ADVERTISEMENT

ദൈവമേ.... എന്ന ഒറ്റ നീട്ടിവിളിയിൽ ഒരു മനുഷ്യന് അവന്റെ ജന്മദുഃഖങ്ങൾ മുഴുവൻ മറക്കാൻ കഴിയുമോ? കഴിയും എന്ന പ്രതീക്ഷ നമ്മളെ പലരെയും പോലെ തന്നെ കർണ്ണനും ഉണ്ടായിരുന്നിരിക്കണം .

എന്തിഹ മൻ മാനസേ .. സന്ദേഹം വളരുന്നൂ ?

അംഗേശനാമീ  ഞാനെങ്ങു പിറന്നവനോ ?

ഇങ്ങാരറിവൂ ഞാനാരേങ്ങെന്‍റെ വംശമെന്നോ ?

മാതാവ് രാധ താനോ ? താതനതിരഥനോ ?

ഹാ ...ദൈവമേ.....യെന്‍ ജന്മദാതാക്കളാരോ ?

കാണുമോ ഞാനവരെ ? കാണുകയില്ലയെന്നോ ?

കാണാതെ മരിക്കുവാനാണോ ശിരോലിഖിതം..’’–

karnabharam-5
ചിത്രം : രാധാകൃഷ്ണ വാര്യർ

എന്ന ആത്മഗതം പ്രകാശിക്കുന്ന പദത്തിൽ ഹിന്ദോളരാഗത്തിൽ കർണ്ണൻ നിലവിളിച്ചത് അത്തരമൊരു പ്രതീക്ഷയിൽ ആയിരുന്നിരിക്കണം. തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവരാവിൽ അരങ്ങേറിയ കർണ്ണശപഥം കഥകളി കാണികളുടെ ഉള്ളിലേക്ക് കർണന്റെ അടങ്ങാത്ത ഗർജ്ജനക്കരച്ചിലായി ഇരമ്പിയെത്തുകയായിരുന്നു.കർണ്ണശപഥമെന്ന നാടകീയ നിമിഷത്തേക്ക് കടന്നെത്തുന്നതിനു മുൻപ് നായകന്റെ ഉള്ളിൽ അലയടിച്ച ചോദ്യങ്ങൾ, ആത്മപരിശോധന, നിലതെറ്റിപ്പോകുന്ന മഹാസങ്കടഭാരം ഇതെല്ലാം കർണ ശപഥം അരങ്ങിൽ എത്തിച്ചു. കർണനായി അരങ്ങു നിറഞ്ഞ കലാമണ്ഡലം കൃഷ്ണകുമാർ അഭിനയശോഭകൊണ്ടും വേങ്ങേരി നാരായണനും കോട്ടക്കൽ വിനീഷും നാദ ലഹരികൊണ്ടും കാണികളെ മഹാഭാരതകാലത്തേക്കെത്തിച്ച അനുഭവമാണ് സൃഷ്ടിച്ചത് .

karnabharam-2
ചിത്രം : രാധാകൃഷ്ണ വാര്യർ

ദുര്യോധനനും പത്നി ഭാനുമതിയും ചേർന്നുള്ള രംഗത്തോടെയായിരുന്നു കളിയുടെ തുടക്കം. കലാമണ്ഡലം നീരജിന്റെ കത്തിവേഷവും കലാമണ്ഡലം വിഷ്ണുവിന്റെ ഭാനുമതിയും വേഷചേർച്ചയിലും സൗന്ദര്യത്തിലും മികച്ചുനിന്നു. കലാമണ്ഡലം നീരജ് അവതരിപ്പിച്ച ദുര്യോധനന്റെ കലാശത്തിലെ കൃത്യത ശ്രദ്ധേയമായി .

karnabharam-7
ചിത്രം : രാധാകൃഷ്ണ വാര്യർ

കലാമണ്ഡലം കൃഷ്ണകുമാറിന്റെ മനോധർമ്മം അഥവാ ഇളകിയാട്ട നേരത്ത് ഗംഗാദേവിയുടെ ഉത്ഭവ കഥ അവതരിപ്പിച്ചത് കർണഭാരമെന്ന പിരിമുറുക്കത്തിൽ നിന്നും ചെറിയൊരു വൈകാരിക ഇടവേള എടുക്കുന്നതു പോലെ അനുഭവപ്പെട്ടു .

karnabharam-4
ചിത്രം : രാധാകൃഷ്ണ വാര്യർ

നദിയിൽ ഒഴുകിവന്ന തനിക്ക് എന്നും നേരിടേണ്ടിവന്ന അവഹേളനം, പരശുരാമ സന്നിധിയിൽ നിന്നും മനസ്സറിയാതെ ശിരസിൽ വീണ ശാപം ഇതെല്ലം ഓർത്തു സന്ദേഹവ്യഥയിലിരിക്കുന്ന കർണന്റെ ചിത്രം ഗംഭീരമായി. തന്റെ ആശങ്കകൾ അകറ്റി സമാധാനിപ്പിക്കുന്ന കർണന്റെ സോദരസ്നേഹത്തിൽ സന്തുഷ്ടയായി ഭാനുമതിയുടെ ‘വാത്സല്യ വാരിധേ..’ എന്ന് അഭിസംബോധന കേൾക്കുമ്പോൾ ഉള്ളുലഞ്ഞ് കുളിരുന്ന കർണന്റെ ചിത്രീകരണത്തിലൂടെ സ്നേഹത്തിനു കൊതിക്കുന്ന ആ മനസ്സ് നന്നായി വരച്ചിടാൻ കലാമണ്ഡലം കൃഷ്ണകുമാറിന് കഴിഞ്ഞു. മനോധർമതി പല നേരത്തും ഗോപി ആശാനേ ഓർമിപ്പിക്കുന്നു കലാമണ്ഡലം കൃഷ്ണകുമാർ. 

karnabharam-3
ചിത്രം : രാധാകൃഷ്ണ വാര്യർ

കുന്തിയായി എത്തിയ കലാമണ്ഡലം ഷണ്മുഖന്റെ ഭാവപ്പകർച്ചയും എടുത്തു പറയേണ്ടതുണ്ട് കുചേലവൃത്തത്തിൽ കണ്ട വിപ്രപത്നിയുടെ വിദൂര ഛായ പോലും പാണ്ഡവമാതാവും പ്രൗഢയും കൃത്യമായ ലക്ഷ്യബോധമുള്ളവളുമായ കുന്തിയിൽ കാണാൻ ഉണ്ടായിരുന്നില്ല. ഊർജ ഭരിതമായ കലാശങ്ങൾ കലാമണ്ഡലം അഖിൽ അവതരിപ്പിച്ച ദുശ്ശാസനനു മിഴിവ് നൽകി.

karnabharam-6
ചിത്രം : രാധാകൃഷ്ണ വാര്യർ

ചെണ്ട: കലാമണ്ഡലം കൃഷ്ണദാസ്, മദ്ദളം: കലാനിലയം മനോജ്, ചുട്ടി: ചിങ്ങോലി പുരുഷോത്തമൻ കലാനിലയം സജി എന്നിവരായിരുന്നു കളിയുടെ അരങ്ങും അണിയറയും ഒരുക്കിയത് 

karnabharam-1
ചിത്രം : രാധാകൃഷ്ണ വാര്യർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com