ADVERTISEMENT

കമൽഹാസൻ ടൈറ്റിൽ റോളിലെത്തിയ തമിഴ് സിനിമ വിക്രം റെക്കോർഡുകൾ സൃഷ്ടിച്ച് പ്രദർശനം തുടരുമ്പോൾ റോളെക്സ് വാച്ചുകളും ചർച്ചകളിൽ നിറയുകയാണ്. സിനിമയിൽ റോളെക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൂര്യയ്ക്ക് കമൽഹാസൻ തന്റെ റോളെക്സ് വാച്ച് സമ്മാനിച്ചതാണ് ഇതിനു കാരണം. 30 ലക്ഷം രൂപ വിലയുള്ള വാച്ച് ആണിതെന്ന റിപ്പോർട്ടും ആരാധകരെ അമ്പരപ്പിച്ചു. സെലിബ്രിറ്റികളുടെയും വിഐപികളുടെയും പ്രിയ ചോയ്സുകളിൽ ഒന്നാണ് എന്നും റോളെക്സ് ലക്ഷ്വറി വാച്ചുകൾ. റോളെക്സ് ഭ്രമമുള്ള ചില സെലിബ്രിറ്റികളെയും ചില റോളെക്സ് വിശേഷങ്ങളും അറിയാം.

∙ കിങ് ക്രിസ്റ്റ്യാനോ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള റോളെക്സ്  വാച്ചിന്റെ ഉടമ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 2019ലാണു റോളെക്സ് ജിഎംടി മാസ്റ്റർ ഐസ് എന്നു പേരുള്ള ആഡംബര വാച്ച് താരം വാങ്ങിയത്. 18 കാരറ്റ് വൈറ്റ് ഗോൾഡിൽ നിർമിച്ച വാച്ചിൽ വജ്രക്കല്ലുകളും പിടിപ്പിച്ചിട്ടുണ്ട്. 3.6 കോടി രൂപയാണ് വില. ക്രിസ്റ്റ്യാനോയുടെ പല ആഡംബര കാറുകളുടെയും വില ഇതിലും കുറവാണ്!.

christiano
(വലത്) ക്രിസ്റ്റ്യാനോയും പങ്കാളി ജോര്‍ജിനയും, (ഇടത്) റോളെക്സ് ജിഎംടി മാസ്റ്റർ ഐസ് വാച്ച്∙ Image Credits: Instagram

ഹോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടന്മാരിൽ ഒരാളായ ഡ്വെയ്ൻ ജോൺസനാണ് മറ്റൊരു പ്രമുഖ റോളെക്സ് ആരാധകൻ. വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്‌റിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു റോക്ക് എന്ന ഡ്വെയ്ൻ ജോൺസൺ. ഒരുകാലത്ത് റോളെക്സ് വാച്ചുകളോട് കടുത്ത പ്രണയമായിരുന്നെന്ന് ഓപ്ര വിൻഫ്രി ഷോയിൽ ജോൺസൺ പറഞ്ഞിരുന്നു. റസ്‌ലിങ് താരമായി കരിയര്‍‌ തുടങ്ങിയ കാലത്ത് റോളെക്സ് വാച്ച് വാങ്ങുക എന്നത് ജോൺസന്റെ വലിയൊരു സ്വപ്നമായിരുന്നു. ധാരാളം പണം കയ്യിലെത്തിയ സമയത്ത് അത്തരമൊരു വാച്ച് വാങ്ങി. പിന്നീട് പലതരത്തിലുള്ള റോളെക്സ് വാച്ചുകൾ അദ്ദേഹം സ്വന്തമാക്കി.

ഇന്ന് ഹോളിവുഡിലെ ഏറ്റവും വലിയ താരമാരാണെന്നു ചോദിച്ചാൽ ഒരു പക്ഷേ പലരുടെയും ഉത്തരം റോബർട് ഡൗണി ജൂനിയർ എന്നാകും. അയൺമാൻ ചിത്രങ്ങളിലൂടെയും അവഞ്ചേഴ്‌സിലൂടെയും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയം കവർന്ന താരത്തിന് വാച്ചുകളുടെ ഒരു കമനീയ കലക്‌ഷൻ തന്നെയുണ്ട്. ഒമീഗ, ബെൽ ആൻഡ് റോസ്, പാറ്റിക് ഫിലിപ് തുടങ്ങി ഡിസൈനർ വാച്ചുകളുടെ ഉടമയായ താരത്തിന്റെ പക്കൽ വിലകൂടിയ റോളെക്സ് വാച്ചുകളുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം ഗ്രീൻ സബ്മാരിനർ എന്ന വാച്ചാണ്. അവഞ്ചേഴ്‌സിലെ മറ്റൊരു കഥാപാത്രം ഹൾക്കിനെ അനുസ്മരിപ്പിക്കുന്നതിനാൽ ഹൾക്ക് എന്നും ആരാധകർ ഈ വാച്ചിനെ വിശേഷിപ്പിക്കാറുണ്ട്.

