ADVERTISEMENT

‘‘ഇത്രയേറെ ആസ്വദിച്ചു ചെയ്ത മറ്റൊരു വർക് എന്റെ കരിയറിലില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരക്കഥാകൃത്ത് മുഹ്സിൻ, സംവിധായകൻ ഖാലിദ് റഹ്മാൻ, ഛായാഗ്രഹകൻ ജിംഷി ഖാലിദ് എന്നിവരുമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ട്  5 വർഷമായിട്ടുണ്ടാകും. ഓരോരുത്തരും അത്രയേറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അതിനു ഫലം ലഭിച്ചതിൽ അതിയായ സന്തോഷം’’– തല്ലുമാലയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ കോസ്റ്റ്യൂം ഡിസൈനർ മസ്ഹർ ഹംസയുടെ വാക്കുകളിൽ സംതൃപ്തിയും സന്തോഷവും നിറഞ്ഞു. സിനിമ റിലീസ് ആയതിനുശേഷം മസ്ഹർ ഹംസയ്ക്ക് ഫോണ്‍ കോളുകളുടെ പ്രവാഹമാണ്. അഭിനന്ദനം അറിയിച്ചു മാത്രമല്ല സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കോസ്റ്റ്യൂമുകളും ആക്സസറികളും എവിടെനിന്നു ലഭിക്കുമെന്ന് അറിയാൻ കൂടിയാണ് ആ വിളികള്‍. തല്ലുമാലയിലെ വസ്ത്രങ്ങളുടെ കഥ മസ്ഹർ ഹംസ മനോരമ ഓണ്‍ലൈനോട് പങ്കുവയ്ക്കുന്നു.

തല്ലുമാല

റഹ്മാനും മുഹ്സിനും ജിംഷിയുമായിട്ടുള്ള, 5 വർഷം മുമ്പുള്ള ഇൻസ്റ്റഗ്രാം ചാറ്റ് നോക്കിയാൽ ഈ സിനിമയുടെ കോസ്റ്റ്യൂം റഫറൻസുകൾ കാണാം. കാണുന്നതെല്ലാം പരസ്പരം അയയ്ച്ച്, ചർച്ച ചെയ്ത് തല്ലുമാലയ്ക്കു വേണ്ടി അന്നേ എല്ലാവരും ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അതിനുശേഷമാണ് സ്ക്രിപ്റ്റ് തയാറാകുന്നതും മറ്റു കാര്യങ്ങൾ പൂർത്തിയാകുന്നതും. 

thallumala-costume-designer-mashar-hamsa-3

ഫാഷനും പാട്ടിനും ഡാൻസിനും തല്ലിനും പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യണമെന്ന് ഏറെ നാളായി ആഗ്രഹിച്ചിരുന്നു. അതാണ് തല്ലുമാലയിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. ലഭിച്ച അവസരം ഞാൻ പരമാവധി ഉപയോഗിച്ചു. സാധ്യമായ എല്ലാ ട്രെൻഡുകളും സിനിമയുടെ കോസ്റ്റ്യൂമിലും ആക്സസറികളിലും പരീക്ഷിച്ചിട്ടുണ്ട്. 

ഇതുവരെ ചെയ്തതിൽ എന്റെ സ്റ്റൈലുമായി ചേർന്നു നിൽക്കുന്ന സിനിമയാണിത്. ഷൂസുകള്‍ വളരെയധികം ഇഷ്ടപ്പെടുന്ന, കലക്ട് ചെയ്യുന്ന ഒരാളാണു ഞാൻ. ഡ്രസ്സിങ്ങിൽ സ്ട്രീറ്റ് സ്റ്റൈലാണ് ഇഷ്ടം. അതെല്ലാം തല്ലുമാലയിലുണ്ട്. ഈ സിനിമയിലൂടെ റഹ്മാനും മുഹ്സിനും എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് പെട്ടെന്നു മനസ്സിലായി. അവർക്കു വേണ്ടതു നൽകാനും സാധിച്ചു. 

