ADVERTISEMENT

ശൗര്യവും ക്രൗര്യവും ചേർന്ന ആസുരരാജസ വേഷത്തിൽ കലാമണ്ഡലം നീരജ് നിറഞ്ഞാടിയ അരങ്ങ്. കോട്ടയത്തെ കഥകളി ആസ്വാദകരുടെ കൂട്ടായ്മയായ കളിയരങ്ങിന്റെ 48 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വടക്കൻ രാജസൂയം അതിന്റെ എല്ലാ അവതരണ സാധ്യതയോടും കൂടി അരങ്ങേറിയ അനുഭവത്തെ ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. മുദ്ര അസോസിയേഷൻ ഫോർ ആര്ട്ട് ആൻഡ് കൾച്ചറിന്റെ സഹകരണത്തോടെ തിരുനക്കര സ്വാമിയാർ മഠം ഓഡിറ്റോറിയത്തിൽ നടന്ന കളി ആധുനിക കാലത്തിന് അനുസൃതമായി കേരളത്തിന്റെ അഭിമാനകലയെ എങ്ങനെ ഒരുക്കിയെടുക്കാം എന്നതിന്റെ ഉദാഹരണം കൂടെയായി .

കലാമണ്ഡലം നീരജിന്റെ ചുവന്ന താടിവേഷമായ ജരാസന്ധന്റെ തിരനോട്ടത്തോടെയാണ് കളിക്ക് തുടക്കം കുറിച്ചത്. നോക്കിലും പ്രസരിപ്പിലും അതിഗാംഭീര്യത്തോടെ, സദസ്സിനെ ഉണർത്തിയ അലർച്ചയുടെ ഘോഷത്തോടെ ജരാസന്ധൻ അരങ്ങിൽ എത്തിയതോടെ അരങ്ങ് അക്ഷരാർത്ഥത്തിൽ ധിക്കാരത്തൊടു മേവും നരവരകുലകാലൻറെ സ്വന്തമായി മാറി. ക്രൗര്യവും ശൗര്യവും ഒരുപോലെ നിറഞ്ഞ മുഖാഭിനയവും കലാശങ്ങളും ചേർത്ത് കലാമണ്ഡലം നീരജ് അക്ഷരാർത്ഥത്തിൽ നിറഞ്ഞാടി.

rajasooyam-4
ചിത്രം: രാജീവ് പള്ളിക്കോണം

തന്റെ കൈത്തരിപ്പ് അടങ്ങാതെ ജ്വലിക്കുന്ന ജരാസന്ധൻ എന്തുകൊണ്ടാണ് വധ്യനായിത്തീരുന്നത് എന്ന് ആട്ടചാതുര്യത്തിലൂടെ തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ജനനകഥ സ്മരിക്കുമ്പോൾ പോലും ജരാസന്ധനിൽ അഹങ്കാരം നിറഞ്ഞു തുളുമ്പിനിന്നു .ഒരു പഴം രണ്ടായി മുറിച്ചു എന്ന കഥ പറയുമ്പോൾ പോലും ജരാസന്ധൻ അത് ശൗര്യത്തോടെ ഉടവാൾ ഊരി വെട്ടി രണ്ട് കഷണങ്ങൾ ആക്കുകയാണ്.

തിരനോട്ടത്തിനുശേഷം ഏതാണ്ട് ഒരുമണിക്കൂർ നേരം അരങ്ങിൽ മേളപ്പെരുക്കത്തിന്റെ ഇന്ദ്രജാലവും ആട്ടത്തിന്റെ രസലഹരിയും ചേർന്ന അഭൗമ അനുഭവം നിറഞ്ഞു.

ക്ഷാത്രവീര്യം മൂര്‍ത്തീ‍കരിച്ച ഭൂസുരന്മാരെ കണ്ടതോടെ അഹങ്കാരത്തിൽ ഇന്നും സംശയങ്ങളിലേക്ക് ജരാസന്ധന്റെ ഭാവം മാറി. വാമനാവതാരകഥയിൽ തെളിഞ്ഞ ആട്ടഭംഗി എടുത്തു പറയേണ്ടതാണ്. മധു വാരാണസിയുടെ കൃഷ്ണബ്രാഹ്മണനും കലാമണ്ഡലം വിശാഖിന്റെ  ഭീമ ബ്രാഹ്മണനും  കലാമണ്ഡലം ഹരിമോഹന്റെ അര്ജുനബ്രാഹ്മണനും മനോധർമപ്രകടനത്തിന് മികച്ച പിന്തുണയാണ് നൽകിയത്. ചുരുങ്ങിയ സമയത്തിനിടെ കാളിയ മർദനം, ശിബിച്ചക്രവർത്തിയുടെ ചരിതം എന്നിവയെല്ലാം കാണികൾക്കു മുന്നിൽ തെളിഞ്ഞു 

