ADVERTISEMENT

ചെഞ്ചുണ്ടിന്റെ ചേല് മോഹിക്കാത്ത പെണ്ണഴകുണ്ടോ? നല്ല തത്തമ്മ ചുണ്ട് പോലെ ചുവന്ന ചുണ്ടുള്ളവൾ, എത്ര മനോഹരമായ വർണ്ണന. പുത്തൻ ബ്രാൻഡുകളുടെ വിവിധ വർണ്ണങ്ങളിൽ ചുണ്ടിൽ ചായമിടുമ്പോൾ ലിപ്സ്റ്റിക്കിന്റെ ചരിത്രം നൂറ്റാണ്ടുകളുടെയും യുഗങ്ങളുടെയും പഴക്കമുള്ളതാണെന്ന് ആരെങ്കിലും ആലോചിക്കാറുണ്ടോ? സൗന്ദര്യത്തിന്റെ വശ്യതയ്ക്ക് മാറ്റ് കൂട്ടുന്ന ഈ പറഞ്ഞ സാധനം പുതിയ‌തേയല്ല. കാലാകാലങ്ങളായുള്ള രൂപീകരണങ്ങളിലൂടെ സ്ത്രീ സൗന്ദര്യത്തെ ഭ്രമിപ്പിച്ച ലിപ്സ്റ്റിക്കിനോളം പ്രിയപ്പെട്ടതെ‍ാന്ന് ഉണ്ടോയെന്നത് സംശയമാണ്.അവയുടെ പരിണാമ വഴികളെക്കുറിച്ചറിയാം. 

cleopatra-painting-by-19th-century-artist-frederick-arthur-bridgman-
ക്ലിയോപാട്ര പെയിന്റിങ്– ഫ്രെഡറിക് ആർതർ ബ്രിഡ്ജ്മാൻ

അയ്യായിരം വർഷങ്ങൾക്കുമുമ്പ്, പുരാതന സുമേറിയക്കാർ ആദ്യമായി ഇത് ഉപയോഗിച്ചതെന്നാണ് സൂചനകൾ. അവർ നിറമുള്ള രത്നക്കല്ലുകളുടെ പൊടി മുഖത്തും ചുണ്ടുകളിലും കണ്ണുകൾക്കു ചുറ്റിലുമൊക്കെ പതിപ്പിച്ചിരുന്നത്രെ. അമേരിക്കയിലെ ആദിമവാസികളുടെ പതിമൂന്നാം നൂറ്റാണ്ടില കൈയ്യെഴുത്തു പുസ്തകമായ "ദ ഗ്രോലിയെർ കോഡെക്സിൽ” റെഡ് ഇന്ത്യൻ വിഭാഗത്തിലെ മായൻ സ്ത്രീകൾ ലിപ്സ്റ്റിക്ക് ഉപയോഗിച്ചിരുന്നതായി പറയുന്നുണ്ട്.  ഈജിപ്റ്റിലെ ക്ലിയോപാട്ര രാജ്ഞിയും ലിപ്സ്റ്റിക് ഉപയോഗിച്ചിട്ടുണ്ട്. ലിംഗഭേദത്തേക്കാളുപരി സാമൂഹ്യപദവി പ്രക്രടിപ്പിക്കുവാനാണ് പുരാതന ഈജിപ്റ്റുകാർ ലിപ്സ്റ്റിക്ക് ഉപയോഗിച്ചിരുന്നത്. ചിലതരം ആൽഗകളിൽ നിന്നാണ് അവർ ചുവന്ന നിറം നൽകുന്ന വസ്തു വേർതിരിച്ചെടുത്തിരുന്നത്. ഏകദേശം 3000 ബി.സി. മുതൽ 1500 ബി.സി. വരെയുള്ള കാലത്ത് സിന്ധുനദീതട നാഗരികതയിലെ സ്ത്രീകൾ മുഖത്തും ചുണ്ടുകളിലും ചുവന്ന നിറം നൽകിയിരുന്നു. 