ലോജിക് വേണ്ട

മുഹ്സിനൊപ്പം ചെയ്ത സുഡാനി ഫ്രം നൈജീരിയയും ഹലാൽ ലൗവ് സ്റ്റോറിയും ഖാലിദിനൊപ്പം ചെയ്ത ഉണ്ടയും റിയലിസ്റ്റിക് സിനിമകളായിരുന്നു. അവിടെ കോസ്റ്റ്യൂമില്‍ ഔട്ട് ഓഫ് ദ് ബോക്സ് ആയി ഒന്നും ചെയ്യാനാവില്ല. എന്നാൽ ഇതിൽ ലോജിക് ഇല്ല, അതുകൊണ്ട് എല്ലാം ഔട്ട് ഓഫ് ദ് ബോക്സ് ആയിക്കോട്ടെ എന്നാണ് റഹ്മാൻ എന്നോടു പറഞ്ഞത്. അതൊരു പ്രചോദനമായിരുന്നു. പരിധികളില്ലാതെ പ്രവർത്തിക്കാനുള്ള സാധ്യതയാണ് ആ വാക്കുകളിലുണ്ടായിരുന്നത്. എന്റെ ആശയങ്ങൾ വളരെ എളുപ്പം അവരെ പറഞ്ഞു മനസ്സിലാക്കാം. എല്ലാവരും എന്നിൽ വളരെയധികം വിശ്വാസം പ്രകടിപ്പിച്ചു.

thallumala-costume-designer-mashar-hamsa-2

മലബാർ മേഖലയിലെ പുതു തലമുറയുടെ വസ്ത്രധാരണമാണ് ഇതിലെ റഫറൻസ്. ട്രെൻഡി വസ്ത്രങ്ങൾ അവിടെ അത്രയേറെ  സ്വാധീനം ചെലുത്തുന്നുണ്ട്. ആ മേഖലയിൽ ഒരു കല്യാണത്തിന് പോകുമ്പോൾ കാണുന്ന വസ്ത്രക്കാഴ്ചകൾ സിനിമയിലുണ്ട്. ജൂബയും സ്യൂട്ടുമൊക്കെ ധരിച്ചവര്‍ അവിടെയുണ്ടാകും. അതില്‍ എന്താണ് പുതുമ കൊണ്ടുവരാനാവുക എന്നാണു ചിന്തിച്ചത്. പ്ലെയിൻ വസ്ത്രങ്ങളിൽ പാറ്റേണുകളും പ്രിന്റുകളുമൊക്ക നൽകി പുതുമയും സിനിമാറ്റിക് ഫീലും നൽകി.

മുമ്പ് ചെയ്ത സിനിമകൾ റിലീസ് ആയപ്പോൾ അഭിനന്ദനം അറിയിച്ചാണ് കൂടുതൽ മെസേജുകൾ വന്നിട്ടുള്ളത്. എന്നാൽ ഇത്തവണ ഈ ഡ്രസ്സും ആക്സസറിയുമൊക്കെ എവിടെനിന്നു ലഭിക്കും എന്നറിയാനാണ് ആളുകൾ വിളിക്കുന്നത്. സിനിമയിൽ ഉപയോഗിച്ച കോസ്റ്റ്യൂം വില്‍ക്കാൻ വയ്ക്കുമോ എന്നു ചോദിച്ചവരുമുണ്ട്. അതൊരു പുതിയതും രസകരവുമായ അനുഭവവുമാണ്.

ചൈനീസ് സ്റ്റൈൽ

സിനിമയിൽ ഉപയോഗിച്ചിട്ടുള്ള കസ്റ്റമൈസ്ഡ് വസ്ത്രങ്ങളെല്ലാം ഞങ്ങൾ ഡിസൈൻ ചെയ്ത്, പനമ്പള്ളി നഗറിലെ എന്റെ സ്റ്റുഡിയോയിൽ സ്റ്റിച്ച് ചെയ്തവയാണ്. സ്ട്രീറ്റ് വെയറുകൾ ചൈനയിൽ നിന്നാണ് എത്തിച്ചത്. കൊറിയൻ ഫാഷന്‍ പ്രൊഡക്ട്സിന്റെ ഉത്പാദനം കൂടുതൽ നടക്കുന്നത് ചൈനയിലാണ്. ഏറ്റവും പുതിയ ട്രെൻഡി വസ്ത്രങ്ങളും ആക്സസറീസും അവിടെ ലഭിക്കും. നമ്മുടെ മാർക്കറ്റിൽ അത്ര എളുപ്പം കിട്ടണമെന്നില്ല. ചൈനയിലുള്ള എന്റെ ഒരു ബിസിനസ് സുഹൃത്ത് വഴിയാണ് വസ്ത്രങ്ങൾ എത്തിച്ചത്. അദ്ദേഹത്തിന് റഫറൻസും അളവുകളും നമ്മുടെ ആവശ്യങ്ങളും അയച്ചു കൊടുക്കും. 

thallumala-costume-designer-mashar-hamsa-6
മസ്ഹർ ഹംസ

കോസ്റ്റ്യൂമിന് 60 ലക്ഷം രൂപയാണ് ചെലവായത്. അതായത്, ഞാൻ സാധാരണ ചെയ്യുന്ന സിനിമയുടെ 10 ഇരട്ടി. മലയാളത്തിൽ വളരെ വിരളമായേ ഇതു സംഭവിക്കൂ.  നിർമാതാവ് ആഷിഖ് ഉസ്മാൻ സിനിമയിലെ കോസ്റ്റ്യൂമിന്റെ പ്രാധാന്യം മനസ്സിലാക്കുകയും എന്നെ വിശ്വസിക്കുകയും ചെയ്തു. അത്രയും പണം നിക്ഷേപിക്കുമ്പോൾ അതിന്റെ പ്രൗഢി സിനിമയിൽ പ്രതിഫലിക്കുന്നതു സ്വാഭാവികം.   

