സംശയത്തോടെ ആരാധകർ, വീർത്ത ചുണ്ടും കണ്ണും കവിളുമായി ഉർഫി; സംഭവിച്ചത് എന്ത്? വെളിപ്പെടുത്തി താരം
Mail This Article
വ്യത്യസ്ത വസ്ത്രധാരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ താരമാണ് ഉർഫി ജാവേദ്. ലിപ് ഫില്ലേഴ്‌സ് ഉള്‍പ്പെടെ നിരവധി സൗന്ദര്യവർധക പരീക്ഷണങ്ങള്‍ക്ക് വിധേയയായി എന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇവർ ഇപ്പോൾ. നീരുവന്ന് വീർത്ത മുഖത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് മറുപടി നൽകിയിരിക്കുന്നത്. പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്നും യാതൊരു ശസ്ത്രക്രിയയും ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുന്നതിനാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
‘ഫില്ലേഴ്സ് അല്ല ഗൈസ്, അലർജിയാണ്’ എന്നാണ് ഉർഫി പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം പറഞ്ഞിരിക്കുന്നത്. അലർജിയുടെ പ്രശ്നം നേരിടുന്ന ആളാണെന്നും പുതുതായി ശസ്ത്രക്രിയകൾ ഒന്നും വിധേയയായിട്ടില്ലെന്നും ഉർഫി വ്യക്തമാക്കി.
‘‘എന്റെ മുഖം കണ്ടിട്ട് നിരവധി തെറ്റായ കമന്റുകള്‍ വരുന്നുണ്ട്. മുഖത്ത് ചെയ്തിരിക്കുന്ന ഫില്ലേഴ്സ് അതിരുകടന്നിരിക്കുന്നു എന്ന രീതിയിലുള്ള കമന്റുകളാണ് വന്നത്. എനിക്ക് അലർജി പ്രശ്നമുണ്ട്. മിക്ക സമയങ്ങളിലും എന്റെ മുഖം വീർത്ത് തന്നെയാണ് ഇരിക്കുന്നത്. മിക്കദിവസങ്ങളിലും രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ മുഖത്ത് നീരുണ്ടാകാറുണ്ട്. ഇതിൽ ഞാൻ അസ്വസ്ഥയാണ്. വീർത്തമുഖത്തോടെ എന്നെ കാണുകയാണെങ്കിൽ ഞാൻ അലർജിയിലൂടെ കടന്നു പോകുകയാണെന്ന് നിങ്ങൾ മനസ്സിലാക്കണം. പതിനെട്ടാം വയസ് മുതലുള്ള ഫില്ലേഴ്സും ബോട്ടോക്സും അല്ലാതെ എന്റെ മുഖത്ത് ഒന്നും ചെയ്യാറില്ല. ഇനി എന്റെ മുഖം വീർത്തു കാണുകയാണെങ്കിൽ കൂടുതൽ ഫില്ലറുകൾ ഉപയോഗിക്കരുതെന്ന ഉപദേശം എനിക്കു നൽകരുത്.’’– ഉർഫി ജാവേദ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
വസ്ത്രധാരണത്തിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുന്ന ഉർഫി പലപ്പോഴും വിമർശനങ്ങൾക്കു വിധേയയാകാറുണ്ട്. പ്ലാസ്റ്റിക് കവറുകളും കടലാസും, ഇലകളും, പൂക്കളും എല്ലാം ഉപയോഗിച്ച് ഉർഫി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാറുണ്ട്. ഡീപ്പ് വീ നെക്ക് നീല ലോങ് ഷർട്ട് ധരിച്ചുള്ള ചിത്രങ്ങളാണ് ഉർഫി ഏറ്റവും ഒടുവിൽ പങ്കുവച്ചത്.