യാദൃച്ഛികമല്ല, ദീപികയുടെ ആ ലുക്ക്; എത്തിയത് രേഖയെ പോലെയോ? ഫാഷൻ ഐക്കണു നൽകിയ ആദരം

Mail This Article
അമ്മയായ ശേഷം ആദ്യമായി ദീപിക പദുക്കോൺ പങ്കെടുത്ത പൊതുചടങ്ങ്, ഫാഷൻ ലോകത്തെ മുടിചൂടാമന്നൻ സബ്യസാചി മുഖർജിയുടെ 25 വർഷക്കാലത്തെ ഫാഷൻ അനുഭവങ്ങളുടെ നേർക്കാഴ്ച... അങ്ങനെ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ചടങ്ങാണ് പോയവാരം ഫാഷൻവാർത്തകളിൽ നിറഞ്ഞത്. ഫാഷൻ ഡിസൈനർ സബ്യസാചിയുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷ പരിപാടിയിൽ ഷോസ്റ്റോപ്പറായെത്തിയ ദീപിക പദുക്കോണിന്റെ ലുക്കും സ്റ്റൈലും ഫാഷൻ ലോകത്ത് ഏറെ ചർച്ചയായിരുന്നു. അതിൽ പലരും ശ്രദ്ധിച്ചത് ദീപികയ്ക്ക് മുൻബോളിവുഡ് താരം രേഖയുമായുള്ള സാമ്യമായിരുന്നു. രേഖയ്ക്കുള്ള ആദരമായിരുന്നു ഷോയിലെ ദീപികയുടെ സ്റ്റൈൽ എന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.
ദീപികയുടെ സ്റ്റൈലിനു പ്രചോദനം രേഖയുടെ എയർപോർട്ട് ലുക്കോ?
അടുത്തിടെ രേഖയുടെ ഒരു എയർപോർട്ട് ലുക്കിനോടാണ് സബ്യസാചിയുടെ 25–ാം വാർഷിക ആഘോഷ പരിപാടിയിൽ ഷോ സ്റ്റോപ്പറായി എത്തിയ ദീപികയെ പലരുമിപ്പോൾ ഉപമിക്കുന്നത്. വളരെ അയഞ്ഞ കറുത്ത വസ്ത്രം ധരിച്ച് സ്റ്റൈലിഷ് സ്കാർഫിനൊപ്പം വലിയൊരു സൺഗ്ലാസും സ്നീക്കറുമണിഞ്ഞാണ് രേഖ എയർപോർട്ടിലെത്തിയത്. മകൾ ദുവയുടെ ജനനശേഷം ആദ്യമായി ദീപിക പങ്കെടുത്ത പരിപാടിയായിരുന്നു സബ്യസാചിയുടെ 25–ാം വാർഷിക ആഘോഷപരിപാടി. വെള്ളനിറത്തിലുള്ള മോണോക്രോമാറ്റിക് ബ്ലേസർ പാന്റ്സ്യൂട്ടിനൊപ്പം ക്യുറേറ്റഡ് ആക്സസറീസും ധരിച്ചാണ് താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ദീപികയെ ആ ലുക്കിൽ കണ്ടപ്പോൾ ഒറ്റനോട്ടത്തിൽ രേഖയെപ്പോലെ തോന്നിയെന്നും വസ്ത്രത്തിന്റെ നിറങ്ങളിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നും ലുക്കിൽ ഇരുവരും ഒരുപോലെയിരിക്കുന്നുവെന്നുമാണ് ആരാധകർ പറയുന്നത്.
