‘വയസ്സ്’ 170 കഴിഞ്ഞു, ഇന്നും ഫാഷൻ പ്രേമികൾക്കു പ്രിയം; ലോകചാംപ്യൻ പോലും കുഴങ്ങി, ജീൻസിന്റെ കഥ

Mail This Article
ഫാഷൻ ലോകത്തെ നിത്യഹരിതനായകൻ, യുവതീയുവാക്കളുടെ കണ്ണിലുണ്ണി, പിച്ച വയ്ക്കുന്ന കുരുന്നുകൾ മുതൽ വയോധികർ വരെയുള്ളവരുടെ ഉറ്റചങ്ങാതി... അങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ജീൻസിന്. 170 വർഷത്തിലേറെ പഴക്കമുള്ളൊരു വസ്ത്രം, കാലമിത്ര കഴിഞ്ഞിട്ടും ചെറുപ്പമായി, ഫാഷൻ പ്രേമികളുടെ ഉയിരായി പല പേരുകളിൽ പല സ്റ്റൈലുകളിൽ ഇന്നും വാഡ്രോബുകളിലങ്ങനെ നിറഞ്ഞു നിൽക്കുകയാണ്. 1850 കളിൽ കലിഫോർണിയയിലെ ഖനിത്തൊഴിലാളികൾക്കുവേണ്ടി ഒരുക്കിയ ഡെനിംവസ്ത്രങ്ങൾ യൂത്തിന്റെ ഫാഷൻ ഐക്കണായി മാറിയതെങ്ങനെയെന്നറിയാമോ?
ട്രെൻഡ് സെറ്റർ; അന്നും ഇന്നും
ലെവി സ്ട്രോസ് എന്ന അമേരിക്കൻ വസ്ത്രവ്യാപാരിയാണ് ഡെനിം ജീൻസിന്റെ പിറവിക്കു കാരണക്കാരൻ. കലിഫോർണിയയിലെ ഖനിത്തൊഴിലാളികൾക്കു വസ്ത്രം തുന്നാനുള്ള തുണിയും അതിൽ പിടിപ്പിക്കാനുള്ള ബട്ടൻസുകളും സിബുകളുമൊക്കെ നൽകിയിരുന്നത് ലെവി സ്ട്രോസായിരുന്നു. എന്നാൽ വസ്ത്രങ്ങൾ വളരെവേഗം നശിച്ചു പോകുന്നെന്നു തൊഴിലാളികൾ പരാതിപ്പെട്ടതോടെ, കൂടുതൽ കട്ടിയുള്ള തുണി കൊണ്ട് വസ്ത്രങ്ങൾ തുന്നിയാൽ കൂടുതൽ ഈടുനിൽക്കുമെന്നു ലെവി സ്ട്രോസിന് തോന്നി. അദ്ദേഹം കാൻവാസ് ഉപയോഗിച്ച് വസ്ത്രങ്ങൾ തുന്നി നൽകുകയും ചെയ്തു. അത് തൊഴിലാളികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ഇഷ്ടപ്പെട്ടു. എന്നാൽ ധരിക്കാൻ കൂടുതൽ സൗകര്യപ്രദമായ, കൂടുതൽ കാലം ഈടു നിൽക്കുന്ന വസ്ത്രം എന്ന സ്വപ്നം സാക്ഷാത്കരിക്കാനായുള്ള പ്രയത്നം ലെവി സ്ട്രോസ് തുടർന്നു. അന്വേഷണങ്ങൾക്കൊടുവിൽ 1872 ൽ ഇറ്റലിയിൽനിന്ന് പുതിയൊരു തുണിത്തരം ഇറക്കുമതി ചെയ്തു. കട്ടി കൂടിയ ആ തുണിത്തരം അത്രയും കാലം വസ്ത്രനിർമാണത്തിന് ഉപയോഗിച്ചിരുന്നില്ല. ജേക്കബ് ഡേവിസ് എന്ന അമേരിക്കൻ തുന്നൽക്കാരന്റെ സഹായത്തോടെ ലെവി സ്ട്രോസ് അതുകൊണ്ട് ഒരു ട്രൗസർ തുന്നി. അതിന് അവർ ജീൻസ് എന്നു പേരിട്ടു. കട്ടിയുള്ള, എന്നാൽ ധരിക്കാൻ സൗകര്യപ്രദമായ ജീൻസ് തൊഴിലാളികൾക്ക് ഇഷ്ടപ്പെട്ടു. അത് ഖനിത്തൊഴിലാളികൾക്കിടയിലും സാധാരണക്കാർക്കിടയിലും പ്രചരിച്ചു. ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും ജീൻസ് ജൈത്രയാത്ര തുടരുകയാണ്.