ഇസ്ലാമിക സംസ്ക്കാരത്തിന്റെ പ്രതാപ കാലത്ത് ആന്തലൂഷ്യയിലാണ് ഖരരൂപത്തിലുള്ള സുഗന്ധം പൂശിയ കോലുകളായി ലിപ്സ്റ്റിക്കുകൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അബുൾ കാസിസ് എന്ന് പാശ്ചാത്ത്യർ വിളിക്കുന്ന അബുൽ ഖാസിം അൽ സഹറാവി ആണ് ഇതിന്റെ ഉപജ്ഞാതാവായി അറിയപ്പടുന്നത്.

merlyn-munroe
മെർലിൻ മൺറോ

എന്നാൽ ലിപ്സ്റ്റിക്കിനെ‍ാരു കെട്ടകാലവും ഉണ്ടായിരുന്നു. ഇന്നത്തെ, ലിപ്സ്റ്റിക്ക് ഒഴിച്ചുകൂടാനാവാത്ത ഫാഷൻ ലോകത്തിന് ഇത് അത്ഭുതമായി തോന്നാം. പത്തെ‌ാൻപതാം നൂറ്റാണ്ടിൽ ലിപ്സ്റ്റിക്ക് അപകീർത്തിയിലേക്ക് കൂപ്പ് കുത്തി. ലിപ്സ്റ്റിക്കുകൾ പിന്നോക്കാവസ്ഥയുടേയും പാർശ്വവൽകൃതരുടേയും അടയാളമായി മാറി. തെരുവ് വേശ്യകൾ, അഭിനേത്രിമാർ തുടങ്ങിയവരേ അത് ഉപയോഗിക്കൂ എന്ന സ്ഥിതിയായി. അക്കാലത്തെ മതവിശ്വാസങ്ങളും ലിപ്സ്റ്റിക്കുകളുടെയോ ഏതെങ്കിലും മേക്കപ്പിന്റെയോ ഉപയോഗത്തെ വിലക്കി. ചുവന്ന ചുണ്ടുകൾ സാത്താൻ ആരാധനയുമായി ബന്ധപ്പെട്ടതാണെന്നും ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്ന സ്ത്രീകൾ മന്ത്രവാദികളാണെന്ന് വരെ സംശയിക്കപ്പെട്ടു. വിചിത്രമായി തോന്നുന്നല്ലേ.

elizabeth-taylor-hulton-archive
എലിസബത്ത് ടെയ്‌ലർ ഹൾട്ടൺ

പദാർഥങ്ങളിലേറേയും തേനീച്ചക്കൂടുകളിലെ മെഴുക് പ്രധാന ഘടകമാക്കി  ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്താണ് യൂറോപ്പിൽ ലിപ്സ്റ്റിക്ക് പ്രചാരം നേടുന്നത്. വെളുപ്പിച്ച മുഖവും ചുവപ്പിച്ച ചുണ്ടുകളും ഫാഷൻ ആയി കരുതപ്പെട്ടിരുന്ന അക്കാലത്ത് കുലീന സ്തീകളും നടന്മാരായ പുരുഷന്മാരും മാത്രമായിരുന്നു ലിപ്സ്റ്റിക്ക് ഉപയോഗിച്ചിരുന്നത്. ഒരു കെട്ടകാലത്തിന് പിറകേ ഒരു നല്ല കാലവുമുണ്ടെന്നല്ലേ.... പിന്നീടങ്ങോട്ട് നമ്മൾ മലയാളികൾ പറയുന്നത് പോലെ വച്ചടി വച്ചടി കയറ്റമായിരുന്നു ലിപ്സ്റ്റിക്കിന്. 

