മോശമായി സംസാരിക്കുന്നതു കേട്ട് അസ്വസ്ഥതയുണ്ടായി, ട്രോളുകളും വിമർശനങ്ങളും കാര്യമാക്കാറില്ല: ആലിയ ഭട്ട്

Mail This Article
ബോളിവുഡിന്റെ ഇഷ്ടതാരമായ ആലിയ ഭട്ടാണ് ഇത്തവണത്തെ ‘വോഗ് തായ്‌ലന്റ്’ മാസികയുടെ കവർ ചിത്രത്തിലെത്തിയത്. വ്യത്യസ്തമായ ലുക്കിലുള്ള ആലിയയുടെ ചിത്രങ്ങൾ കയ്യടിയും വിമർശനങ്ങളും നേരിട്ടിരുന്നു. ഫോട്ടോഷൂട്ടിലെ താരത്തിന്റെ ലുക്ക് മാറിപ്പോയെന്നും മുഖം ഫോട്ടോഷോപ്പ് ചെയ്തെന്നുമെല്ലാമായിരുന്നു വിമർശനം. എന്നാൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആലിയ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ കുടുംബത്തെ ആക്രമിക്കുന്ന ട്രോളുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് താരം വ്യക്തമാക്കിയത്.
‘ആദ്യം, മറ്റുള്ളവർ ഞങ്ങളെ കുറിച്ച് മോശമായി സംസാരിക്കുന്നത് കേട്ട് എനിക്ക് വളരെ അസ്വസ്ഥത തോന്നി. എന്നാൽ കാലക്രമേണ എന്തു കേൾക്കണം എന്നത് ഞാൻ തിരഞ്ഞെടുത്തു. അങ്ങനെ ജീവിതം ബാലൻസ് ചെയ്യാൻ ശ്രമിച്ചു. വർഷങ്ങൾ കൊണ്ട് പലകാര്യത്തിലുമുള്ള കാഴ്ചപ്പാട് മാറി. മറ്റുള്ളവർ നമ്മളെ പറ്റി എന്തു ചിന്തിക്കുന്നു എന്നതല്ല, നമ്മൾ നമ്മുടെ ജീവിതത്തെ പറ്റി എന്തു ചിന്തിക്കുന്നു എന്നതാണ് പ്രധാനം’. ആലിയ പറഞ്ഞു.
Read More: ‘ഇതു ആലിയ തന്നെയാണോ? മേക്കപ്പോ അതോ ഫോട്ടോഷോപ്പോ?’; ‘വോഗി’ന്റെ ചിത്രങ്ങൾക്ക് ട്രോൾ
അടുത്തിടെ താൻ ലിപ്സ്റ്റിക്ക് ഇടുന്നത് ഭർത്താവ് രൺബീറിന് ഇഷ്ടമല്ലെന്നു ഒരു വിഡിയോയിൽ ആലിയ പറഞ്ഞിരുന്നു. രൺബീറിന് ചുണ്ടിന്റെ സ്വാഭാവിക നിറമാണ് ഇഷ്ടമെന്നും അതുകൊണ്ടു ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ചെറുതായി മായ്ച്ചു കളയാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. പിന്നാലെ ആലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. രൺബീർ ടോക്സിക്കാണെന്നും ആലിയ ഇതെല്ലാം നിസാരവൽക്കരിക്കുകയാണെന്നുമെല്ലാം വിമർശനങ്ങൾ ഉയർന്നു. പ്രസ്തുത വിഷയത്തിൽ ആലിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാൽ ട്രോളുകളും മറ്റുള്ളവരുടെ അഭിപ്രായങ്ങളും തനിക്ക് വിഷയമല്ലെന്ന് പറഞ്ഞിരിക്കുകയാണ് ‘വോഗ് മാസിക’യ്ക്ക് നല്‍കിയ അഭിമുഖത്തിൽ.
Content Highlights: Alia Bhatt | Troll | Fashion | Lifestyle | Manoramaonline