ADVERTISEMENT

കഥകളിയെ ലോകോത്തര കല എന്ന് വിശേഷിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സംഗീതത്തിന്റെ, മേളവാദ്യത്തിന്റെ ഭാവ വൈവിധ്യങ്ങളുടെ, ആവിഷ്കാര ഗരിമയുടെ, നൃത്തചാരുതയുടെ, വേഷഭംഗിയുടെ... അങ്ങനെ കലയിൽ നിന്നും രസികർ കാംക്ഷിക്കുന്നതെല്ലാം ഒരേ സമയത്ത് അരങ്ങിൽ സമന്വയിപ്പിക്കുന്ന കലയാണ് അത് എന്നതുകൊണ്ടാണ് കഥകളിക്ക് ആ അപൂർവ വിശേഷണം നൽകിയിരിക്കുന്നത്.

ആ വിശേഷണത്തെ ഓർമിപ്പിക്കുന്ന മനോഹര വിരുന്നാണ് കോട്ടയം കളിയരങ്ങിന്റെ വേദിയിൽ അരങ്ങേറിയ കുചേല വൃത്തം.

മുരിങ്ങൂർ ശങ്കരൻ പോറ്റി രചിച്ച ഈ ആട്ടക്കഥയുടെ സ്ഥായി ഭാവം ഭക്തി തന്നെ. തന്റെ സതീർഥ്യനായിരുന്ന ശ്രീകൃഷ്ണനെ കാണാൻ സുദാമാ എന്ന ദരിദ്ര ബ്രാഹ്മണൻ പുറപ്പെടുന്നത് കുചേലൻ എന്ന വിളിപ്പേര് വീഴും വിധം തനിക്കു വന്നുപെട്ട ദാരിദ്ര്യ ദുഃഖത്തിന് മഥുരാപുരിയുടെ രാജാവായി ഉയർന്നു കഴിഞ്ഞ പഴയ സതീർത്ഥ്യ  നിന്നും  ഏതെങ്കിലും തരത്തിലുള്ള സഹായം തേടണം എന്ന ഉപദേശം കേട്ടുകൊണ്ടാണ് .എന്നാൽ ആ യാത്രയിൽ കുചേലൻ "ദാനവാരി മുകുന്ദനെ സാനന്ദം കണ്ടീടാൻ" എന്ന അതിമനോഹര പദത്തിന്റെ  സഞ്ചാര സൗന്ദര്യത്തോടെ ചിന്തിക്കുന്നത്. 

kuchelavritham-4
ചിത്രം: രാധാകൃഷ്ണ വാര്യർ

 

"സൂനബാണ സുഷമനാമാനന്ദ മൂർത്തിയെച്ചെന്നു

നൂനം ഞൻ കണ്ടീടുന്നുണ്ടു നിസ്സന്ദേഹം !

നാളീകാക്ഷൻ തന്നെയെത്ര നാളായിട്ടു കാണ്മാൻ ഞാനും

മേളിത സന്തോഷത്തോടു മേവീടുന്നു"

എന്നിങ്ങനെയുള്ള മനോഹര വിചാരങ്ങളാണ് വെള്ളിനേഴി ഹരിദാസ് അവതരിപ്പിച്ച കുചേലന്റെ ചലനങ്ങളും നേത്രഭാവവും എല്ലാം. ശ്രീകൃഷ്ണനെ കാണുക എന്ന മുഗ്ധ സന്തോഷത്താൽ മറ്റേതോ ലോകത്തിലേക്ക് ഉയർന്ന സാധുവിന്റേതായിരുന്നു.

kuchelavritham-2
ചിത്രം: രാധാകൃഷ്ണ വാര്യർ

 

സമയ പരിമിതി മൂലം കുചേലന്റെ യാത്ര മുതലായിരുന്നു അരങ്ങുണർന്നത്. കോട്ടക്കൽ ഹരികുമാർ ശ്രീകൃഷ്ണനായും കലാമണ്ഡലം വിപിൻ ശങ്കർ രുക്മിണിയായും രംഗത്തെത്തി. ഏഴാം മാളികമുകളിൽ  ലക്ഷ്മീ തല്പത്തിൽ സല്ലപിച്ചു കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണന്‍ ദൂരെ നിന്ന് തന്റെ കൂട്ടുകാരന്‍ വരുന്നത് കാണുന്നു. രുഗ്മിണിയെ വിവരം ധരിപ്പിച്ച ശേഷം ഭഗവാന്‍ അതിവേഗം താഴത്തെ നിലയിലേക്ക് ഇറങ്ങി വന്നു വഴിയില്‍ വച്ചു തന്നെ തന്റെ കൂട്ടുകാരനെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സ്വീകരണവും രുക്മിണിയുടെ സഹകരണവും കഴിയുമ്പോൾ എത്തുന്ന 'കലയാമി സുമതേ 'എന്ന പദമാണ് കണികളെപ്പോലും ബാല്യത്തിലേക്ക് നയിക്കുന്ന മാന്ത്രികത ഉള്ളിൽ ഒതുക്കിയിരിക്കുന്നത്‌. ഗസൽ വേദികളിൽ ജഗ്ജിത സിങ് പാടി അനശ്വരമാക്കിയ ‘‘യെ ദൗലത് ഭി ലേലോ’’ (എന്റെ സമ്പത്തെല്ലാം തിരിച്ചെടുത്തോളൂ  പകരം എന്റെ കുട്ടിക്കാലവും ആ കടലാസുതോണിയും തിരിച്ചു തരൂ) എന്ന വിഷാദമധുരമായ ഗസൽ എന്തുകൊണ്ടാണ് ലോകപ്രിയമായത് എന്നറിയണമെങ്കിൽ ഈ ഒരു പദത്തിൽ ഒന്ന് ലയിച്ച് നോക്കിയാൽ മതിയാവും.

