ADVERTISEMENT

ആത്മവിശ്വാസം ലിപ്സ്റ്റിക്കിലേക്കു മാത്രമായി ഒതുങ്ങുന്നുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങളൊരു ലിപ്സ്റ്റിക് അഡിക്റ്റഡ് ആളാകാം. ചുണ്ടുകളുടെ ഭംഗി വർധിപ്പിച്ച് പൊതുയിടത്തിലും അല്ലാത്തപ്പോഴും ആത്മധൈര്യവും സന്തോഷവും പകരാൻ ലിപ് കളറുകൾക്ക് പ്രത്യേക ‘പവർ’ ഉണ്ടെന്നു പറഞ്ഞാൽ ചിലർക്ക് അതൊരു അതിശയമായി തോന്നിയേക്കാം. എന്നാൽ മറ്റൊരു വലിയ വിഭാഗത്തിന് അത് ‘ചില്ലറക്കളിയല്ല’. ലിപ് കളർ ഉപയോഗിക്കാതെ ഒരു ദിനം പോലും തള്ളി നീക്കാൻ പറ്റാത്ത നിരവധി പേരുണ്ട് നമുക്കു ചുറ്റിലും. ചിലരുടെയെങ്കിലും ഒരു ദിവസത്തിലെ മുഴുവൻ സന്തോഷങ്ങളും നിയന്ത്രിക്കാൻ ലിപ് കളറുകൾക്കാകും. ചുണ്ടുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും വേണ്ടി ചില പ്രധാന കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ചുണ്ടുകൾ പലവിധം

എല്ലാവരുടെയും ചുണ്ടുകൾ ഒരുപോലെയല്ല. വലുപ്പത്തിലും നിറത്തിലും രൂപത്തിലുമെല്ലാം അവ വ്യത്യാസപ്പെട്ടിരിക്കും. അങ്ങനെയുള്ളപ്പോൾ ലിപ് കളർ ഉപയോഗിക്കുന്നതിലും അൽപം ശ്രദ്ധ വേണം. വലുപ്പം കൂടി, മലർന്ന ചുണ്ടുകളാണെങ്കിൽ ലിപ് കളറിന്റെ സഹായത്തോടെ അതിനെ ചെറുതാക്കി തോന്നിപ്പിക്കാം. ഇതിനായി ചുണ്ടിലെ സ്വഭാവിക രേഖയിൽ നിന്നും അൽപം ഉള്ളിലൂടെ ലിപ് ലൈനർ ഉപയോഗിച്ച് കട്ടികൂട്ടി വരയ്ക്കുക. ഉൾവശത്ത് ലിപ് ലൈനറിനെക്കാൾ ഇളംനിറമുള്ള ഷെയ്ഡ് ഇടുക. ഇങ്ങനെ ചെയ്യുന്നതുവഴി വലിയ ചുണ്ടുകൾ ചെറുതായി തോന്നിക്കും. ചെറിയ ചുണ്ടുകൾക്കു വലുപ്പം കൂടുതൽ തോന്നിക്കണമെങ്കിലും വഴിയുണ്ട്. ചുണ്ടുകളുടെ സ്വാഭാവിക രേഖയ്ക്കു പുറത്തായി ലിപ് ലൈനർ ഉപയോഗിച്ച് വരയ്ക്കണം. അതിനുശേഷം ഉൾവശത്ത് ഏതെങ്കിലും ബ്രൈറ്റ് ലിപ് കളർ ഉപയോഗിക്കുക.

ലിപ് കളർ തിരഞ്ഞെടുക്കുമ്പോൾ...

സാമ്പത്തിക ലാഭത്തിനു വേണ്ടി ചെറിയ ചെലവുള്ള ലിപ് കളറുകൾ വാങ്ങുന്നത് പൂർണമായും ഒഴിവാക്കുക. പകരം, മികച്ച ബ്രാൻഡുകളുടെ, ദീർഘ നേരം നീണ്ടു നിൽക്കുന്ന ലിപ് കളറുകൾ തിരഞ്ഞെടുക്കുക. അല്ലാത്തവ ഉപയോഗിച്ചാൽ ഉമിനീരിന്റെയും ഭക്ഷണത്തിന്റെയും കൂടെ അവ അല്‍പാൽപമായി വയറിലെത്തും. ഇവയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ആരോഗ്യത്തിനു നല്ലതല്ല. (പല സൗന്ദര്യവർധക വസ്തുക്കളിലും അടങ്ങിയിട്ടുള്ളത് മാരകമായ രാസവസ്തുക്കളാണ്. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ് കളറില്‍ അടങ്ങിയിരിക്കുന്ന മെറ്റലുകള്‍. വലിയ ബ്രാൻഡുകളുടെ ലിപ് കളറിൽ ഇവയുടെ അംശം കുറവാണെന്നു പറയാം).