രേഖ എന്ന പേരുകേൾക്കുമ്പോൾ മനോഹരമായ സാരികൾ കൂടി ആരാധകർക്ക് ഓർമ വരും. എന്നാൽ സാരിയിൽ മാത്രമായി തന്റെ ഫാഷൻ പരീക്ഷണങ്ങൾ ഒതുക്കിയിട്ടില്ല രേഖ. അടുത്തിടെ എയർപോർട്ട് ലുക്കിലും കാഷ്വൽ അവസരങ്ങളിലും മിനിമലിസ്റ്റിക് കോസ്റ്റ്യൂമാണ് രേഖ പരീക്ഷിക്കുന്നത്. പഴയകാലത്തെ ഫാഷൻ പുനരവതരിപ്പിച്ചതുപോലെയുള്ള ലുക്കിൽ ദീപിക പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ യാദൃച്ഛികതയില്ലെന്നും ദീപിക രേഖയ്ക്ക് ട്രിബ്യൂട്ട് നൽകുകയായിരുന്നുവെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. രേഖയുടെ ഒന്നിലധികം എയർപോർട്ട് ലുക്കുകളോട് ദീപികയുടെ ഷോ സ്റ്റോപ്പർ ലുക്കിന് സാമ്യമുണ്ടെന്നും ചിലയാളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
ബോൾഡ്, വൈബ്രന്റ് കാഞ്ചീപുരം സാരികളേറെയിഷ്ടം
പൊതുവിടങ്ങളിൽ സാരി പോലുള്ള പരമ്പരാഗത വസ്ത്രങ്ങളിലാണ് രേഖ പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും സമകാലിക ഫാഷനിലും പരീക്ഷണങ്ങൾ നടത്താൻ അവർ മടിച്ചിട്ടില്ല. ഫാഷൻപ്രേമികളുടെയും ആരാധകരുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടും വിധമുള്ള ഔട്ട്ഫിറ്റുകൾ ധരിക്കാൻ ഇന്നും രേഖ ശ്രദ്ധിക്കാറുണ്ട്. കല്യാണമോ അവാർഡ് നിശയോ ആഘോഷരാവുകളോ, ചടങ്ങുകൾ എന്തുമാകട്ടെ, അവിടെ കാഞ്ചീപുരം സാരികളണിഞ്ഞ് രേഖയെത്തുമ്പോൾ ശ്രദ്ധാകേന്ദ്രം അവർ മാത്രമാകുന്നതിലെ മാന്ത്രികതയെക്കുറിച്ച് ഫാഷൻ പ്രേമികൾ വാതോരാതെ സംസാരിക്കാറുണ്ട്. കടും നിറങ്ങളിൽ നെയ്ത കാഞ്ചീപുരം സാരിയുടുത്ത് രേഖയെത്തിയാൽ ചുറ്റുമുള്ളതെല്ലാം നിഷ്പ്രഭമായിത്തീരുമെന്ന് ആരാധകവൃന്ദം പറയുന്നു. ബോൾഡ്, വൈബ്രന്റ് നിറങ്ങളിലുള്ള സാരികൾ ഭംഗിയായുടുക്കുന്ന രേഖ, അതേ ശ്രദ്ധ ആഭരണം തിരഞ്ഞെടുക്കുന്നതിലും ഹെയർ സ്റ്റൈൽ സെറ്റ് ചെയ്യുന്നതിലും മേക്കപ്പിലും കാണിക്കാറുണ്ട്.
സിൽക്ക്, വെൽവെറ്റ്, ബ്രൊക്കേഡ് സാരികളോടൊപ്പം ഏറെ വലുപ്പമുള്ള സ്റ്റേറ്റ്മെന്റ് ആഭരണങ്ങൾ അണിയാനാണ് രേഖയ്ക്കിഷ്ടം. കഴുത്തിൽ നിറഞ്ഞു കിടക്കുന്ന സ്വർണ നെക്‌ലേസുകളോടൊപ്പം കാതിൽ വലിയ ജിമുക്കികളും കൈനിറയെ വളകളുമുണ്ടാകും. പരമ്പരാഗത ശൈലികൾക്കൊപ്പം ആധുനികതയും ഇഴചേർത്ത് രേഖയൊരുക്കിയ ഫാഷൻ ഫ്യൂഷൻ ശൈലി ഏതു വേദിയിലും അവരെ വേറിട്ടു നിർത്താറുണ്ട്. ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിഷ് വനിതയായി രേഖയെ അടയാളപ്പെടുത്തിയത് താരതമ്യമില്ലാത്ത അവരുടെ ഫാഷൻ ശൈലി തന്നെയാണ്. വിലകൂടിയ സിൽക്ക് സാരികൾ മാത്രമല്ല പ്രിന്റഡ് വസ്ത്രങ്ങളും ധരിക്കുന്ന രേഖ ഫ്ലോറൽ, ജോമെട്രിക് പ്രിന്റുകളുള്ള വസ്ത്രങ്ങളും പരീക്ഷിക്കാറുണ്ട്.
കാലാതീതം രേഖയുടെ ഫാഷൻ സെൻസ്
സാരിയിലായാലും മോഡേൺ ഔട്ട്ഫിറ്റുകളിലായാലും അതിലൊരു ‘രേഖാ ടച്ച്’ എപ്പോഴുമുണ്ടായിരിക്കും. ഏറെ ആത്മവിശ്വാസത്തോടെ, ആകർഷകമായി വസ്ത്രങ്ങൾ ധരിക്കാനിഷ്ടപ്പെടുന്ന രേഖ തന്റെ ലുക്കിന് മോടികൂട്ടാൻ എന്തെങ്കിലുമൊരു കാര്യം സ്വന്തം നിലയിൽ പരീക്ഷിക്കാൻ ശ്രദ്ധിക്കാറുണ്ട്. രേഖയുടെ ഫാഷൻ സെൻസിനെ കാലാതീതം എന്നു വിശേഷിപ്പിക്കാനാണ് ഫാഷൻ പ്രേമികൾക്കിഷ്ടം. അതുകൊണ്ടു തന്നെയാണ് ബോളിവുഡ് അടക്കിവാഴാൻ താരറാണിമാർ ഒരുപാടെത്തിയെങ്കിലും ബോളിവുഡിലെ ഫാഷൻ ഐക്കണായി രേഖ തുടരുന്നത്.