ADVERTISEMENT

പ്രതിസന്ധികളിൽ തളർന്നിരിക്കാൻ എളുപ്പമാണ്. എന്നാൽ പ്രതീക്ഷകൾ നശിച്ച് നിരാശയുടെ പടുകുഴിയിൽ കിടക്കുമ്പോഴും വെളിച്ചത്തിലേയ്ക്ക് നടന്നു കയറാൻ അസാമാന്യ ഇച്ഛാശക്തിയും മനോധൈര്യവും വേണം. ആ മനസ്സുറപ്പ് ജീവിതത്തിലേയ്ക്കുള്ള പുതിയ വാതിൽ തുറന്നു തരുമെന്നും ഉറപ്പ്. സ്വന്തം ജീവിതത്തിൽ ഇത് അനുഭവിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊട്ടാരക്കര സ്വദേശിനിയായ ഡോ. അർപ്പിത ചിന്നു സാബു എന്ന 31 കാരി. പോസ്റ്റ്പാർട്ടം ഡിപ്രഷനോട് സ്വയം പടവെട്ടി അർപ്പിത നടന്നു കയറിയത് മിസ്സിസ് ഇന്ത്യ -വിങ്സ് ടു യുവർ ഡ്രീംസ് മത്സര വേദിയിലേയ്ക്കാണ്. സെക്കൻഡ് റണ്ണറപ്പ് സ്ഥാനവും മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ഏക മലയാളി എന്ന പദവിയും സ്വന്തമാക്കിയ അർപ്പിതയ്ക്ക് തന്റെ ജീവിതത്തെക്കുറിച്ച് ഏറെ പറയാനുണ്ട്...

മത്സരത്തിലേയ്ക്ക് എത്തിയ വഴി
ഏറെ കാത്തിരിപ്പിനൊടുവിൽ മകൾ ജനിച്ചതിന്റെ സന്തോഷം ആവോളം ആസ്വദിക്കും മുമ്പാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വില്ലന്റെ രംഗപ്രവേശം. ഇനി എന്ത് എന്ന ചിന്തയിൽ വിഷമിച്ചു ഒതുങ്ങി കൂടാനൊക്കെ തോന്നിയെങ്കിലും വെല്ലുവിളികളെ നേരിടാൻ ശീലിച്ച മനസ്സ് അതിനനുവദിച്ചില്ല. പിന്നെ വൈകിയില്ല. പേജന്റ് ഷോകളിൽ പങ്കെടുത്തു വിജയം നേടിയ സുഹൃത്തുക്കളുടെ പ്രചോദനവും കുടുംബത്തിന്റെ പിന്തുണയും കൈമുതലാക്കി മിസ്സിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.  

arpitha2
അർപ്പിത, മിസിസ് ഇന്ത്യ മത്സരത്തിൽ നിന്ന്, Photo: Special Arrangement

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മെയ്ക്ക് യുവർ പ്രസൻസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ മുംബൈയിൽ നടന്ന മിസ്സിസ് ഇന്ത്യ- വിങ്സ് ടു യുവർ ഡ്രീംസ് മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വെറും മൂന്നുമാസം മാത്രമാണ് തയാറെടുപ്പുകൾക്കായി അർപ്പിതയ്ക്ക് മുന്നിൽ ഉണ്ടായിരുന്നത്. അങ്ങനെ ഓഗസ്റ്റ് മാസം മുതൽ ശരീരഭാരം നിയന്ത്രിച്ചും ചോദ്യോത്തര വിഭാഗത്തിന് വേണ്ടി തയാറെടുപ്പുകൾ നടത്തിയും മത്സരത്തിന് ഒരുങ്ങി. ടൈറ്റിൽ നേടുക എന്നതിനപ്പുറം ജീവിതത്തിന് പുതിയ അർഥങ്ങൾ കണ്ടെത്താനും എന്നോ കണ്ട സ്വപ്നങ്ങളിൽ ജീവിക്കാനുമുള്ള അവസരമാണ് മത്സരം തുറന്നിട്ടത്. ഒടുവിൽ സെക്കൻഡ് റണ്ണറപ്പ് സ്ഥാനത്ത് എത്തുകയും ചെയ്തു. അതിനൊപ്പം ദി എംപ്രസ് ദിവാ -സൗത്ത് എന്ന ടൈറ്റിലും നേടാനായി.

ജീവിത സങ്കൽപ്പങ്ങളിൽ വന്ന മാറ്റങ്ങൾ
വൈദികനായ കെ. സാബുവാണ് പിതാവ്. അതിനാൽ ദൈവവിശ്വാസം കൂടെപിറപ്പാണ്. പുറമേ കാണുന്ന സൗന്ദര്യത്തേക്കാളുപരിയാണ് ദൈവവിശ്വാസം എന്ന് മനസ്സിലാക്കി തുടങ്ങിയത് മുതിർന്നപ്പോഴാണ്. വിശ്വാസങ്ങൾ മുറുകെ പിടിച്ചുകൊണ്ട് മറ്റുള്ളവരോടുള്ള ബഹുമാനവും കരുണയും തത്വങ്ങളാക്കി ജീവിതത്തിലെ പുതിയ പാതകൾ കണ്ടെത്തി തുടങ്ങി.

