ചെരിപ്പിന്റെ വില 19,500; 54% ഡിസ്കൗണ്ട്, ഇഎംഐ ഓപ്ഷൻ: ‘ഹ്യൂഗോ ബോസി’ന് ട്രോൾ

hugo-boss-sells-slippers-for-rs-19500-and-its-trending-now
ഖാബി ലെയിം (ഇടത്), ഹ്യൂഗോ ബോസ് സ്ലിപ്പർ (വലത്)
SHARE

ഹ്യൂഗോ ബോസ് എന്ന ലക്ഷ്വറി ബ്രാന്റ് ഒരു ചെരുപ്പ് പുറത്തിറക്കി. നീല നിറത്തിലുള്ള, പൂർണമായും ലെതറിൽ നിർമിച്ച ഒരു ലക്ഷ്വറി സ്ലിപ്പർ. 19,500 രൂപ വിലയുള്ള ചെരിപ്പ് 54% ഡിസ്കൗണ്ട് ഓഫർ കഴിഞ്ഞ് 8,990 രൂപയ്ക്ക് ലഭിക്കും. 500 രൂപ മാസത്തവണയായി നൽകി ചെരിപ്പ് സ്വന്തമാക്കാനുള്ള ഇഎംഐ ഓപ്ഷനുമുണ്ട്. താൽപര്യമുള്ളവർക്ക് കമ്പനിയുടെ ഒൗദ്യോഗിക സൈറ്റിൽനിന്നും ചെരിപ്പ് വാങ്ങാം.

പരസ്യമാണെന്ന് വിചാരിക്കല്ലേ, ട്വിറ്ററിൽ ഇപ്പോൾ ഈ ചെരിപ്പാണ് ചർച്ചാവിഷയം! നാലക്ക തുകയ്ക്ക് ഹ്യൂഗോ ബോസ് പുറത്തിറക്കിയ ഈ ചെരിപ്പിന് കാണാൻ ലുക്കില്ല എന്നതാണ് പലരുടെയും പ്രശ്നം. ശുചി മുറിയിലൊക്കെ ഉപയോഗിക്കുന്ന ഹവായി ചെരിപ്പുമായി ചെറിയ ഒരു മുഖസാദൃശ്യം ഉണ്ടെന്നാണ് ചിലരുടെ നിരീക്ഷണം. ഈ 150 രൂപയുടെ ചെരിപ്പ് ലോഗോ വച്ച് കാശ് കൂട്ടി വിൽക്കുന്നതെന്തിനാ എന്നാണ് പലരും ചോദിക്കുന്നത്. ഞാനൊരു കോ‍ടീശ്വരനായാൽ പോലും ഈ തുക കൊടുത്ത് ഈ സ്ലിപ്പർ വാങ്ങില്ലെന്നും 500 രൂപ മാസത്തവണ വ്യവസ്ഥയിൽ ചെരിപ്പ് വാങ്ങുന്നത് ആലോചിക്കാൻ പോലുമാകുന്നില്ലെന്നും കമന്റുകൾ നിറഞ്ഞു. 5 വർഷം മുൻപ് 250 രൂപയ്ക്ക് വാങ്ങിയ സ്ലിപ്പർ ഇപ്പോഴും ഉപയോഗിക്കുന്നു എന്നു പറഞ്ഞ് ചെരിപ്പിന്റെ ചിത്രങ്ങളടക്കം ട്വീറ്റ് ചെയ്തവരുമുണ്ട്. 

ലക്ഷ്വറി ബ്രാന്റുകൾ ഇത്തരത്തിൽ ഇതാദ്യമായല്ല ട്രോൾ ചെയ്യപ്പെടുന്നത്. ബലൻസിയാഗയുടെ 1.4 ലക്ഷം രൂപയുടെ ട്രാഷ് പൗച്ചും നമ്മളിവിടെ ഉപയോഗിക്കുന്ന സാധാരണ കുർത്തി പോലെ ഇരിക്കുന്ന ഗുച്ചിയുടെ 2.5 ലക്ഷത്തിന്റെ കഫ്താനും വിമർശിക്കപ്പെട്ടതും ഇത്ര വില കൊടുത്ത് ആളുകൾ ഇവ വാങ്ങുമോ എന്ന സംശയത്തിന്റെ പേരിലാണ്. എന്നാൽ ഇതൊക്കെ വാങ്ങി ഉപയോഗിക്കാൻ താൽപര്യമുള്ളവരുണ്ട്. ലുക്കിനെക്കാൾ കൂടുതൽ അവർ ബ്രാൻഡിന്റെ വിശ്വാസ്യതയ്ക്കാണു പ്രാധാന്യം നൽകുന്നത്. ഉപയോഗിക്കുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം, ഉത്പന്നത്തിന്റെ ഗുണമേന്മ, പുതുമ, നിക്ഷേപം എന്ന നിലയിലുള്ള ഡിസൈനർ ബാഗുകളുടെയും വാച്ചുകളുടെയും സാധ്യത തുടങ്ങി പല കാരണങ്ങൾ മുൻനിർത്തിയാണ് ആളുകൾ ലക്ഷ്വറി സാധനങ്ങൾ വാങ്ങുന്നത്. 

ഇത്രയധികം തുകയ്ക്ക് സാധനങ്ങൾ വാങ്ങുന്നത് പ്രീമിയം ക്വാളിറ്റി ഇഷ്ടപ്പെടുന്നവരാണ്. ഇത്തരം ലക്ഷ്വറി ബ്രാൻഡുകളുടെ ഉത്പന്നങ്ങുടെ ഉത്പാദനത്തിന് അത്ര വിലയൊന്നും വരില്ല എന്ന് അറിയാവുന്നവരാണ് ഇവർ. പരസ്യം ചെയ്യാനുള്ള തുക, മോഡലുകൾക്കുള്ള തുക എന്നിവയെല്ലാം കൂട്ടിയാണ് എംആർപി തീരുമാനിക്കുന്നത്. എന്നാൽ ബ്രാൻഡ് ഉണ്ടാക്കിയെടുത്ത വിശ്വാസത്തിനാണ് ഇവിടെ വില. 

ഹ്യൂഗോ ബോസ് എന്ന ജെർമൻ ബ്രാൻഡിന്റെ ബീ യുവർ ഓൺ ബോസ് (Be Your Own Boss) ക്യാംപെയ്ൻ പാർട്നർ ഖാബി ലെയിമിന്റെ ഐക്കോണിക് എക്സ്പ്രഷനാണ് ഈ ചെരിപ്പു ചർച്ചയ്ക്കുള്ള കൃത്യമായ മറുപടിയെന്നും പറയുന്നവരുണ്ട്. വാങ്ങുന്നവർ വാങ്ങട്ടെ എന്നല്ലാതെ ലോകം മൊത്തം സംസാരവിഷയമാക്കേണ്ട കാര്യമാണോ ഇതൊക്കെ എന്നാണ് ഇവരുടെ ചോദ്യം. 

English Summary: Hugo Boss sells 'bathroom chappals' for Rs 8,990; It's trending in twitter 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS