ഹെയർ സ്റ്റൈലിൽ വരെ പാരമ്പര്യത്തനിമ പിന്തുടരുന്ന ശോഭിത; ഇടതൂർന്ന മുടിയുടെ രഹസ്യം വെളിപ്പെടുത്തി താരം

Mail This Article
ശോഭിത ധുലിപാലയുടെ വിവാഹ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. എന്നാൽ ഇതോടൊപ്പം ചർച്ചയാകുകയാണ് ശോഭിതയുടെ ഇടതൂർന്ന മനോഹരമായ തലമുടി. നീളമുള്ള മുടി അഴിച്ചിട്ട രീതിയിലാണ് മിക്കപ്പോഴും ശോഭിത പൊതുയിടങ്ങളിൽ എത്താറുള്ളത്. വളരെ ലളിതമായ ഹെയർസ്റ്റൈലായിരിക്കും ശോഭിത തിരഞ്ഞെടുക്കുന്നത്.
വിവാഹത്തിനു പോലും ശോഭിത ഹെയർസ്റ്റൈലിലെ ലാളിത്യം പിൻതുടർന്നു. നീളൻ മുടി പിന്നിയിട്ടായിരുന്നു വിവാഹത്തിനു ശോഭിതയുടെ സിംപിൾ ഹെയർസ്റ്റൈൽ. കുട്ടിക്കാലം മുതൽ പിന്തുടരുന്ന പരമ്പരാഗതമായ രീതികളാണ് മുടിയുടെ രഹസ്യമെന്ന് ശോഭിത തന്നെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ആഴ്ചയിൽ ഒരിക്കൽ എണ്ണ തേച്ചു കുളി നിർബന്ധമാണെന്നു ശോഭിത പറയുന്നു. ഇത് തന്റെ സൗന്ദര്യത്തിനു വേണ്ടി മാത്രമല്ല, കുട്ടിക്കാലം മുതലുള്ള ശീലമാണ്. ‘എനിക്ക് വളരെ നീളമുള്ള മുടിയുണ്ടായിരുന്നു. ബോംബെയിലേക്ക് പോയപ്പോൾ മുടി മുറിച്ചു. എന്നാൽ എണ്ണയിടുന്ന ശീലം തുടർന്നു. കാരണം മുടി മനോഹരമായി തന്നെ നിലനിർത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മുടിയിൽ എണ്ണയിടുന്നത് ഞാൻ ജനിച്ചു വളർന്ന സ്ഥലത്തു നിന്ന് ആചാരം പോലെ പിന്തുടരുന്ന കാര്യമാണ്.’– ശോഭിത പറഞ്ഞു.
പ്രീവെഡ്ഡിങ് ആഘോഷങ്ങളിൽ സിംപിൾ പോണിടെയിൽ ഹെയർ സ്റ്റൈലായിരുന്നു ശോഭിത തിരഞ്ഞെടുത്തത്. വിവാഹദിനത്തിൽ പിന്നിയിട്ട മുടി പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു. മുടിക്ക് ഭംഗി കൂട്ടുന്നതിനായി നെറ്റിച്ചുട്ടി അടക്കമുള്ള ടെംപിൾ ജ്വല്ലറിയും ഉപയോഗിച്ചിരുന്നു.