കോളജ് കാലഘട്ടത്തിൽ മിസ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനുള്ള  ശ്രമങ്ങൾ നടത്തിയെങ്കിലും ചില മാനദണ്ഡങ്ങൾ ചേരാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബാഹ്യ സൗന്ദര്യത്തെ അളക്കുന്നതിനപ്പുറം കഴിവും വ്യക്തിത്വവും പ്രകടമാക്കാനും സ്ത്രീ ശാക്തീകരണത്തിന്റെ വലിയ സന്ദേശം പങ്കുവയ്ക്കാനുമാണ് മിസ്സിസ് ഇന്ത്യ മത്സരം സംഘടിപ്പിക്കപ്പെട്ടത്. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ അച്ഛനും പൂർണപിന്തുണ നൽകി.

അൽപം ഒരുങ്ങുന്നതോ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നതോകൊണ്ട് വ്യക്തിത്വം മാറിപ്പോകും എന്ന ചിന്ത ഇപ്പോഴും ചിലരിലെങ്കിലും നിലനിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം. മിസ്സിസ് ഇന്ത്യ മത്സരവേദിയിൽ വേറിട്ട ജീവിതപശ്ചാത്തലത്തിൽ നിന്നും മത്സരവേദിയിലേയ്ക്ക് എത്തിയ യാത്രയെക്കുറിച്ച്  അതിശയത്തോടെയാണ് മറ്റുള്ളവർ കേട്ടിരുന്നത്. 

arpitha1
മിസിസ് ഇന്ത്യ മത്സരത്തിൽ നിന്ന്, Photo: Special Arrangement

പഠനവും ജോലിയും
അച്ഛനൊപ്പം പല നാടുകളും സഞ്ചരിക്കേണ്ടി വന്നതിനാൽ പലയിടങ്ങളിലാണ് സ്കൂൾ കാലഘട്ടം പൂർത്തിയാക്കിയത്. നാട്ടിൽ കാക്കനാട് മാർത്തോമ പബ്ലിക് സ്കൂളിലും കോഴഞ്ചേരി മാർത്തോമ സീനിയർ സെക്കൻഡറി സ്കൂളിലും പഠിച്ചു. കാക്കനാട്ടെ വിദ്യാഭ്യാസ കാലയളവിൽ സ്കൂൾ പരിപാടിയിൽ ആങ്കറിങ്ങിന് അവസരം ലഭിച്ചതാണ് വേദികളിൽ മുന്നോട്ട് വരാൻ ലഭിച്ച ആദ്യ പ്രചോദനം. ബെംഗളൂരുവിലെ ദ ഓക്സ്ഫോർഡ് കോളജ് ഓഫ് ഫാർമസിയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ഏഴു വർഷമായി ക്യാൻസർ ക്ലിനിക്കൽ ഇൻഫോമാറ്റിക്സ് സ്ഥാപനമായ നവ്യാ കെയറിൽ പേഷ്യന്റ് സർവീസ് ലീഡായി ജോലി ചെയ്തു വരുന്നു. കുടുംബവുമൊത്ത് ബെംഗളൂരുവിൽ തന്നെയാണ് താമസം. 

പ്രതീക്ഷിക്കാത്ത വിയോഗം 
ആദ്യ പ്രതിസന്ധി ജീവിതത്തിലേയ്ക്ക് എത്തുന്നത് 2015 ലാണ്. ഒരു ശസ്ത്രക്രിയയ്ക്കു ശേഷം ഉണ്ടായ പിഴവിനെ തുടർന്ന് അമ്മ ആശാ സാബു മരണപ്പെട്ടതായിരുന്നു അത്. കുടുംബത്തിനും തനിക്ക് ചുറ്റുമുള്ളവർക്കും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അമ്മയുടേത്. സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ശ്രമിക്കുന്ന സ്ത്രീകളെയെല്ലാം അങ്ങേയറ്റം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു അമ്മ. വേർപാടിന് ശേഷം അമ്മയുടെ ജീവിതത്തെക്കുറിച്ച് തിരിഞ്ഞു ചിന്തിച്ചതും സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ പ്രചോദനമായി. സ്വന്തം നിലയിൽ ഉയരുന്നതിനൊപ്പം പല കാരണങ്ങൾകൊണ്ടും മുന്നോട്ടുവരാൻ സാധിക്കാതെ വരുന്ന സ്ത്രീകൾക്ക് ശക്തി പകരാൻ സാധിക്കുന്നതൊക്കെ ചെയ്യണമെന്ന ലക്ഷ്യവും മനസ്സിലുണ്ട്. അതിലേയ്ക്കുള്ള ആദ്യ ചവിട്ടുപടിയായാണ് മിസ്സിസ് ഇന്ത്യ മത്സരത്തെ കാണുന്നത്. വ്യത്യസ്ത പ്രായങ്ങളിൽ ഉള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു.  വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ കൂടി കടന്നു വന്നവർ. അവരിൽ നിന്നെല്ലാം ജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയ പുതിയ പാഠങ്ങളും ഉൾക്കൊണ്ടു കൊണ്ടായിരിക്കും ഇനിയുള്ള യാത്ര.

