ADVERTISEMENT

‘സമയം അറിയാൻ മാത്രമല്ല, പലർക്കും വാച്ചിനോടുള്ളത് ഒരു വൈകാരിക ബന്ധമാണ്’. എവിടെ നോക്കിയാലും സമയം അറിയാൻ കഴിയുന്ന കാലത്ത് ഒരു വാച്ച് കമ്പനി തുടങ്ങാൻ നിരുപേഷ് ജോഷിയെയും മേഴ്സി അമലിനെയും പ്രേരിപ്പിച്ചത് ലോകത്തെമ്പാടുമുള്ള ആളുകൾക്ക് വാച്ചിനോടുള്ള ആ സ്നേഹം മാത്രമാണ്. വാച്ചിന്റെ നൊസ്റ്റാൾജിയ മനുഷ്യൻ മറക്കാത്ത കാലത്തോളം, ആ ബിസിനസ് നിലനിൽക്കുമെന്ന ചിന്തയാണ് ബാംഗ്ലൂർ വാച്ച് കമ്പനി എന്ന ആഡംബര വാച്ച് കമ്പനിയുടെ പിറവിക്കു പിന്നിൽ. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആഡംബര വാച്ച് കമ്പനികളിലൊന്നായ ബാംഗ്ലൂർ വാച്ച് കമ്പനി കഥകളിലൂടെ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കാനാണു ശ്രമിച്ചത്. ഇന്ത്യയിലെ ക്രിക്കറ്റിന്റെ കഥ പറയുന്ന ‘കവർ ഡ്രൈവ്’ പോലുള്ള വാച്ചുകൾക്ക് പിന്നാലെ പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് കമ്പനി. പുതുതായി പുറത്തിറക്കിയ രണ്ടു വാച്ചുകൾ ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തിനുള്ള ആദരമാണ്. മാൻസിനസ്, എർത്ത്ഷൈൻ എന്നീ രണ്ട് വാച്ചുകളിലൂടെ പുത്തൻ ചരിത്രം കുറിക്കുകയാണ് കമ്പനി...

പുത്തൻ ആശയത്തിനു പിന്നിൽ

‘‘1970 കളിലാണ് ഇന്ത്യ ബഹിരാകാശയാത്ര സ്വപ്നം കണ്ടു തുടങ്ങിയത്. എന്നാൽ രണ്ടായിരാമാണ്ടോടെയാണ് നമ്മുടെ ചാന്ദ്ര ദൗത്യങ്ങൾ യാഥാർഥ്യമായത്. യുഎസ്എയെയോ യുഎസ്എസ്ആറിനെയോ പോലെ നമുക്ക് ശക്തമായ റോക്കറ്റുകളില്ലായിരുന്നു. പക്ഷേ ഐഎസ്ആർഒയുടെ വൈദഗ്ധ്യം ചാന്ദ്രയാൻ ദൗത്യത്തെ വിജയിപ്പിച്ചു. അതൊരു ഉജ്വലനീക്കമായിരുന്നു; പ്രചോദനാത്മകവും’’ – നിരുപേഷ് പറയുന്നു. ആ പ്രചോദനത്തിൽനിന്നാണ് മാൻസിനസും എർത്ത്ഷൈനും ജനിച്ചത്.

bangalore-watch-company-celebrates-indias-chandrayaan-missions-with-two-new-watches3
എർത്ത്ഷൈൻ മോഡൽ

‘‘2019ൽ ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന് ആദരസൂചകമായി അപ്പോജി കലക്‌ഷൻ വാച്ചുകൾ കമ്പനി പുറത്തിറക്കിയിരുന്നു. അന്ന് ഇന്ത്യയിലുടനീളം അതിന് ലഭിച്ച സ്വീകാര്യതയാണ് പുത്തൻ ആശയത്തിനു പിന്നിൽ. സ്വീഡനിൽനിന്നു കണ്ടെടുത്ത ബഹിരാകാശ ഉൽക്കാശിലയുടെ അവശിഷ്ടത്തിൽനിന്നു നിർമിച്ച ഡയൽ അടങ്ങിയതായിരുന്നു അപ്പോജി കലക്‌ഷൻ വാച്ചുകൾ. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യവും ഞങ്ങളെ വല്ലാതെ ആകർഷിച്ചു. അതിനാലാണ് ഇത്തരത്തിലൊരു വാച്ച് പുറത്തിറക്കാൻ തീരുമാനിച്ചത്.’’– ബാംഗ്ലൂർ വാച്ച് കമ്പനി സഹ സ്ഥാപക മെഴ്സി അമൽ രാജ് പറഞ്ഞു. 

