അരക്കെട്ട് ഭംഗിയാക്കാൻ വാരിയെല്ലുകൾ നീക്കം ചെയ്തു; ഭക്ഷിക്കാൻ നിർദ്ദേശം; കിരീടം നിർമിക്കാൻ ഒരുങ്ങി യുവതി

Mail This Article
സൗന്ദര്യത്തെക്കുറിച്ച് ഓരോരുത്തർക്കുമുള്ള നിർവചനങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് ആന്തരിക സൗന്ദര്യമാണ് ഏറ്റവും വലുതെങ്കിൽ മറ്റു ചിലർക്കു ശരീര വടിവും നിറവുമൊക്കെയാണ് സൗന്ദര്യത്തിന്റെ മാനദണ്ഡം. മനസ്സിനൊത്ത രീതിയിൽ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാനാകുന്നില്ല എന്ന് തോന്നിയാൽ അത് നേടിയെടുക്കാനായി ഏതറ്റം വരെയും പോകുന്നവരുമുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സമൂഹമാധ്യമ ഇൻഫ്ലുവൻസറായ എമിലി ജെയിംസ് എന്ന 27കാരി. അരക്കെട്ടിനു സൗന്ദര്യം പോരാ എന്ന തോന്നലിൽ സ്വന്തം വാരിയെല്ലുകൾ പോലും എമിലി നീക്കം ചെയ്തു കഴിഞ്ഞു.
നിലവിൽ വാരിയെല്ലുകൾ നീക്കം ചെയ്തതിനു ശേഷമുള്ള വിശ്രമത്തിലാണ് ട്രാൻസ് വനിതയായ എമിലി. ശസ്ത്രക്രിയയെ തുടർന്നുണ്ടായ വീക്കം പരിഹരിക്കാൻ കോർസെറ്റ് ധരിച്ചാണ് എമിലിയുടെ നടപ്പ്. അൽപം വേദന സഹിക്കേണ്ടി വരുന്നുണ്ടെങ്കിലും ആഗ്രഹിച്ച രീതിയിലേയ്ക്കു ശരീരം മാറ്റിയെടുക്കാൻ സഹായിച്ച ഡോക്ടർമാർക്ക് എമിലി നന്ദി പറയുന്നുമുണ്ട്. വാരിയെല്ലുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചതു മുതൽ അതിനുള്ള തയാറെടുപ്പുകളുടെയും ആശുപത്രിയിൽ അഡ്മിറ്റായതിന്റെയുമെല്ലാം ദൃശ്യങ്ങൾ എമിലി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ശസ്ത്രക്രിയ കഴഞ്ഞതും സുഖം പ്രാപിച്ചു വരികയാണ് എന്നതും എമിലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പതിനേഴായിരം ഡോളറാണ് (14.70 ലക്ഷം രൂപ) സങ്കീർണമായ ഈ ശസ്ത്രക്രിയയ്ക്ക് വേണ്ടി എമിലി ചെലവഴിച്ചത്. സൗന്ദര്യത്തിനുവേണ്ടി വാരിയെല്ലുകൾ നീക്കം ചെയ്യുന്നു എന്ന വാർത്ത തന്നെ സമൂഹമാധ്യമങ്ങൾ അമ്പരപ്പോടെയാണ് കേട്ടത്. ഇത്രയും വലിയ റിസ്ക് എടുത്ത് ആളുകൾ സൗന്ദര്യം നിലനിർത്താൻ നോക്കുമോ എന്ന് പലരും അദ്ഭുതപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇതിനുമൊക്കെ അപ്പുറം എമിലി പങ്കുവച്ച മറ്റൊരു ആഗ്രഹമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ശരീരത്തിൽ നിന്നും നീക്കം ചെയ്ത തന്റെ വാരിയെല്ലുകൾ ഉപയോഗിച്ച് സ്വയം സമ്മാനിക്കാനായി ഒരു കിരീടം ഉണ്ടാക്കണം എന്നതാണ് എമിലിയുടെ ആഗ്രഹം. നീക്കം ചെയ്ത വാരിയെല്ലുകൾ ആശുപത്രിയിൽ നിന്നും എമിലിക്കു തന്നെ കൈമാറിയിരുന്നു. ആദ്യം ഈ എല്ലുകൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് എമിലിക്ക് ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് അവ ഏറ്റവും അടുത്ത സുഹൃത്തിനു സമ്മാനമായി നൽകിയാലോ എന്ന് ആലോചിക്കുകയും ചെയ്തിരുന്നു. എന്നാൽ എല്ലുകൾ കയ്യിൽ ഉണ്ടെന്നും അത് എന്തുചെയ്യണമെന്ന് ആലോചിക്കുകയാണെന്നും പോസ്റ്റ് ചെയ്തതോടെ ധാരാളമാളുകൾ പല നിർദ്ദേശങ്ങളുമായി രംഗത്തെത്തി.
സ്വന്തം എല്ലുകൾ പാകം ചെയ്ത് ഭക്ഷിക്കാൻ വരെ ആളുകൾ നിർദ്ദേശിച്ചിരുന്നു. തന്റെ ശരീരഭാഗം ഏറെ രുചികരമായിരിക്കും എന്ന് കരുതുന്നുണ്ടെങ്കിലും അങ്ങനെ ചെയ്താൽ ആരോഗ്യം നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നതിനാൽ അതിൽ നിന്നും ഒഴിവാകുകയാണെന്നായിരുന്നു എമിലിയുടെ മറുപടി. ഒടുവിൽ ഒരുപാട് നീണ്ട ആലോചനകൾക്കൊടുവിൽ കിരീടം ഉണ്ടാക്കുക എന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത് എന്ന് എമിലി അറിയിച്ചു.
എല്ലുകൾ ഉപയോഗിച്ച് കിരീടം ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്താനാണ് ഇപ്പോൾ ഇൻഫ്ലുവൻസറുടെ ശ്രമം. സമചിത്തത ഇല്ലാതെയുള്ള പെരുമാറ്റമാണ് എമിലിയുടേതെന്നും ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവുന്നില്ല എന്നും പ്രതികരണങ്ങൾ വരുന്നുണ്ടെങ്കിലും അതൊന്നും കേട്ടു പിന്തിരിയാൻ അവർ ഒരുക്കമല്ല. സ്വന്തം ശരീരവും സ്വന്തം പണവുമാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ വിമർശനങ്ങൾ വകവയ്ക്കുന്നില്ല എന്നാണ് എമിലിയുടെ നിലപാട്. എന്തായാലും സ്വന്തം വാരിയെല്ലുകൾകൊണ്ട് നിർമിച്ച കിരീടവും ധരിച്ചു നിൽക്കുന്ന ചിത്രം എമിലി പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.