ലിപ് കളർ ഉപയോഗിക്കുന്നതിനു മുൻപ്...

ലിപ് കളർ ഉപയോഗിക്കുന്നതിനു മുൻപ് ചുണ്ടുകളിൽ അൽപം ലിപ് ബാം പുരട്ടാൻ ശ്രദ്ധിക്കുക. ഇത് ചുണ്ടുകൾ വരണ്ടു പോകുന്നതിൽനിന്നും കറുത്തു പോകുന്നതിൽ നിന്നും ഒരു പരിധി വരെ പരിഹാരമാണ്.

∙ ലിപ് കളർ ഇട്ടതിനു ശേഷം ഒരു ടിഷ്യു പേപ്പർ ഉപയോഗിച്ച് ചുണ്ടുകളുടെ ഇടയിൽ വച്ച് അമർത്തുക. ചുണ്ടുകളിൽ അമിതമായുള്ള ലിപ് കളർ പോയി ഒരു ഫിനിഷിങ് ലുക്ക് ഇതിലൂടെ കിട്ടും.

∙ കാലാവധി കഴിഞ്ഞ ലിപ് കളർ യാതൊരു തരത്തിലും ഉപയോഗിക്കാൻ പാടില്ല. അത് ചുണ്ടുകൾ ചൊറിഞ്ഞ് തടിച്ചു വീർക്കുന്നതിനും തൊലി അടർന്നു പോകുന്നതിനും ഗുരുതര അലർജി പ്രശ്നങ്ങൾക്കും കാരണമാകും.

ലിപ്സ്റ്റിക് നീക്കം ചെയ്യുമ്പോഴും ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

∙ ക്രീമി ആയിട്ടുള്ള ലിപ് കളർ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ (ബുള്ളറ്റ് ലിപ് കളർ ആയിരിക്കും അതിൽ കൂടുതൽ) ഇളം ചൂടുവെള്ളത്തിൽ കോട്ടൺ പാഡ് മുക്കി ചുണ്ടുകൾ തുടയ്ക്കാവുന്നതാണ്.

∙ ലിക്വിഡ് ലിപ് കളറുകൾ കുറേക്കൂടി ലോങ് ലാസ്റ്റിങ് ആയിരിക്കും. അതിനാൽത്തന്നെ അത് വെള്ളം കൊണ്ടു തുടച്ചാൽ പോകാൻ സാധ്യത കുറവാണ്. വെളിച്ചെണ്ണ, ഒലിവ് എണ്ണ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള എണ്ണയിൽ ടിഷ്യു അല്ലെങ്കിൽ കോട്ടൺ പാഡ് മുക്കി തുടച്ച് ലിപ് കളർ നീക്കം ചെയ്യാനാകും.

ലിപ് കളർ തുടച്ചു മാറ്റിയ ശേഷം ലിപ് ബാം, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയവയിൽ എന്തെങ്കിലും ഉപയോഗിച്ച് ചുണ്ടുകൾ അൽപനേരം മസാജ് ചെയ്യുക.

∙ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അൽപം നെയ്യ് ചുണ്ടിൽ പുരട്ടി കിടക്കുന്നത് നല്ലതാണ്. അത് ചുണ്ടിനെ വളരെ മൃദുലമുള്ളതാക്കും.

∙ പലവിധത്തിലുള്ള ലിപ് കളർ റിമൂവറുകളും വാങ്ങാൻ കിട്ടും. എന്നാൽ കെമിക്കൽ ഫ്രീ ആയിട്ടുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം, ലിപ് കളറിൽ വലിയ അളവിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അത് നീക്കം ചെയ്തതിനു ശേഷം പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ചുണ്ടിനെ വിശ്രമിക്കാൻ അനുവദിക്കുക. അല്ലാത്തപക്ഷം, ചുണ്ടിന്റെ സ്വഭാവികത പൂർണമായും നഷ്ടപ്പെട്ടേക്കാം.

English Summary:

The Ultimate Guide to Lipstick: Application, Removal & Lip Care

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com