പത്മശ്രീ ദുലാരി ദേവിയുടെ മധുബനി ആർട്ട് സാരിയിൽ തിളങ്ങി നിർമല; ബിഹാറിനോടുള്ള വിധേയത്വമെന്ന് വിമർശനം

Mail This Article
കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ സാരി സ്റ്റൈൽ എപ്പോഴും ശ്രദ്ധനേടാറുണ്ട്. ധനമന്ത്രിയായതിനു ശേഷം ഓരോ ബജറ്റ് വേളയിലും നിർമല ധരിച്ച സാരികളെല്ലാം പ്രത്യേകതകളുള്ളതായിരുന്നു. ബജറ്റ് അവതരണത്തിനായി തിരഞ്ഞെടുക്കുന്ന സാരികളിലെല്ലാം രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യത്തനിമയും കൊണ്ടുവരാൻ നിർമല ശ്രമിക്കാറുണ്ട്. ഇത്തവണ ബജറ്റ് അവതരണത്തിനായി നിർമല തിരഞ്ഞെടുത്തത് ബിഹാറിലെ പ്രശസ്തമായ മധുബനി ചിത്രകല ഡിസൈൻ ചെയ്ത സാരിയാണ്. പത്മശ്രീ ജേതാവ് ദുലാരി ദേവിയാണ് നിർമലയ്ക്കായി ഈ സാരി തയാറാക്കിയത്. അതേസമയം ബിഹാറിൽ നിന്നുള്ള സാരി ധരിച്ചതിനു പിന്നിൽ ബിഹാറിനോടും നിതീഷ് കുമാറിനോടുള്ള അമിത വിധേയത്വമാണെന്നുള്ള ആരോപണവും ഉയരുന്നുണ്ട്.
ഓഫ് വൈറ്റ് കൈത്തറി സിൽക്ക് സാരിയാണ് നിർമലയുടേത്. മത്സ്യ മാതൃകയിലുള്ള എംബ്രോയിഡറി വർക്കാണ് സാരിയിലുള്ളത്. കസവു ബോർഡറാണ്. സാരിക്കു കോൺട്രാസ്റ്റായി ചുവപ്പ് ഹാഫ് സ്ലീവ് ബ്ലൗസാണ്. ബ്ലൗസിന്റെ കൈകളിലും കസവും ബോർഡറുണ്ട്. സാരിക്ക് ഇണങ്ങുന്ന രീതിയിലുള്ള വെള്ള ഷാളും ധരിച്ചാണ് നിർമല ബജറ്റ് അവതരണത്തിനായി എത്തിയത്. ബിഹാറിലെ മിഥിലയിൽ നിന്നുള്ള ഫോക്ക് ആർട്ടാണ് മധുബനി. മനോഹരമായ നിറങ്ങളിലാണ് മധുബനി ആർട്ട് ചെയ്യുന്നത്.
ജീവിതത്തിൽ വലിയ വെല്ലുവിളികൾ നേരിട്ട വ്യക്തിയാണ് ദുലാരി ദേവി. ജോലിക്കു നിന്നിരുന്ന സ്ഥലത്തെ വീട്ടുടമയിൽ നിന്നാണ് ദുലാരി ദേവി മധുബനി ആർട്ട് പഠിക്കുന്നത്. മധുബനി ആർട്ടിലുള്ള തന്റെ പതിനായിരത്തോളം പെയിന്റിങ്ങുകൾ ദുലാരി ദേവി വിവിധ പ്രദർശനങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വർഷം ബജറ്റ് അവതരിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിൽ നിന്നുള്ള മംഗൾഗിരി സാരിയാണ് നിർമല തിരഞ്ഞെടുത്തത്. 2023 ൽ ചുവപ്പു നിറത്തിലുള്ള ടെംബിൾ ബോർഡർ സാരിയായിരുന്നു നിർമലയുടേത്. കർണാടക ധാർവാഡ് മേഖലയിലെ കസൂട്ടി വർക്കിലുള്ള ഇൽക്കൽ സിൽക്ക് സാരിയായിരുന്നു അത്.
2022ൽ തവിട്ടുനിറത്തിലുള്ള ബോംകായ് സാരിയും 2021ൽ ഓഫ്‌വൈറ്റ് പോച്ചമ്പള്ളി സാരിയുമാണ് അവർ ധരിച്ചിരുന്നത്. 2020 ൽ മഞ്ഞ സിൽക്ക് സാരിയും 2019ൽ ഗോൾഡൻ ബോർഡറുകളുള്ള പിങ്ക് മംഗൾഗിരി സാരിയുമാണ് ധരിച്ചിരുന്നത്.