ബീറ്റ തലമുറയ്ക്കു വേണ്ടത് ഡിസൈനർ സാരിയല്ല; മുൻകൂട്ടി വസ്ത്രങ്ങളൊരുക്കി സബ്യസാചി

Mail This Article
‘ALL DRESSED UP NOWHERE TO GO’ കഴിഞ്ഞയാഴ്ച മുംബൈയിൽ ക്ഷണിക്കപ്പെട്ടവരുടെ സദസ്സിൽ അവതരിപ്പിച്ച വസ്ത്രശ്രേണിയിലെ ‘സ്‌ലോഗൻ’ ടീഷർട്ടിൽ എഴുതിയതാണിത്. ടെക്സ്റ്റ് ടീഷർട്ടുകൾ വീണ്ടും ട്രെൻഡ് ആവുകയാണോ എന്നു സംശയിക്കേണ്ട! ലോക ലക്‌ഷ്വറി ഫാഷൻ രംഗത്ത് ഇന്ത്യയുടെ മേൽവിലാസം ട്രെൻഡിങ് ആക്കാനുള്ള ഒരുക്കത്തിലാണ് ആ ഡിസൈനർ– സബ്യസാചി മുഖർജി. കൊൽക്കത്തയിലെ പൈതൃക നഗരിയിൽ തുടങ്ങിയ ‘സബ്യസാചി’ ബ്രാൻഡിന് 25 വയസ്സ് പൂർത്തിയാകുന്ന വേളയിൽ ഫാഷൻ രംഗത്ത് ഇന്ത്യയ്ക്കായി പുതിയ വഴിവെട്ടുകയാണ് അദ്ദേഹം. 2016 മുതൽ ഫാഷൻഷോ വേദികളിൽനിന്നു വിട്ടുനിൽക്കുന്ന സബ്യസാചി 25–ാം വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച പുതുകലക്‌ഷൻ ആഗോള ലക്‌ഷ്വറി ഫാഷൻ രംഗത്തെ ആദ്യ ഇന്ത്യൻ ബ്രാൻഡ് എന്ന യാത്രയുടെ ആഘോഷത്തുടക്കമാണ്.
റെഡി ടു വെയർ ലക്‌ഷ്വറി
ഫാഷൻ എന്നാൽ പാശ്ചാത്യ വസ്ത്ര ഡിസൈനുകൾ മാത്രമായിരുന്ന കാലത്ത് ഇന്ത്യൻ സ്ത്രീകളെ സാരിയിലേക്കും പരമ്പരാഗത വസ്ത്രങ്ങളിലേക്കും തിരികെ നടത്തിയത് സബ്യസാചിയാണ്. ബോളിവുഡ് താരങ്ങൾ ‘സബ്യ’ സാരിയിൽ തിളങ്ങിയപ്പോഴെല്ലാം അതുകണ്ടു മോഹിച്ചിട്ടുണ്ട് പെൺമനം. സബ്യസാചിയുടെ കയ്യൊപ്പോടെ സാരി പുനർജനിച്ചപ്പോൾ, രാജ്യത്തെ കരകൗശല വിദഗ്ധരുടെ ഭാവികൂടിയാണ് മെച്ചപ്പെട്ടത്. പാരമ്പര്യം ഇഴചേരുന്ന വസ്ത്രങ്ങളിൽ വധുവായൊരുങ്ങാൻ സബ്യസാചിക്കു മുന്നിൽ ഊഴം കാത്തുനിന്ന് ഇന്ത്യൻ ബ്രൈഡൽ വിപണിയും വളർന്നു.
എന്നാൽ സബ്യസാചി ബ്രൈഡൽ വെയർ ആണെന്ന ഇമേജിന് ഇനിയൊരു ട്വിസ്റ്റ്. ബീറ്റ തലമുറയുടെ കാലത്ത് ലെഹംഗങ്ങളും ഡിസൈനർ സാരികളുമല്ല സ്ത്രീകൾക്കായി ഒരുക്കേണ്ടതെന്ന് സബ്യസാചി മുൻകൂട്ടി കണ്ടു കഴിഞ്ഞു. സബ്യസാചി വസ്ത്രം ധരിക്കാൻവേണ്ടി വേണമെങ്കിൽ വിവാഹം കഴിക്കാം എന്നു പഴയ തലമുറ പെൺകുട്ടികൾ പറഞ്ഞത് ഇനി മറന്നേക്കാം. സ്വന്തം ലക്ഷ്യത്തിനു പിന്നാലെ പായുന്ന ബോസ് ലേഡിയാകട്ടെ, ‘ക്യാറ്റ് ലേഡി’യോ ‘ഡോഗ് ഡാഡി’യോ ആകട്ടെ, ജീൻസ് ധരിക്കാൻ ഇഷ്ടപ്പെടുന്നവരാകട്ടെ, പ്രൗഢിയോടെ വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്ന മധ്യവയസ്കയാകട്ടെ; ഏതൊരാൾക്കും തിരഞ്ഞെടുക്കാൻ വേണ്ടതെല്ലാം പുതിയ സബ്യസാചിയിലുണ്ട്. റെഡി ടു വെയർ ലക്ഷ്വറിയാണ് നാളെയുടെ ‘സബ്യ’ ഫാഷൻ!