ഫ്രഞ്ച് പെർഫ്യൂം കമ്പനിയായ ഗുർലെയ്നാണ് ആദ്യമായി വാണിജ്യപരമായി ലിപ്സ്റ്റിക്ക് നിർമ്മിക്കുന്നത്. മാൻ കെ‍ാഴുപ്പ്, മെഴുക്, ആവണക്കെണ്ണ എന്നിവ കൊണ്ടാണ് അവരുടെ ലിപ്സ്റ്റിക്ക് നിർമിച്ചത്, 1920കളിലെത്തിയപ്പോൾ സ്ത്രീകളുടെ ദൈനംദിന ഫാഷൻ ജീവിതത്തിൽ ലിപ്സ്റ്റിക്ക് സ്ഥാനമുറപ്പിച്ചു. 1923-ൽ ജെയിംസ് ബ്രൂസ് മേസൺ ജൂനിയർ നാം ഇന്നു കാണുന്ന ട്യൂബിനുള്ളിലാക്കിയ ലിപ്സ്റ്റിക്ക് പുറത്തിറക്കി. പിന്നീടങ്ങോട്ട് ലിപ്സ്റ്റിക്കുകളിൽ, നിറമണിഞ്ഞ മാറ്റത്തിന്റെ വിപ്ലവങ്ങൾ തന്നെ അരങ്ങേറി. 1950കളിൽ മെർലിൻ മൺറോ, എലിസബത്ത് ടെയ്‌ലർ തുടങ്ങിയ ഹോളിവുഡ് താരറാണിമാർ ലോകമെമ്പാടും ലിപ്സ്റ്റിക്കിൽ തരംഗം തന്നെ സ‍ഷ്ടിച്ചു. കടും ചുവപ്പ് ചുണ്ടുകൾ മെർലിൻ മൺറോയും എലിസബത്ത് ടെയ്‌ലറും ജനപ്രിയമാക്കി. 1952-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ സമയത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട ബ്രാൻഡായ ക്ലാരിൻസ് രാജ്ഞിക്ക് മാത്രമായി തയ്യാറാക്കിയ ദ ബാൽമോറൽ എന്ന ഷേഡിലുള്ള ലിപ്സ്റ്റിക് രാജ്ഞിയുടെ പട്ടാഭിഷേക അങ്കിയുടെ നിറത്തിന് യോജിച്ചതായിരുന്നു. ഇത് ലോക ശ്രദ്ധ നേടി.

11

പിന്നീടങ്ങോട്ട് ഫാഷൻ ലോകത്തിൽ ചേലെ‍ാത്ത ചുണ്ടുകളിൽ വിപ്ലവം തീർക്കാൻ ബ്രാൻഡുകൾ തമ്മിലുള്ള യുദ്ധമായിരുന്നു. കാലക്രമേണ, ലിപ്സ്റ്റിക്കുകൾ വലിയ പരിവർത്തനത്തിന് വിധേയമായി. ഇന്നും മികച്ച ഷേഡുകളും പിഗ്മെന്റേഷനും ലഭിക്കുന്നതിന് വിവിധ ബ്രാൻഡുകൾ മത്സരിക്കുന്നു . ആധുനിക ലിപ്സ്റ്റിക്കുകളിൽ പഴങ്ങളും, സുഗന്ധങ്ങളും, എണ്ണകളും, കൂടാതെ ചുണ്ടുകൾ ഹൈഡ്രേറ്റ് ചെയ്യാനും പോഷിപ്പിക്കാനുമുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പല ബ്രാന്റുകളുടെയും അവകാശവാദം. ഏറെ ജനപ്രിയമായ ചുവന്ന ലിപ്സ്റ്റിക്ക് മുതൽ ന്യൂട്രൽ ഷേഡ് ലിപ്സ്റ്റിക്ക് വരെയുള്ളവയുടെ  വിശാലമായ ശ്രേണി ഇന്ന് വിപണിയിൽ ലഭ്യമാണ്. ലിപ്സ്റ്റിക് കൈയ്യിലെടുക്കുമ്പോൾ അതിന്റെ അത്ഭുതകരമായ ഈ പരിണാമത്തെ കുറിച്ച്  തീർച്ചയായും നമുക്ക് ചിന്തിക്കാതിരിക്കാനാവില്ല.

Content Summary: History of Lipsticks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com