വാഡ്രോബിലെ യൂത്ത് ഐക്കൺ
ഫാഷൻ ലോകത്ത് എന്തൊക്കെ പരീക്ഷണങ്ങൾ വന്നാലും ഒരിക്കലും ഔട്ട് ആകാത്ത വസ്ത്രമാണ് ജീൻസ്. കൗമാരക്കാരെയും യുവാക്കളെയും സംബന്ധിച്ച് ജീൻസ് കേവലം ഒരു ഔട്ട്ഫിറ്റ് മാത്രമല്ല, വികാരം കൂടിയാണ്. ജെൻഡർന്യൂട്രൽ വസ്ത്രമെന്നു നിസ്സംശയം വിളിക്കാവുന്ന ജീൻസ് സ്കിന്നി, ഫ്ലെയേഡ്, ബോയ്ഫ്രണ്ട് ജീൻസ്, മോം ജീൻസ്, ഡിസ്ട്രസ്സ്ഡ് ജീൻസ് തുടങ്ങി നാൽപത്തഞ്ചോളം വൈവിധ്യങ്ങളിൽ വിപണിയിൽ സജീവമാണ്. തുടക്കത്തിൽ നീലനിറത്തിലുള്ള ജീൻസുകളായിരുന്നു താരമെങ്കിൽ ഇന്ന് പല നിറങ്ങളിൽ ജീൻസുകൾ ലഭ്യമാണ്. ലോകമെമ്പാടും നിരവധി ബ്രാൻഡുകളിൽ ഇതു ലഭ്യമാണ്. ലെവി സ്ട്രോസിന്റെ കമ്പനി ആദ്യമായി ലോകത്ത് ഡെനിം വസ്ത്രത്തിന് യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക് നേടിയെടുത്ത 1873 മെയ് 20 ആണ് ബ്ലൂ ജീൻസിന്റെ പിറന്നാളായി ഫാഷൻ ലോകം കണക്കാക്കുന്നത്. കാഷ്വൽവെയറായി ഉപയോഗിക്കുന്ന ജീൻസിന് വൻ സ്വീകാര്യതയാണ് പൊതുജന മധ്യത്തിലുള്ളതെങ്കിലും കലാകായിക മൽസരങ്ങളിൽ പടിക്കു പുറത്താണ് ജീൻസിന്റെ സ്ഥാനം. ഓരോ മത്സരത്തിലും ഉചിതമായ വസ്ത്രധാരണ ചട്ടം നിലവിലുള്ളതിനാൽ അത്തരം വസ്ത്രങ്ങൾ ധരിച്ചു മാത്രമേ മൽസരങ്ങളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുവാദമുള്ളൂ. പക്ഷേ ഇഷ്ടവസ്ത്രമായ ജീൻസ് ധരിച്ച് ടൂർണമെന്റിനെത്തിയ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസനെ കാത്തിരുന്നത് അൽപം കയ്പ്പേറിയ അനുഭവങ്ങളാണ്.