bangalore-watch-company-celebrates-indias-chandrayaan-missions-with-two-new-watches2
മാൻസിനസ് മോഡൽ

വാച്ചിന്റെ പ്രത്യേകതകൾ

ഇന്നർ പാർട്ടിൽ സ്റ്റെയിൻലെസ് സ്റ്റീലും ഔട്ടർ പാർട്ടിൽ സെറാമിക്കും ഉപയോഗിച്ചാണ് രണ്ടു വാച്ചുകളും നിർമിച്ചത്. കമ്പനി തന്നെ വികസിപ്പിച്ചെടുത്ത സെറാസ്റ്റീൽ എന്ന കോട്ടിങ്ങാണ് നൽകിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന മാൻസിനസ് ഗർത്തത്തിന്റെ പേരാണ് മാൻസിനസ് മോഡലിന് നൽകിയിരിക്കുന്നത്. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആസൂത്രിത ലാൻഡിങ് സൈറ്റായിരുന്നു ഇത്. ചന്ദ്രനൊപ്പം കാണുന്ന മങ്ങിയ തവിട്ടു നിറത്തിലുള്ള തിളക്കത്തിൽ നിന്നാണ് എർത്ത്‌ഷൈൻ മോഡലിനു പേര് നൽകിയത്. സ്വീഡനിൽനിന്നു ലഭിച്ച ഉൽക്കാശിലകൾ ഉപയോഗിച്ചാണ് മാൻസിനസ് വാച്ചിന്റെ ഡയൽ നിർമിച്ചിരിക്കുന്നത്. ഈ പാറകളിൽനിന്നു നിർമിച്ചതിനാൽ ഓരോ വാച്ചും വ്യത്യസ്തമായിരിക്കും– നിരുപേഷ് പറഞ്ഞു. 92,000 രൂപയാണ് എർത്ത്ഷൈൻ വാച്ചിന്റെ വില. 1,22,000 രൂപയാണ് മാൻസിനസ് വാച്ചിന്. 

bangalore-watch-company-celebrates-indias-chandrayaan-missions-with-two-new-watches1

ഇന്ത്യയിലെ മികച്ച ആഡംബര റിസ്റ്റ് വാച്ചുകളുടെ കമ്പനിയായ ബാംഗ്ലൂർ വാച്ച് കമ്പനി 2018 ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ എയർഫോഴ്സിന്റെയും ബഹിരാകാശ ദൗത്യത്തിന്റെയുമെല്ലാം കഥപറഞ്ഞ വാച്ചുകൾ ലോകത്തുടനീളം ഇന്ത്യയുടെ അഭിമാനമുയർത്തി. വിദേശത്തെ ടെക്–കൺസൽറ്റിങ് ജോലി ഉപേക്ഷിച്ചാണ് ദമ്പതികളായ നിരുപേഷ് ജോഷിയും മേഴ്സി അമൽ രാജും വാച്ചുകളുടെ ലോകത്തേക്കെത്തുന്നത്. ഇന്ന് ലോകോത്തര നിലവാരവും കുറഞ്ഞ വിലയുമുള്ള ആഡംബര വാച്ചുകളുടെ നിർമാതാക്കളെന്ന നിലയിൽ പേരെടുത്തുകഴിഞ്ഞു ബാംഗ്ലൂർ വാച്ച് കമ്പനി. 

Content Summary: Bangalore Watch Company celebrates India’s Chandrayaan missions with two new watches

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com