കാഴ്ചയിൽ സാധാരണം; മൂന്ന് ബെൻസ് കാറിന്റെ വില; അത്യാഡംബര നെയിൽ പോളിഷ് സ്വന്തമാക്കി 25പേർ

Mail This Article
നഖങ്ങൾക്കു മനോഹരമായ നിറങ്ങൾ നൽകുന്നത് മിക്കവരുടെയും സ്റ്റൈലിന്റെ ഭാഗമാണ്. ഇതിനായി എത്രരൂപ വേണമെങ്കിലും ചെലവാക്കാൻ നെയിൽ പോളിഷ് ആരാധകർക്കു മടിയില്ല. 20 രൂപ മുതൽ ലക്ഷങ്ങൾ വിലവരുന്ന നെയിൽപോളിഷുകൾ വിപണിയിൽ ലഭ്യമാണ്. അത്തരത്തിൽ ഒരു നെയിൽ പോളിഷാണ് ഇപ്പോൾ നെയിൽ പോളിഷ് പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
ഒരുകോടി രൂപയ്ക്ക് മുകളിൽ വിലയുള്ള നെയില്‍ പോളിഷാണ് ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഡംബര ബ്രാൻഡ് ‘ആസച്ചർ’ വിപണിയിലെത്തിച്ചിരിക്കുന്നത്. 1,63,66,000 രൂപയാണ് ഈ ബ്ലാക് ഡയമണ്ട് നെയിൽ പോളിഷിന്റെ വില. പ്രത്യക്ഷത്തിൽ ഇത് ഒരു സാധാരണ നെയിൽ പോളിഷാണ്. എന്നാൽ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ എന്തുകൊണ്ട് ഈ നെയിൽ പോളിഷിന് ഇത്രയും വിലയെന്നു മനസ്സിലാകും. ഈ നെയിൽ പോളിഷിൽ 267 കാരറ്റ് ബ്ലാക് ഡയമണ്ട് ചേർത്തിട്ടുണ്ട്.
‘ബ്ലാക്ക് ഡയമണ്ട് കിങ്’ എന്നാണ് ആസച്ചര്‍ പോഗോസിയാൻ അറിയപ്പെടുന്നത്. കറുപ്പ് വജ്രം ഉപയോഗിച്ച് അദ്ദേഹം ഡിസൈൻ ചെയ്ത ആഭരണങ്ങൾക്ക് ആരാധകരേറെയാണ്. ബിയോൺസെ, റിയാന്ന തുടങ്ങിയ പ്രമുഖ താരങ്ങൾ ബ്ലാക് ഡയമണ്ട് ആരാധകരാണ്. ‘‘ഇത്രയും മനോഹരമായ ബ്ലാക്ക് ഡയമണ്ട് എന്തുകൊണ്ട് നഖങ്ങളില്‍ പരീക്ഷിച്ചൂടാ എന്ന് ഞാൻ ഒരിക്കൽ ചിന്തിച്ചു. അങ്ങനെയാണ് ഞാൻ ഈ ബ്ലാക് ഡയമണ്ട് നെയിൽ പോളിഷ് നിർമിക്കുന്നത്. ഞാൻ ഡിസൈൻ ചെയ്യുന്ന ആഭരണങ്ങളുടെ മൂല്യം ഈ നെയിൽ പോളിഷിനുമുണ്ടെന്ന് ഉറപ്പ് നൽകുന്നു.’’– അസാച്ചർ പൊഗോസിയാൻ പറഞ്ഞു.
14.7 മില്ലിലീറ്ററുള്ള ഒരു കുപ്പിക്ക് മൂന്ന് മെഴ്സിഡീസ് ബെൻസിന്റെ വിലവരും. ആഡംബര ബാഗുകളും വാച്ചുകളും ചെരുപ്പുകളുമെല്ലാം വിപണി കീഴടക്കിയിട്ട് കാലമേറെയായി. പക്ഷേ, ഇത്രയും വിലപിടിപ്പുള്ള ഒരു നെയിൽ പോളിഷ് വിപണിയിലെത്തുന്നത് ആദ്യമാണ്. ഈ നെയിൽ പോളിഷ് വാങ്ങുന്നതിനു മുൻപ് പലതവണ ചിന്തിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും വിമർശനമുണ്ട്. പ്രമുഖ ഹോളിവുഡ് താരം കെല്ലി ഓസ്ബോൺ അടക്കം 25 പേർ ഈ അത്യാഡംബര നെയിൽ പോളിഷ് സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്.