ആദ്യം പിണങ്ങി, പിന്നെ ജീൻസിട്ട് കളിച്ച് മാഗ്നസ് കാൾസൻ
ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസന് ടൂർണമെന്റിന്റെ ഡ്രസ് കോഡ് പാലിച്ചില്ലെന്ന പേരിൽ 200 ഡോളർ പിഴയിടുകയും ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ ചീഫ് ആർബിറ്റർ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ദിവസം ഡ്രസ് കോഡ് പാലിക്കാമെന്നായിരുന്നു കാൾസന്റെ നിലപാട്. അതു പറ്റില്ലെന്നും ഉടൻ വസ്ത്രം മാറണമെന്നും സംഘാടകർ പറഞ്ഞതോടെ കാൾസൻ ടൂർണമെന്റിൽനിന്നു പിന്മാറി. പിന്നീട് ടൂർണമെന്റിന്റെ ഡ്രസ് കോഡിൽ ഭേദഗതി വരുത്തിയെന്നും കാൾസന് ജീൻസ് ധരിച്ചു പങ്കെടുക്കാമെന്നും രാജ്യാന്തര ചെസ് സംഘടനയായ ഫിഡെ അറിയിച്ചതോടെയാണ് കാൾസൻ ടൂർണമെന്റിൽ പങ്കെടുത്തത്. കാഷ്വൽ വസ്ത്രങ്ങളായ ജീൻസ്, ടീഷർട്ട്, സ്‌നീക്കർ തുടങ്ങിയവയ്ക്കു വിലക്കുള്ള ചെസ് ടൂർണമെന്റിൽ ഷർട്ട്, സ്യൂട്ട്, പോളോ ടീഷർട്ട്, ഷൂ, ജാക്കറ്റ് തുടങ്ങിയവ അനുവദനീയമാണ്. മുൻകൂട്ടി അനുവാദം വാങ്ങിയാൽ താരങ്ങൾക്ക് സ്വന്തം രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രങ്ങളും ധരിക്കാം.
വാഡ്രോബിൽ ഒന്നാമൻ
ജീൻസ് തരുന്ന സൗകര്യങ്ങളെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുമെങ്കിലും സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനോട് പലർക്കും വലിയ താൽപര്യമില്ല. സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെ വിമർശിച്ചതിന്റെ പേരിൽ പുലിവാലു പിടിച്ചവരിൽ സെലിബ്രിറ്റികൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെയുണ്ട്. 2017 ൽ, തിരുവനന്തപുരത്തു നടന്ന ഒരു ചടങ്ങിൽ സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനെതിരെ ഗായകൻ കെ.ജെ യേശുദാസ് നടത്തിയ പരാമർശത്തിനെതിരെ വിമർശനമുയർന്നിരുന്നു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ തിരത് സിങ് റാവത്തിന്റെ ജീൻസ് പരാമർശവും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സ്ത്രീകൾ കീറിയ ജീൻസ് ധരിക്കുന്നത് ഭാരതീയ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും അത് സാമൂഹിക അധഃപതനത്തിന് കാരണമാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അതിനെതിരെ ഏറെ വിമർശനങ്ങളുണ്ടായെങ്കിലും തന്റെ വാദത്തിൽ തന്നെ അദ്ദേഹം ഉറച്ചു നിന്നു.
എത്രയൊക്കെ വിമർശനങ്ങളുണ്ടായാലും, ഹൃദയം കവർന്ന ജീൻസിനെ വാഡ്രോബിന്റെ പടിയിറക്കിവിടാൻ ഫാഷൻ പ്രേമികളൊരുക്കമല്ല. നൂറ്റാണ്ടുകൾക്കു മുൻപ് ഖനിത്തൊഴിലാളികൾക്കും കാലിമേയ്ക്കുന്നവർക്കും കർഷകർക്കുമൊക്കെ വേണ്ടി ഒരുക്കിയ വസ്ത്രം ഇന്നു ഫാഷൻലോകത്തെ മുടിചൂടാമന്നനായി തുടരുന്നതല്ലേ ശരിക്കും ഹീറോയിസം!