പുതിയ വസ്ത്രകലക്‌ഷനിലെ ‘എഴുത്തുകളെ’ കുറിച്ച് സബ്യസാചി പറയുന്നു; ‘‘ഇതൊരു സ്‌ലോഗൻ ടീ അല്ല. യഥാർഥ രോദനമാണ്. നിങ്ങൾ ഇന്നു വസ്ത്രം വാങ്ങുന്നതു തന്നെ അതു ധരിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനാണ്. ടെക്നോളജിയുടെ മുന്നേറ്റത്തോടെ നമ്മുടെയൊക്കെ ജീവിതം എത്രത്തോളം ശൂന്യതയിലായിരിക്കുന്നു എന്നതിനെക്കുറിച്ചുള്ള കമന്റാണത്. ടെക്നോളജിക്ക് ലക്‌ഷ്വറി സൃഷ്ടിക്കാനാകില്ല. മനുഷ്യരുടെ കൈകൊണ്ടു മാത്രമേ അതു സാധ്യമാകൂ.’’
നിറയെ വൈവിധ്യം
ഡ്രസുകൾ, കോട്ടുകൾ, ലെതർ സ്കേർട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന റെഡി ടു വെയർ വസ്ത്രങ്ങളാണ് പുതിയ ഗ്ലോബൽ കലക്‌ഷനിലുള്ളത്. ഇന്ത്യൻ പാരമ്പര്യത്തനിമയുള്ള ക്രാഫ്റ്റ് വർക്കുകൾ ചിത്രത്തുന്നലായും സെമിപ്രെഷ്യസ് സ്റ്റോൺ വർക്കുകളായും ഇതിൽ നിറയുന്നു. കോട്ടുകളുടെയും നീളൻ ജാക്കറ്റുകളുടെയും ലൈനിങ്ങിൽ വരെ ആഢംബരത്തിന്റെ ഇന്ത്യൻ ഡിസൈനർ ടച്ച്. സങ്കീർണമായ കൈത്തുന്നലിന്റെ അതിമനോഹര പ്രതിഫലനമായി 3ഡി ഇഫക്ട് സമ്മാനിക്കുന്ന ഫ്ലോറൽ എലമെന്റുകളുള്ള ജാക്കറ്റുകളും സാരികളും. ലെതർ സ്കേർട്ടുകളിലെ ലൈനിങ്ങിൽ ഉൾപ്പെടെ ബ്രാൻഡിന്റെ മുഖമായ ബംഗാൾ കടുവ ലോഗോ. ആദ്യമായി ഓസ്ട്രിച്ച് ലെതർ ഉപയോഗിച്ചുള്ള ആക്സസറികളും കലക്‌ഷന്റെ ഭാഗമാണ്. ഇന്ത്യയിലും പുറത്തും ഒരേസമയം ലഭ്യമാക്കുന്ന ഈ കലക്‌ഷൻ സെപ്റ്റംബറോടെ മാത്രമേ വിപണിയിൽ എത്തുകയുള്ളൂ. ലോകം മിനിമലിസത്തെക്കുറിച്ചു പറയുമ്പോൾ ഇന്ത്യ പ്രതിനിധീകരിക്കേണ്ടത് പൈതൃകത്തിന്റെയും പാരമ്പര്യത്തനിമയുടെയും ‘മാക്സിമലിസം’ ആണെന്ന് പുതു ഡിസൈനുകളിലൂടെ സബ്യസാചി പ്രഖ്യാപിക്കുന്നു. പ്രൗഢിയേറിയ ഇന്ത്യൻ പൈതൃക കാൻവാസിലെ ‘സബ്യസാചി കയ്യൊപ്പ്’ ഇനി ആഗോള ലക്ഷ്വറി ഫാഷന്റെ പുതിയ മേൽവിലാസമാകട്ടെ!