arpitha3
മിസിസ് ഇന്ത്യ മത്സരത്തിൽ നിന്ന്, Photo: Special Arrangement

കാത്തിരിപ്പിന്റെ നീണ്ട ആറു വർഷങ്ങൾ
വിവാഹശേഷം ആറു വർഷക്കാലമാണ് ഒരു കുഞ്ഞിനായി കാത്തിരുന്നത്. ഏറ്റവും വലിയ പരീക്ഷണകാലം എന്നുതന്നെ അതിനെ വിളിക്കാം. ചികിത്സകളുടെയൊന്നും ആവശ്യമില്ലെന്ന് ഡോക്ടർമാർ ഓരോ തവണയും അടിവരയിട്ട് പറഞ്ഞിരുന്നെങ്കിലും പതിയെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങിയിരുന്നു. സമൂഹത്തിൽ നിന്നുള്ള കുറ്റപ്പെടുത്തലുകളും സംശയത്തോടെയുള്ള നോട്ടങ്ങളുമായിരുന്നു സഹിക്കാനാവാത്തത്. ജീവിതത്തിലേയ്ക്ക് അതിരുവിട്ട് കൈകടത്തി പലരും കുത്തിനോവിച്ചുകൊണ്ടിരുന്നു. ചികിത്സ വേണ്ട എന്ന് ഉറപ്പിച്ചു പറഞ്ഞ ഡോക്ടർമാരോട് എന്തെങ്കിലും ചികിത്സ ആരംഭിക്കുനാകുമോ എന്നുപോലും അപേക്ഷിക്കുന്ന മാനസിക നിലയിലേക്ക് വരെ ഇത് എത്തിച്ചിരുന്നു.

arpitha4
അർപ്പിത കുടുംബത്തോടൊപ്പം Photo: Special Arrangement

മനസ്സ് തളർന്നു പോകുമ്പോഴൊക്കെയും പ്രതീക്ഷയേകിക്കൊണ്ട് പല അടയാളങ്ങളും അവിശ്വസനീയമാംവിധം കൺമുന്നിൽ എത്തി. മരണത്തിനു മുൻപായി അമ്മ പറഞ്ഞ വാക്കുകളായിരുന്നു അവയിൽ പ്രധാനം. നിന്റെ വിവാഹം നടക്കുമെന്നും കുഞ്ഞു ജനിക്കുമെന്നും എന്നാൽ അക്കാലത്ത് താൻ ഉണ്ടാവില്ല എന്നും പറഞ്ഞശേഷമായിരുന്നു ഓപ്പറേഷൻ തീയേറ്ററിലേയ്ക്കുള്ള അമ്മയുടെ യാത്ര. ഈ വാക്കുകൾ സത്യമാകാതിരിക്കില്ല എന്നതായിരുന്നു ആദ്യ പ്രതീക്ഷ. ആറു വർഷക്കാലത്തിനിടെ ഓരോ തവണ പ്രതീക്ഷകൾ വറ്റി പോയപ്പോഴും വേദഗ്രന്ഥത്തിലെ വാചകങ്ങൾ പ്രതീക്ഷ നൽകികൊണ്ടേയിരുന്നു. ഒരു ഫെബ്രുവരി മാസം എത്തുമ്പോഴേയ്ക്കും എല്ലാ സങ്കടങ്ങളും സന്തോഷത്തിനു വഴിമാറും എന്നതായിരുന്നു ഒടുവിൽ ലഭിച്ച സൂചന. അത് യാഥാർഥ്യമാക്കിക്കൊണ്ടായിരുന്നു മകളുടെ ജനനം. വേദഗ്രന്ഥത്തിലെ വചനങ്ങളിൽ നിന്നും ദൈവം വിതയ്ക്കുന്നു എന്ന അർഥത്തിൽ ജസ്റീൽ എന്നാണ് മകൾക്ക് പേര് നൽകിയത്.

കുടുംബത്തിന്റെ പിന്തുണയാണ് എല്ലാം
നമ്മുടെ ജീവിതത്തെ ആഗ്രഹിക്കുന്ന വഴിയിലേയ്ക്ക് എത്തിക്കാൻ ഏറ്റവും പ്രധാനം ആത്മവിശ്വാസവും പ്രയത്നവും തന്നെയാണ്. നമ്മിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിൽക്കുന്ന കുടുംബം കൂടെയുണ്ടെങ്കിൽ അതിലും വലിയ ഭാഗ്യമില്ല. ഡിപ്രഷനിൽ കുരുങ്ങിക്കിടക്കാതെ മുന്നോട്ടുപോകാൻ ആഗ്രഹിച്ചപ്പോൾ ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ചത് ഭർത്താവ് അർപ്പൺ ഡാനിയേൽ വർഗീസാണ്. റോയിട്ടേഴ്സിൽ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററാണ് അദ്ദേഹം. സഹോദരി അനുഗ്രഹ മറിയം സാബുവും ഓരോ ചുവടുവയ്പ്പിലും പൂർണ്ണ പിന്തുണയേകി ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com