മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി പങ്കെടുക്കില്ല, പുറത്തുവന്ന വാർത്തകൾ വ്യാജമെന്ന് സംഘാടകർ

Mail This Article
മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുമെന്ന വാർത്ത തെറ്റാണെന്ന് മിസ് യൂണിവേഴ്സ് ഓർഗൈസേഷൻ. പുറത്തു വന്ന വാർത്തകൾ വ്യാജമാണെന്നും സൗദിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയിട്ടില്ലെന്നും മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു.
‘മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർഥികളെ കണ്ടെത്തുന്നത് കഠിനമായ പരിശോധനയ്ക്ക് ശേഷമാണ്. ഞങ്ങളുടെ മാർഗനിർദേശങ്ങൾക്കും നയങ്ങൾക്കും അനുസരിച്ചാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. സെലക്ഷൻ സുതാര്യമാക്കുന്നതിനായി ഓരോ രാജ്യത്തേയും പ്രതിനിധികളെ കണ്ടെത്തുന്നതിന് വ്യക്തമായ രീതികൾ ഓർഗനൈസേഷനുണ്ട്. 100 രാജ്യങ്ങളിൽ നിന്നുള്ളവരാണ് മെക്സിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ നിലവിൽ സൗദി അറേബ്യ ഇല്ല. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കണമെന്നത് ഞങ്ങളുടെ അപ്രൂവൽ കമ്മിറ്റിയാണ് തീരുമാനിക്കുന്നത്’. വാർത്താകുറിപ്പിൽ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ പറഞ്ഞു.

മിസ് യൂണിവേഴ്സ് മത്സരത്തില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് റൂമി അൽഖഹ്താനി പങ്കെടുക്കുമെന്നായിരുന്നു വാർത്തകൾ. മോഡലായ റൂമി തന്റെ സമൂഹ മാധ്യമത്തിലും ഈ വാർത്ത സ്ഥിരീകരിച്ചിരുന്നു. മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും ഇത് മത്സരത്തിൽ സൗദി അറേബ്യയുടെ അരങ്ങേറ്റമാണെന്നും റൂമി സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു.
സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നിന്നുള്ള റൂമി അൽഖഹ്താനി മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസ്സിസ് ഗ്ലോബൽ ഏഷ്യനിൽ പങ്കെടുത്തിരുന്നു. മിസ് സൗദി അറേബ്യ കിരീടത്തിന് പുറമേ, മിസ് മിഡിൽ ഈസ്റ്റ് (സൗദി അറേബ്യ), മിസ് അറബ് വേൾഡ് പീസ് 2021, മിസ് വുമൺ (സൗദി അറേബ്യ) എന്നീ പദവികളും റൂമി സ്വന്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷം ഫോളോവേഴ്‌സും എക്‌സിൽ രണ്ടായിരത്തോളം ഫോളോവേഴ്‌സും റൂമിക്കുണ്ട്. കഴിഞ്ഞ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം നേടിയത് നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ ആയിരുന്നു.