കോസ്മെറ്റിക്സ്, ഇന്നർവെയർ വിപണിയിൽ തേരോട്ടം; റിയാനയുടെ ആസ്തി 1.4 ബില്യൻ ഡോളർ; പുതിയ നേട്ടം

beauty-and-fashion-lines-helped-rihanna-to-becomes-youngest-self-made-billionaire
SHARE

യുഎസിൽ സ്വപ്രയത്നത്താൽ ശതകോടീശ്വരിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി റിയാന. 34 വയസ്സുള്ള റിയാനയ്ക്ക് ഫോബ്സ് പട്ടിക പ്രകാരം 1.4 ബില്യൻ യുഎസ് ഡോളറിന്റെ ആസ്തിയുണ്ട്. താരത്തിന്റെ ഉടമസ്ഥയിലുള്ള സൗന്ദര്യ വർധക വസ്തുക്കളും അടിവസ്ത്രങ്ങളും വിൽക്കുന്ന കമ്പനികളുടെ വളർച്ചയാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. തന്റെ പ്രശസ്തി സംരംഭകത്വവുമായി കൂട്ടിക്കെട്ടിയുള്ള താരത്തിന്റെ ബിസിനസ് മോഡൽ വൻ ഹിറ്റായിരുന്നു. 2020ൽ 600 മില്യൺ ഡോളറായിരുന്നു റിയാനയുടെ ആസ്തി. രണ്ടു വർഷം കൊണ്ടാണ് ഇരട്ടിയിലധികമായത്. ഫോർബ്സ് പട്ടികയിൽ 21ാം സ്ഥാനത്താണ് റിയാന. 40 വയസ്സിൽ താഴെയുള്ളവരിൽ റിയാന മാത്രമാണ് പട്ടികയിലുള്ളത്. 

ഫെന്റി ബ്യൂട്ടി, ഫെന്റി സ്കിൻ, സാവേജ് എക്സ് ഫെന്റി എന്നീ മൂന്ന് ചില്ലറവ്യാപാര കമ്പനികളാണ് റിയാനയുടെ ഉടമസ്ഥതയിലുള്ളത്. ഫെന്റി ബ്യൂട്ടി എന്ന കമ്പനി മാത്രം 2020ൽ 550 മില്യൻ യുഎസ് ഡോളർ വരുമാനമുണ്ടാക്കി. റിയാനയുടെ അടിവസ്ത്ര കമ്പനിയായ സാവേജ് എക്സ് ഫെന്റി ഒരു ബില്യനിനടുത്ത് മൂല്യമുള്ളതാണ്.

rihanna-1

ഇതുവരെ യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ, സ്വപ്രയത്നത്താൽ ശതകോടീശ്വരിയായ വ്യക്തി കിം കർദാഷിയാനായിരുന്നു. 1.8 ബില്യൻ യുഎസ് ഡോളർ ആസ്തിയുള്ള കിമ്മിന് ഇപ്പോൾ 41 വയസ്സുണ്ട്.

റിയാനയുടെ ഈ നേട്ടത്തിലേക്ക് കിം കർദാഷിയാന്റെ സഹോദരിയും അതിപ്രശസ്ത സെലിബ്രിറ്റിയുമായ കൈലി ജെന്നർ വരുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടിരുന്നത്. 2019ൽ, അന്ന് 21 വയസ്സുണ്ടായിരുന്ന കൈലിയുടെ ആകെ ആസ്തി 900 മില്യൻ യുഎസ് ഡോളർ എന്ന നിലയിലെത്തി. അവരെ ശതകോടീശ്വരിയാക്കാനായി ആരാധകർ ക്രൗഡ്ഫണ്ടിങ് വഴി പിരിവെടുത്തെന്ന റിപ്പോർട്ടുകളും അന്നുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് കൈലിക്കെതിരെ നികുതിവെട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങളും മറ്റും വന്നതോടെ ഫോബ്സ് കൈലിയുടെ പേര് വെട്ടി. പിന്നീടാണ് റിയാന ആ സ്ഥാനത്തേക്ക് ഉയർന്നത്.

1988ൽ കരീബിയൻ രാഷ്ട്രമായ ബാർബഡോസിലാണ് റോബിൻ റിയാന ഫെന്റി എന്ന റിയാന ജനിച്ചത്. കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു കുട്ടിക്കാലമായിരുന്നു അവർക്കുണ്ടായിരുന്നത്. അച്ഛനമ്മമാർ തമ്മിൽ എന്നും തല്ലുംവഴക്കും. അച്ഛൻ മദ്യപനും ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളുമായിരുന്നു. റിയാനയ്ക്ക് 14 വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വേർപിരിഞ്ഞു. പിന്നീടായിരുന്നു ഗായികയായി റിയാന പ്രശസ്തിയിലേക്ക് ഉയർന്നത്. ഒട്ടേറെ പ്രശസ്തരായ ആളുകളുമായി റിയാന പ്രണയത്തിലേർപ്പെട്ടിരുന്നു. 2007ൽ പ്രശസ്ത ഗായകൻ ക്രിസ് ബ്രൗണുമായിട്ടുള്ള പ്രണയം ഏറെ ശ്രദ്ധ നേടിയെങ്കിലും വേർപിരിഞ്ഞു. പിന്നീട് ബേസ്ബോൾ താരം മാറ്റ് കെംപ്, ഫ്രഞ്ച് ഫുട്ബോൾ താരം കാരിം ബെൻസെമ, ഫോർമുല വൺ താരം ല്യൂയി ഹാമിൽട്ടൺ, ഗായകൻ ട്രാവിസ് സ്കോട്ട് തുടങ്ങിയവരുമായി പ്രണയം. പിന്നീട് അസാപ് റോക്കി എന്ന ഗായകനുമായി റിയാന പ്രണയത്തിലായി. ഈ വർഷം ഇവർക്ക് ഒരു ആൺ‍കുട്ടിയും ജനിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS