൈശാഖ് 

കാട്ടാളൻ-കലാമണ്ഡലം രവികുമാർ 

കാട്ടാളത്തി-കലാമണ്ഡലം അനിൽ

മൂകാസുരൻ -കുറിച്ചി അനന്ത കൃഷ്ണൻ

ശിവൻ-കലാമണ്ഡലം അഖിൽ 

പാർവതി -കുറിച്ചി അനന്ത കൃഷ്ണൻ 

സംഗീതം-കലാമണ്ഡലം വിശ്വാസ്, കലാമണ്ഡലം യശ്വന്ത്

ചെണ്ട– കലാമണ്ഡലം ശ്രീവിൻ, കലാമണ്ഡലം ഗണേശൻ

മദ്ദളം-കലാമണ്ഡലം രാഹുൽ നമ്പീശൻ, കലാമണ്ഡലം ശ്രീഹരി

ചുട്ടി- കലാനിലയം വിഷ്ണു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com