വസ്ത്രം അഴിക്കാമോ എന്ന് ചോദ്യം; പ്രത്യാഘാതം നേരിടാൻ തയാറായിരിക്കൂ: പൊട്ടിത്തെറിച്ച് ഉർഫി

Mail This Article
വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പലപ്പോഴും വിമർശനം നേരിടുന്ന വ്യക്തിയാണ് നടിയും മോഡലുമായ ഉർഫി ജാവേദ്. ഉർഫിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ ആരാധകരെ ആശ്ചര്യപ്പെടുത്തുന്നവയായിരിക്കും. ഇപ്പോൾ ഒരു പരസ്യകമ്പനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഉർഫി. പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വസ്ത്രം അഴിക്കാമോ എന്ന് ചോദിച്ച് ഒരു പരസ്യകമ്പനി തന്റെ ടീമിനെ സമീപിച്ചതായി ഉർഫി പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉർഫി വ്യക്തമാക്കി.
ഒരു ‘ഓറൽ ഹൈജിൻ’ ബ്രാൻഡാണ് തന്റെ ടീമിനോട് ഇങ്ങനെ ചോദിച്ചതെന്നും ഉർഫി വ്യക്തമാക്കി. സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും ഉർഫി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ‘ഉർഫിക്കു വേണ്ടി ഞങ്ങളുടെ കൈവശം ഒരു സ്ക്രിപ്റ്റ് ഉണ്ട്. അവൾ വസ്ത്രം അഴിക്കാൻ തയാറാകുമോ?’ എന്നാണ് പരസ്യകമ്പനി അധികൃതർ വാട്‌സാപ്പിൽ ചോദിക്കുന്നത്. എന്താണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന മറുചോദ്യത്തിന് ആദ്യം പറഞ്ഞ കാര്യം തന്നെ പരസ്യ കമ്പനിക്കാർ ആവർത്തിക്കുന്നു. ഇത്തരം ഒരു സമീപനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഉർഫി കൂട്ടിച്ചേർത്തു.
‘എല്ലാ അതിർ വരമ്പുകളും ലംഘിക്കുന്നതാണ് പെർഫഓറ എന്ന കമ്പനിയുടെ ഭാഗത്തു നിന്ന് വന്ന ഈ സംഭാഷണം. നിരവധി കമ്പനികളുമായി ഞാൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, ഇത്രയും മോശമായ ഒരു അനുഭവം ഇതുവരെയുണ്ടായിട്ടില്ല. എന്റെ ടീം നിങ്ങളെ തേടിയെത്തും. പ്രത്യാഘാതങ്ങൾ നേരിടാൻ തയാറായിരിക്കുക.’ – എന്ന കുറിപ്പോടെയാണ് ഉർഫി സംഭഷണത്തിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചത്.
വസ്ത്രധാരണത്തിന്റെ പേരിൽ നേരത്തേ ഉര്‍ഫി ജാവേദ് വധഭീഷണി വരെ നേരിട്ടിട്ടുണ്ട്. ഫാഷൻ തിരഞ്ഞെടുപ്പുകളുടെ പേരിൽ ബലാത്സംഗത്തിനിരയാക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ഉർഫി പറഞ്ഞിരുന്നു.