ഒരു സമയം ഒരു സിനിമ

ഒരു സമയം ഒരു സിനിമ എന്ന രീതി പിന്തുടരുന്ന വ്യക്തിയാണു ഞാൻ. അതാണ് എനിക്ക് കംഫർട്ടബിൾ. രണ്ടെണ്ണമായാൽ ബാലൻസ് ചെയ്യാൻ  ബുദ്ധിമുട്ടും. ചെയ്യുന്ന വർക്കിൽ പൂർണമായി ശ്രദ്ധിക്കാൻ സാധിക്കില്ല. അപ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും. പരമാവധി അത്തരം സാഹചര്യം ഒഴിവാക്കുന്നു. ഒരു സിനിമ ഏറ്റെടുത്ത് അത് പാക്കപ് ചെയ്യുന്നതു വരെ സെറ്റില്‍ നിൽക്കും. കാരണം ഒരു സീൻ ചിത്രീകരിക്കുന്നതു കാണുമ്പോഴാകും പുതിയൊരു ആശയം തോന്നുക. സംവിധായകനോടു പറഞ്ഞ് അനുയോജ്യമാണെങ്കിൽ കോസ്റ്റ്യൂമിൽ ആ മാറ്റം വരുത്താമല്ലോ. എങ്കിലും സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ചിലപ്പോൾ ഒരേ സമയം രണ്ടു സിനിമകൾ ചെയ്യേണ്ടി വരാറുണ്ട്.

thallumala-costume-designer-mashar-hamsa-4
(ഇടത്) സൗബിനൊപ്പം മസ്ഹർ ഹംസ, (വലത്) ടൊവീനോയും മസ്ഹറും

ഒരു ഡിസൈനിങ് അസിസ്റ്റന്റും സ്റ്റിച്ച് ചെയ്യാൻ രണ്ടു പേരുമാണ് എനിക്കൊപ്പം സാധാരണ ഉണ്ടാവുക. സിനിമയുടെ വലുപ്പം കൂടുന്നതിന് അനുസരിച്ച് ആളുകളുടെ എണ്ണം കൂടും. തല്ലുമാലയ്ക്ക് 10 പേർ ഉണ്ടായിരുന്നു. ജൂനിയർ ആർട്ടിസ്റ്റുകളുടെ വസ്ത്രധാരണം പോലും പ്രതിഫലിക്കുന്ന തരത്തിലാണ് തല്ലുമാല ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് കൂടുതൽ ശ്രദ്ധ വേണ്ടി വരും. അങ്ങനെ ടീമും വലുതായി. 

സൗഹൃദം അഥവാ സിനിമ

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയിൽ സമീര്‍ താഹിറിനൊപ്പം വർക് ചെയ്താണ് തുടങ്ങിയത്. ആ സൗഹൃദങ്ങളാണ് ഇന്നുമുള്ളത്. അന്ന് അസിസ്റ്റന്റ് ആയിരുന്നവർ പിന്നീട് സിനിമ ചെയ്യുമ്പോൾ എന്നെ വിളിക്കുന്നു. അങ്ങനെ സൗഹൃദം സിനിമകൾ നൽകുന്നു. സിനിമകളിലൂടെ സൗഹൃദങ്ങൾ വളരുകയും ശക്തമാവുകയും ചെയ്യുന്നു. അതു വലിയ സന്തോഷം നൽകുന്ന കാര്യമാണ്. നമുക്ക് ജോലി ചെയ്യാന്‍ എളുപ്പമാണ്. 

തങ്കത്തിന്റെ ഷൂട്ടാണ് ഇപ്പോള്‍ കഴിഞ്ഞത്. പാൽതു ജാൻവർ റിലീസിന് ഒരുങ്ങുന്നു. പടവെട്ട്, ജീൻ, രോമാഞ്ചം, ചട്ടമ്പി എന്നിവയും വൈകാതെ തിയറ്ററുകളിലെത്തും.

English Summary: Thallumala Movie costume designer 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com