പാശ്ചാത്യ സിനിമയിലെ ആക്‌ഷ സൂപ്പർഹീറോമാരായ ജേസൺ സ്ട്രാഥം, ഡാനിയേൽ ക്രെയ്ഗ്, ഫ്രണ്ട്‌സ് എന്ന ടെലിവിഷൻ സീരീസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന് പിന്നീട് ഹോളിവുഡിന്‌റെ മുഖമായി മാറിയ ജെന്നിഫർ അനിസ്റ്റൻ എന്നിവരും റോളെക്സ് ഭ്രമമുള്ളവരാണ്. യുഎസിലെ ഏറ്റവും പ്രശസ്ത സെലിബ്രിറ്റികളും സഹോദരിമാരുമായ കിം കർദാഷിയാനും കൈലി ജെന്നറും റോളെക്‌സിന്‌റെ ആരാധകരാണ്. റോളെക്സ് ഡേറ്റ്ജസ്റ്റ് എന്ന വാച്ചാണ് ഇരുവർക്കും പ്രിയം.

ഹോളിവുഡിന്റെ എവർഗ്രീൻ താരങ്ങളിലൊരാളായ മാർക് വാൾബെർഗും റോളെക്‌സിന്‌റെ ആരാധകനാണ്. റോളെക്‌സിലെ തന്നെ ഡേയ്‌ടോണ എന്ന മോഡലാണു വാൾബെർഗിനിഷ്ടം. ഈ മോഡലിന്റെ പല വകഭേദം വാച്ചുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സ്‌പോർട്‌സ് മോഡലുകളായ സബ്മാരിനർ, ജിഎംടി മാസ്റ്റർ സെക്കൻഡ്, യാട്ട് മാസ്റ്റർ 2 തുടങ്ങിയ വാച്ചുകളും അദ്ദേഹത്തിനുണ്ട്. ഹോളിവുഡിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളായ വിൽ സ്മിത്ത് 3 അത്യാഡംബര റോളെക്സ് വാച്ചുകളുടെ ഉടമയാണ്. സ്‌കൈ ഡ്വല്ലർ, സബ്‌സിഡിയറി ട്യൂഡർ, ഹെറിറ്റേജ് ബ്ലാക്ക് ബേ എന്നിവയാണ് ഇവ.

rolex-collection
റോളെക്സ് വാച്ച് ശേഖരം∙ Image Credits: Everyonephoto Studio / Shutterstock.com

∙ തുടക്കം ലണ്ടനിൽ

സ്വിസ് വാച്ചുകളിലെ പ്രമുഖരാണെങ്കിലും റോളെക്സ് കമ്പനി 1905ൽ ബ്രിട്ടനിലെ ലണ്ടനിലാണ് തുടങ്ങിയത്. ഒന്നാം ലോകയുദ്ധത്തിനു ശേഷം പ്രക്ഷുബ്ധമായ ബ്രിട്ടിഷ് വ്യാവസായിക അന്തരീക്ഷം മൂലം കമ്പനി സ്വിറ്റ്‌സർലൻഡിലെ ജനീവയിലേക്കു തട്ടകം മാറ്റി. 1960 മുതൽ ഹാൻസ് വിൽസ്‌ഡോർഫ് ഫൗണ്ടേഷൻ എന്ന കുടുംബട്രസ്റ്റാണ് റോളെക്‌സിന്റെ ഉടമകൾ.

രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടിഷ് പൈലറ്റുമാർ വൻതോതിൽ റോളെക്സ് വാച്ചുകൾ വാങ്ങിയിരുന്നു. കൂടുതൽ സമയക്ലിപ്തത ലഭിക്കുന്നതിനായിരുന്നു ഇത്. എന്നാൽ ഇവരിൽ പലരെയും ജർമനി യുദ്ധത്തടവുകാരായി പിടിച്ചു. പിടിച്ചവരിൽ പലരെയും പിന്നീട് മോചിപ്പിച്ചെങ്കിലും ഇവരുടെ വാച്ചുകൾ തിരികെ നൽകിയില്ല. ഇതറിഞ്ഞ റോളെക്സ് കമ്പനി വാച്ച് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി പുതിയത് നൽകി.

1962ൽ യുഎസിലെ മാഡിസൻ സ്‌ക്വയർ ഗാർഡനിൽ നടന്ന ഒരു ജന്മദിനാഘോഷ ചടങ്ങ് ലോകപ്രശസ്തമാണ്. യുഎസ് പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുടെ ജന്മദിന ചടങ്ങായിരുന്നു അത്. പ്രസിഡന്റിന്റെ ആശംസാഗീതം പാടിയത് സാക്ഷാൽ മെർലിൻ മൺറോ. പാട്ടുമുഴുവിച്ച ശേഷം മെർലിൻ പ്രസിഡന്റിന് ഒരു സമ്മാനം നൽകി. വിലകൂടിയ ഒരു റോളെക്സ് വാച്ച്. ഇതു വലിയ ചർച്ചയായി മാറി. കെന്നഡിയും മെർലിനും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ശക്തമാകാൻ ഇതു വഴിവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com