പട്ടൗഡി കുടുംബത്തിലെ നവാബ്! സൗന്ദര്യത്തിൽ മാത്രമല്ല, ഫാഷനിലും രാജകീയത പിന്തുടരുന്ന സെയ്ഫ് അലി ഖാൻ

Mail This Article
‘പട്ടൗഡിയുടെ നവാബ്’ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അങ്ങനെ വിശേഷിപ്പിക്കാം. അഭിനയ മികവ് കൊണ്ട് മാത്രമല്ല, സെയ്ഫിന്റെ സൗന്ദര്യവും സ്റ്റൈലും എന്നും ആരാധകരെ ആകർഷിക്കുന്നതാണ്. രാജകീയ പാരമ്പര്യവും ആധുനിക ഫാഷൻ സെൻസും സംയോജിപ്പിച്ച സെയ്ഫിന്റെ വസ്ത്രധാരണം എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്. 54 വയസ്സുണ്ടെങ്കിലും സെയ്ഫിനു പ്രായം റിവേഴ്സ് ഗിയറിലാണോ എന്ന് ചോദിക്കുന്നവാരാണ് ഏറെയും. മൂത്ത മകൻ ഇബ്രാഹിം അലി ഖാനൊപ്പം നിൽക്കുമ്പോൾ പോലും സഹോദരനായി മാത്രമേ തോന്നിക്കുകയുള്ളു. കാരണം ഇപ്പോഴും ആരോഗ്യത്തിലും ഫാഷനിലും താരം പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.
പട്ടൗഡി കുടുംബത്തിന്റെ പിൻഗാമിയായ സെയ്ഫിന്റെ വസ്ത്രധാരണത്തിൽ ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഉത്സവ സമയത്ത് ധരിക്കുന്ന ഷെർവാണി ആവട്ടെ ഔദ്യോഗിക ചടങ്ങുകൾക്കായി തിരഞ്ഞെടുക്കുന്ന ബന്ദ്‌ഗല സ്യൂട്ട് ആവട്ടെ, സെയ്ഫ് അവയെ രാജകീയ പ്രൗഢിയോടെ അവതരിപ്പിക്കും. ഐവറി നിറത്തിലുള്ള ഷെർവാണിയും തലപ്പാവും ചേർന്ന അദ്ദേഹത്തിന്റെ വിവാഹ ലുക്ക് ഇന്നും ശ്രദ്ധേയമാണ്.
പാശ്ചാത്യ വസ്ത്രങ്ങളുടെ കാര്യത്തിലും സെയ്ഫ് പിന്നോട്ടല്ല. ഡബിൾ ബ്രെസ്റ്റഡ് സ്യൂട്ടുകളും ക്രിസ്പ് ഷർട്ടുകളും നന്നായി ഫിറ്റ് ചെയ്ത ട്രൗസറുകളും അദ്ദേഹത്തിന്റെ വാർഡ്രോബിൽ ഇടം പിടിച്ചിട്ടുണ്ട്. നേവി, ഗ്രേ, ബീജ് എന്നിങ്ങനെയുള്ള ന്യൂട്രൽ ടോണുകളോടുള്ള അദ്ദേഹത്തിന്റെ പ്രിയം എടുത്തു പറയേണ്ടതാണ്.
സാധാരണ ദിവസങ്ങളിൽ സെയ്ഫ് ലളിതവും ഭംഗിയുള്ളതുമായ കാഷ്വൽ ലുക്കാണ് തിരഞ്ഞെടുക്കുന്നത്. ലിനൻ ഷർട്ടുകളും വെൽ ഫിറ്റഡ് ജീൻസുകളും ഒക്കെ അദ്ദേഹത്തിന്റെ എയർപോർട്ട് ലുക്കിന്റെ ഭാഗമാണ്. വിന്റേജ് വാച്ചുകളുടെ ശേഖരം മുതൽ മനോഹരമായ സൺഗ്ലാസുകൾ വരെ അദ്ദേഹത്തിന്റെ കളക്ഷനുകളിൽ ഉണ്ട്. ഇത് ലുക്കിന് കൂടുതൽ മാറ്റു കൂട്ടുന്നു.