‘‘മീൻമണം മാറാൻ എന്റെ മുത്തച്ഛൻ ഉൾപ്പടെ അത്തറു പൂശുമായിരുന്നു. തൃശൂർ ചാവക്കാട്ടെ ആ ബാല്യം മുതൽ സുഗന്ധങ്ങളുമായി മനസ്സ് അഗാധ ബന്ധത്തിലായതാണ്. ഇന്നിപ്പോൾ യുഎഇയിൽ നിന്നു മാത്രമല്ല,ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നല്ല സുഗന്ധലേപനം തേടി ആളുകൾ ഇവിടെ എത്തുന്നതിൽ അതിയായ അഭിമാനവും സന്തോഷവുമുണ്ട്’’- ദയ്റ ഗോൾഡ് സൂഖിലെ യൂസുഫ് ഭായി എന്ന ബ്രാൻഡഡ് ഷോപ്പിലിരുന്ന് യുഎഇയുടെ സുഗന്ധമനുഷ്യൻ യൂസുഫ് മുഹമ്മദലി മടപ്പേൻ (54) പറഞ്ഞു തുടങ്ങി. ‘‘സുഗന്ധങ്ങൾക്കു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണമുണ്ടല്ലോ, അതാണ് ഏറ്റവും വലിയ സുഗന്ധം. സ്വഭാവത്തോളം നല്ല ഗന്ധം മറ്റൊന്നിനുമില്ലെന്നും തോന്നിയിട്ടുണ്ട്’’- ഹൃദയഹാരിയായ ഗന്ധം പോലെ അദ്ദേഹത്തിന്റെ വാക്കുകൾ. യൂസുഫ് തന്റെ ജീവിതം പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഒരു പഞ്ചാബി ചാനലിന്റെ ആളുകൾ അഭിമുഖത്തിനെത്തി. അതിനു പിന്നാലെ സോമാലിയക്കാരൻ മുഹമ്മദ് എന്ന യുവാവുമെത്തി. തന്റെ പിതാവ് ഉപയോഗിച്ച പെർഫ്യൂമിന്റെ കുപ്പിയാണിതെന്നും ഇതേ ഗന്ധം തനിക്ക് നിർമിച്ചു തരണമെന്നുമായിരുന്നു മുഹമ്മദിന്റെ ആവശ്യം. യൂസുഫ് ഭായിയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തിയതാണെന്നും പറഞ്ഞു. നിറ ചിരിയോടെ യൂസുഫ് ആ കുപ്പി വാങ്ങി മൂക്കോടു ചേർത്തു പിടിച്ച് ഒന്നു കണ്ണടച്ചു. ഒരു മന്ദഹാസം മുഖത്തു മിന്നി. അതെ, അതിന്റെ ഗന്ധക്കൂട്ട് കണ്ടെത്തിയതിന്റെ ആനന്ദം. കടയിലെ തന്റെ സഹോദരപുത്രരോട് അതേക്കുറിച്ച് പറഞ്ഞിട്ട് അദ്ദേഹം അഭിമുഖത്തിന് തയ്യാറെടുത്തു. അപ്പോഴേക്കും മുഹമ്മദിന് സ്വർഗം കിട്ടിയ സന്തോഷം. അദ്ദേഹം യൂസുഫിനെ കെട്ടിപ്പിടിച്ച് ഒരു സെൽഫി വേണമെന്ന് ആവശ്യപ്പെട്ടു. ഇതുപോലെ ദിനവും നൂറുകണക്കിനു പേരാണ് യൂസുഫിന്റെ കടകളിലെത്തി സുഗന്ധപൂരിതമായ നിമിഷങ്ങൾ സമ്മാനിക്കുന്നത്... അത്തറുമണമുള്ള, പെർഫ്യൂം ഗന്ധം നിറഞ്ഞ ആ ജീവിതത്തിലേക്കാണ് ഇനി നമ്മുടെ യാത്ര...
HIGHLIGHTS
- ദുബായിൽ ഒരു വൈറൽ പെർഫ്യൂമറുണ്ട്; മലയാളികളുടെ അഭിമാനം
- ‘യൂസുഫ് ബ്രാൻഡ്’ എങ്ങനെ സുഗന്ധപ്രേമികളുടെ അവസാന വാക്കായി?
- ചാവക്കാട്ടെ കടപ്പുറത്ത് ഓടുന്ന, നാട്ടുവഴിയിൽ സൈക്കിൾ ചവിട്ടുന്ന യൂസുഫ് പറയും ആ കഥ