 

ചിത്രം: രാധാകൃഷ്ണ വാര്യർ
ചിത്രം: രാധാകൃഷ്ണ വാര്യർ

കോട്ടക്കൽ മധുവും കോട്ടക്കൽ വിനീഷും ചേർന്ന് ശങ്കരാഭരണത്തിന്റെ ചടുല ഭംഗിയാർന്ന വിതാനം ഒരുക്കിയപ്പോൾ ചെണ്ടയുടെ ആചാര്യ പ്രമുഖനായ കുറൂർ വാസുദേവൻ നമ്പൂതിരിപ്പാട്‌ കോട്ടക്കൽ ഹരികുമാറിന്റെ വടിവൊത്തകൈ മുദ്രകൾ വിടർത്തിയ കൊടും കാടിനെ തന്റെ വാദനത്തിലൂടെ കാണികളുടെ കണ്മുന്നിൽ പടർത്തി. മദ്ദളത്തിൽ കലാനിലയം ഓമനക്കുട്ടൻ അതിനൊത്ത പിന്തുണയും നൽകി. 

ചെറിയ ശിഖരങ്ങൾ ഒടിയുന്നതും എത്താത്ത കൊമ്പുകൾ വളച്ചു പിടിച്ച് പൊട്ടിക്കുന്നതും വിറക് അടുക്കി കെട്ടാൻ വള്ളി പറിക്കുമ്പോൾ ദേഹം മുഴുവൻ പുളിയുറുമ്പ് പൊതിയുന്നതും. രാത്രിയായപ്പോൾ കാടിന്റെ സൗമ്യഭാവം മാറി കരിമുഖം തെളിഞ്ഞു. മഴയും ഇടിയും മിന്നലും പ്രകാശവ്യതിയാനം തീർത്തുമില്ലാതെ വാദ്യത്തിന്റെ മാസ്മരികതയിൽ മുന്നിൽ വിരിയിക്കുന്ന വിസ്മയത്തിന്റെ പേരാണ് കഥകളി. പാട്ടിൽ മനസ്സ് ലയിച്ച് വാദ്യ ഭംഗിയിൽ കർണമാകെ നിറഞ്ഞ് അഭിനയ ചാരുതയിൽ കണ്ണ് നിറഞ്ഞുള്ള അനുഭവ ഭംഗിയായിരുന്നു ആ വേദി.

ഭക്തിഭാവ നിറവിൽ രസികരെ ആറാടിക്കുന്ന അജിതാഹരേ എന്ന കുചേലപദമായിരുന്നു അടുത്തത്. കുചേലനോടൊപ്പം കാണികളും ആനന്ദക്കണ്ണീരണിഞ്ഞ നേരം. മാധവാ... എന്ന പദം പല ഭാവത്തിൽ ഒഴുകിപ്പടർന്ന് മനസ്സലിയിച്ച അനുഭവം. കോട്ടക്കൽ മധുവിന്റെ ആലാപന സൗകുമാര്യം ഏറ്റവും മനോഹരമായി ഒഴുകിയ നേരം.

രണ്ട് മണിക്കൂർ സമയം മഥുരാപുരിയിൽ, സാന്ദീപനി ആശ്രമത്തിൽ ഇടക്കെല്ലാം സ്വന്തം കുട്ടിക്കാലത്തിലും ലയിച്ച രണ്ടു മണിക്കൂർ സമയം!

കളികഴിഞ്ഞിട്ടും കുചേലൻ കൃഷ്ണനെ എന്നതു പോലെ മനസ് ആ രണ്ടു മണിക്കൂർ സമയത്തെ അത്രയേറെ ആലംബ തേടലോടെ ചേർത്ത് പിടിച്ചിരിക്കുന്നു. മഴപെയ്തു തോർന്നിട്ടും മണ്ണിലാഴ്ന്ന വേരുകൾ കൊണ്ട് ഇനിയുള്ള ജീവിതത്തിനായി വേരുകൾ ജീവജലം കാത്തുവയ്ക്കും പോലെ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com