rajasooyam-3
ചിത്രം: രാജീവ് പള്ളിക്കോണം

ബ്രാഹ്മണരെ സ്വീകരിച്ചിരുത്തുന്ന ജരാസന്ധനെകൊണ്ട് ശ്രീകൃഷണന്‍ തങ്ങള്‍ ആവശ്യപ്പെടുന്നത് നല്‍കിക്കൊള്ളാം എന്ന് സത്യം ചെയ്യിക്കുന്നു. തുടര്‍ന്ന് കൃഷ്ണന്‍ ജരാസന്ധനോട് ദ്വന്ദയുദ്ധം ആവശ്യപ്പെടുകയും തങ്ങള്‍ ആരൊ ക്കെയാണെന്നുള്ള സത്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. ആശ്ചര്യസ്തബ്ധനാകുന്ന ജരാസന്ധന്‍ അവരെ പരിഹസിക്കുകയും ഭീമനുമായി യുദ്ധം ചെയ്യാനുറയ്ക്കുകയും ചെയ്യുന്നു. 15 ദിവസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിനൊടുവില്‍ കൃഷ്ണനിദ്ദേശാനുസ്സരണം ഭീമന്‍ ജരാസന്ധനെ രണ്ടായി കീറി കടതലകള്‍ വിപരീതമായി ഇട്ട് വധിക്കുന്നു.

ചേദി രാജാവും ജരാസന്ധന്റെ സുഹൃത്തുമായ ശിശുപാലൻറെ തിരനോട്ടമായിരുന്നു പിന്നീട്,ചേദി ഭൂപനായി അരങ്ങിൽ എത്ത്തിയ  കോട്ടക്കൽ കേശവൻ കുണ്ഡലായർ പൊതുവെ കഥാനുസൃതമായ വിവരണ ആട്ടങ്ങളിലാണ് ശ്രദ്ധ ചെലുത്തിയത് ,. യജ്ഞവേദിയിൽ എത്തുന്ന ശിശുപാലൻ  രാജാക്കന്മാരോട് കുശലപ്രശ്നം നടത്തുന്നതും. കൃഷ്ണനെ അഗ്രപൂജ ചെയ്യുന്നത് കണ്ട് ഉഗ്രകോപത്തോടെ അതിനെ ചോദ്യം ചെയ്ത് അധിക്ഷേപിക്കുന്നതും ആടിയതിനു ശേഷം. കള്ളൻ, വെണ്ണചോരൻ, ഗോപസ്ത്രീ വസ്ത്രചോരൻ എന്നിങ്ങനെ  മനോധർമത്തിലേക്ക് ചുവടുവച്ചു. ഒടുവിൽ യജ്ഞം മുടക്കാനായി വിളക്കുതിരി കെടുത്തി ബ്രാഹ്മണരെ ഭയപ്പെടുത്തി ഭീകരാവസ്ഥ സൃഷ്ഠിക്കുമ്പോൾ അർജ്ജുനൻ ശിശുപാലനോട് ഏറ്റുമുട്ടുന്നു. അവർ തമ്മിൽ പൊരിഞ്ഞ യുദ്ധം നടക്കുന്ന സമയം ശ്രീകൃഷ്ണൻ വിശ്വരൂപം കൈക്കൊള്ളുന്നു. ശിശുപാലൻ വിശ്വരൂപം ദർശിച്ച് ഭഗവാനെ സാഷ്ടാംഗം പ്രണമിച്ച് ചേർന്നു നിൽക്കുന്നു. ശ്രീകൃഷ്ണൻ ചക്രം കൊണ്ട് ശിശുപാലന്റെ കഴുത്തറുത്ത് മോക്ഷം നൽകുന്നു.

