ADVERTISEMENT

ആകുലതകളുടെയും അനശ്ചിതത്വത്തിന്റെയും കോവിഡ് വര്‍ഷങ്ങളില്‍നിന്നും വീണ്ടും അരങ്ങുണരുമ്പോള്‍ ‘ലോകധര്‍മി’ നാടക വേദിയിലൂടെ അരങ്ങിലെത്തിയ ‘ഛായാചിത്രം മായാചിത്രം’ എന്ന നാടകം അവതരണരീതി കൊണ്ടും അഭിനയ തികവുകൊണ്ടും വ്യത്യസ്തമായ അനുഭവമായി. സ്ത്രീകള്‍ കാലങ്ങളായി നേരിടേണ്ടി വന്നിട്ടുള്ള ശാരീരിക, മാനസിക, വൈകാരിക പ്രതിബന്ധങ്ങള്‍ എല്ലാം കയ്യടക്കത്തോടെ നാടകം ചര്‍ച്ച ചെയ്യുന്നു. ഒരു ചിത്രകാരനും അയാളുടെ സ്റ്റുഡിയോയിലേക്ക് കടന്നു വരുന്ന അതീവ സുന്ദരിയായ ഒരു മോഡലും തമ്മിലുള്ള തീവ്ര വൈകാരിക സംവാദത്തിലൂടെയാണ് നാടകം മുന്നോട്ട് പോകുന്നത്.

 

ജിഫിന്‍ ജോര്‍ജാണ് നായികയായി അരങ്ങിലെത്തിയത്. കഥാപാത്രം സ്ത്രീയുടെ ബാഹ്യ സൗന്ദര്യത്തിനപ്പുറത്തേയ്ക്ക് അവളുടെ സ്വത്വം തിരിച്ചറിയാനും, അനുഭവിക്കാനും ചിത്രകാരനോട് ആവശ്യപ്പെടുന്നതെല്ലാം ജിഫിൻ തനിമയോടെ സഹൃദയരുടെ മുന്നിലെത്തിച്ചു. പുരുഷ മേധാവിത്തത്തിനും ശാരീരിക മേൽക്കോയ്മകള്‍ക്കും എതിരെ തീവ്ര നിലപാടുകള്‍ എടുക്കുന്ന സ്ത്രീകളെ പലപ്പോഴും ഈ സമൂഹം ഒറ്റപ്പെടുത്താന്‍ കാട്ടുന്ന വ്യഗ്രതയെ മെടുസയുടെയും ലിലിത്തിന്റെയും കഥകളിലൂടെയാണ് നായിക ചിത്രകാരനു വിശദീകരിച്ചു കൊടുക്കുന്നത്.

 

നാടകാന്ത്യത്തില്‍ പുരുഷ മേധാവിത്തത്തിന്റെ സകല ചങ്ങല കെട്ടുകളെയും വലിച്ചുപൊട്ടിച്ചു തന്റെ ഇഷ്ടത്തിന് അനുസരിച്ചു തിരമാലകള്‍ പോലെ ആര്‍ത്തലച്ചു വരുന്ന മുടി അഴിച്ചിട്ട നായിക അക്ഷരാര്‍ഥത്തില്‍ കാണികളെ വിസ്മയിപ്പിക്കുകയായിരുന്നു. മാനവരാശിക്കു മുന്നില്‍ സ്ത്രീ എന്നത് ഉപഭോഗ വസ്തുവല്ലെന്ന് വീണ്ടും വിളിച്ചു പറഞ്ഞാണ് കാണികളിലേക്ക് അവള്‍ ഇറങ്ങി വന്നത്. സ്ത്രീകള്‍ക്കു മേല്‍ നൂറ്റാണ്ടുകളയി ചാര്‍ത്തപ്പെട്ടിട്ടുള്ള അബലനാരീ പട്ടത്തിന്റെയും നേര്‍ക്കുള്ള തുറന്ന കണ്ണാടിയായി നാടകം മാറി.

 

കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ ലോകധര്‍മി നിര്‍മിച്ച നാടകത്തിന്റെ ഡിസൈനും സംവിധാനവും നിര്‍വ്വഹിച്ചത് ചന്ദ്രദാസനാണ്. ഡോ.ജെബിന്‍ ജെസ്മസ് നാടക രചനയും സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതവും നിര്‍വഹിച്ചു. നായികയായി അരങ്ങിലെത്തിയ ജിഫിന്‍ നടിയും ഗായികയുമാണ്. നാടകത്തോടൊപ്പം സിനിമാ-സീരിയല്‍ രംഗത്തും സജീവമാണ്. നാടകത്തിലൂടെ ജോണി തോട്ടുങ്കല്‍, ജയചന്ദ്രന്‍ തകഴിക്കാരന്‍ , ശ്രദ്ധ ജോസഫ് , മഞ്ജുശ്രീ ഗോകുല്‍, അഞ്ജന ശ്രീ, അഖില നാഥ്, കീര്‍ത്തന ഷാജി, ആദിത്യ കെ നാരായണന്‍, നജീബ് അബു, രാജേഷ് മോഹന്‍ എന്നിവരും അരങ്ങിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com