rajasooyam-5
ചിത്രം: രാജീവ് പള്ളിക്കോണം

കലാമണ്ഡലം വിവേക്, കലാമണ്ഡലം സുദിപ്, കലാമണ്ഡലം വിഷ്ണുമോൻ എന്നിവരാണ് മറ്റു വേഷങ്ങൾ അവതരിപ്പിച്ചത്. കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം ശ്രീവിൻ എന്നിവർ ചെണ്ടയിലും മാർഗി രവീന്ദ്രൻ, കലാനിലയം രാകേഷ് എന്നിവർ മദ്ദളത്തിലും വിടർത്തിയ ഇരട്ട മേളത്തിന്റെ നാദപ്രപഞ്ചം നൽകിയ ആട്ട മിഴിവ്. രാജേന്ദ്രൻ, കലാനിലയം സിനു കലാനിലയം വിഷ്ണു എന്നിവർ പരിമിതമായ പദങ്ങളെ ഉള്ളു എങ്കിലും അതിൽ പുലർത്തിയ നാദനിഷ്ഠ, ചിങ്ങോലി പുരുഷോത്തമൻ, കലാനിലയം സജി എന്നിവർ ഒരുക്കിയ ചുട്ടി, ശ്രീ വല്ലഭവിലാസം കളി യോഗം തിരുവല്ല നൽകിയ ചമയഭംഗി എന്നിവയും കളിയുടെ വിജയത്തിന്റെ ഘടകങ്ങളാണ്,

ചന്ദ്രമോഹൻ പ്രസിഡന്റും എം.ഡി. സുരേഷ്ബാബു സെക്രട്ടറിയുമായ കളിയരങ്ങ് വർത്തമാനകാലത്തെ പ്രേക്ഷകരെ മുന്നിൽ കണ്ട് കഥകളി അവതരണത്തിൽ ആവിഷ്കരിച്ച പരിഷ്കാരങ്ങളാണ് എടുത്തു പറയേണ്ട മറ്റൊരു നേട്ടം. പുലരും വരെ കളി എന്ന പഴയ പതിവിൽ നിന്നും കാണികൾക്ക് ഏറെ സൗകര്യപ്രദമായ വൈകുന്നേരം നാലുമുതൽ എട്ടുമണി വരെയുള്ള നാല് മണിക്കൂർ എന്ന സമയക്രമം തീരുമാനിച്ചത് ഒരു ഉദാഹരണം. കളി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് കഥ ,മുദ്ര ആട്ടങ്ങൾ എന്നിവ ലളിതമായി പരിചയപ്പെടുത്തിക്കൊണ്ട് സജനീവ് ഇത്തിത്താനം, മധു വാരണാസി എന്നിവർ അവതരിപ്പിച്ച കഥാ പരിചയപരിപാടി മറ്റൊന്ന്. മനോജ് കൃഷ്ണ ആട്ട നേരത്ത് ഓരോ മുദ്രക്കും ഒപ്പം നൽകിയ പവർ പോയിന്റ് പ്രെസന്റേഷനും കൂടി ചേർന്നപ്പോൾ കളി പ്രേക്ഷകരുടെ തലത്തിലേക്ക് ലളിതമായി ഒഴുകിയെത്തി. ചിട്ട പ്രധാനമാണ്. വടക്കൻ രാജസൂയം എന്ന മുഖവുര കേൾക്കുമ്പോഴേ കഥകളിയിൽ പ്രാവീണ്യമുള്ള വിദഗ്ധർക്ക് മാത്രം രസിക്കുന്നതാവാം ഈ അരങ്ങ് എന്ന മുൻവിധി തീർത്തും ഒഴിവാക്കാൻ ഈ പരിചയപരിപാടി ഏറെ സഹായിച്ചു. കഥകളി കഴിഞ്ഞിട്ടും  കഥയത്രയും കാണികളുടെ മനസ്സിൽ നിറഞ്ഞാടിക്കൊണ്ടേയിരിക്കുക. കഥകളി അരങ്ങ് ഗംഭീരമാവുക എന്നതിന് ഇതിലും നല്ല അനുഭവമില്ല .രാജസൂയം ഇപ്പോഴും കാണികളുടെ മനസ്സിൽ ഇരട്ടമേളപ്പദത്തോടെ നിറഞ്ഞാടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com