‘എൻബിഎയ്ക്ക് പോലും നിങ്ങൾ ഈ ഷൂ ധരിക്കുന്നത് തടയാൻ കഴിയില്ല!’–ജോര്ദാനൊപ്പം താരമായ സ്നീക്കർ

Mail This Article
‘എനിക്കെത്ര സ്നീക്കറുകൾ ഉണ്ടെന്നു സത്യത്തിൽ എനിക്കുതന്നെ അറിയില്ല. എന്റെ എല്ലാ വീട്ടിലും സ്നീക്കറുകൾ സൂക്ഷിക്കാൻ ഒരു മുറിയുണ്ട്. ഇപ്പോൾ അവ എണ്ണി തിട്ടപ്പെടുത്താൻ കഴിയുന്നില്ല.’- ബോളിവുഡ് നടൻ രൺവീർ സിങ് പറഞ്ഞതാണിത്. ഇന്ത്യയിലും വളർന്നുകൊണ്ടിരിക്കുന്ന സ്നീക്കർ കലക്‌ഷൻ മാർക്കറ്റിന്റെ പ്രധാന ഐക്കണുകളിൽ ഒരാളാണ് രൺവീർ സിങ്. ഷർട്ടോ പാന്റ്സോ പോലെ അല്ല, ശേഖരിച്ചു വയ്ക്കുകയും പഴകുംതോറും ഡിമാൻഡ് വർധിക്കുകയും ചെയ്യുന്ന ഒരു ബിസിനസ് മേഖലയായി സ്നീക്കറുകൾ മാറി.
എന്താണ് റീസെല്ലിങ് മാർക്കറ്റ്?
പല കമ്പനികളും സ്നീക്കറുകൾ നിശ്ചിത എണ്ണം മാത്രമാണ് പുറത്തിറക്കുന്നത് (ലിമിറ്റഡ് എഡിഷൻ). ഒരിക്കൽ ഇറക്കിയ ഫാഷൻ പിന്നീടു മാർക്കറ്റിൽ എത്തുകയേയില്ല. അതു കൊണ്ടു തന്നെ അതു കയ്യിലുള്ളവർ വിൽക്കാൻ തയാറായാൽ മാത്രമേ മറ്റുള്ളവർക്ക് ലഭിക്കൂ. കൈവശം ഉള്ളവർ പറയുന്നതാണ് വില. ‘കോപ് ദിസ് കോപ് ദാറ്റ്’, ‘ഹൈപ്പ് ഫ്ലൈ’, വെജ് നോൺവെജ്, ക്രിപ്ഡോഗ് ക്രൂ, ഗോട്ട് സ്നീക്കേഴ്സ്, സ്റ്റോക്എക്സ്, സോൾ സെർച് തുടങ്ങി ഒട്ടേറെ സ്നീക്കർ റീസെല്ലിങ് പ്ലാറ്റ്ഫോമുകൾ ഇന്ത്യയിലുണ്ട്.
എല്ലാ സ്‌നീക്കറും വേണ്ട
അഡിഡാസ്–യീസി ( Adidas Yeezi ), നൈക്കി–ജോർദാൻ തുടങ്ങിയ ഷൂ സീരിസുകൾക്കാണു വൻ ഡിമാൻഡ്. അമേരിക്കൻ പോപ് ഗായകൻ കാന്യെ വെസ്റ്റ് അഡിഡാസുമായി ചേർന്നാണ് യീസി സ്നീക്കറുകൾ പുറത്തിറക്കിയത്.
വ്യത്യസ്തമായ ഡിസൈനാണ് അതിന്റെ ഹൈലൈറ്റ്. ഏതാനും വർഷം മുൻപ് അവർ തമ്മിലുള്ള കൂട്ടുകെട്ട് അവസാനിച്ചതോടെ യീസി സ്നീക്കറുകൾ കലക്ടർമാരുടെ കയ്യിൽ മാത്രമായി. അവ ഇത്തരം റീസെല്ലിങ് പ്ലാറ്റ്ഫോമുകളിൽ പറയുന്ന വിലയ്ക്കു വിറ്റുപോകും.
മാർക്കറ്റിന്റെ വലുപ്പം
2030 ആവുമ്പോഴേക്കും രണ്ടര ലക്ഷം കോടി രൂപയുടെ സ്നീക്കർ റീസെയിൽ മാർക്കറ്റാണു പ്രതീക്ഷിക്കുന്നത്. മെയിൻ സ്ട്രീറ്റ് മാർക്കറ്റ് പ്ലേസ് എന്ന പേരിൽ വേദാന്ത് ലാംബ എന്ന മുംബൈക്കാരൻ 2017ൽ 17–ാം വയസ്സിൽ സ്ഥാപിച്ച സ്നീക്കർ റീസെല്ലിങ് പ്ലാറ്റ്ഫോം 100 കോടിക്ക് മുകളിൽ വിറ്റുവരവ് ഉണ്ടാക്കുന്നു.

ഒന്നര ലക്ഷം വിലയുള്ള ഡിയോർ നൈക്കി എയർ ജോർദാൻ 1 എന്ന സ്‌നീക്കർ അവസാനം വിറ്റത് 13 ലക്ഷം രൂപയ്ക്കാണെന്നു ലാംബ പറയുന്നു. ‘ഒരാൾ 7 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കുന്നു. അത് ഞങ്ങൾക്ക് 11 ലക്ഷത്തിന് വിൽക്കുന്നു. ഞങ്ങളത് വാങ്ങി 13 ലക്ഷത്തിന് വിറ്റു. 2 ലക്ഷം രൂപ ക്ലീൻ ലാഭം.’
ഇനി കുറച്ചു വർഷങ്ങൾക്കുശേഷം 15 ലക്ഷത്തിനോ 20 ലക്ഷത്തിനോ അതേ ഷൂ റീസല്ലിങ് പ്ലാറ്റ്ഫോമുകൾ അത് തിരിച്ചെടുത്തേക്കാം. 25 ലക്ഷത്തിന് അത് വിറ്റു പോവുകയും ചെയ്യും. 2022ൽ ആണ് ഇവർ ഒരു ഓഫ്‌ലൈൻ സ്റ്റോർ ഡൽഹിയിൽ തുടങ്ങുന്നത്. അതിന്റെ ഉദ്ഘാടനദിവസം 400 ആളുകൾ ഷോപ്പ് തുറക്കുന്നതുകാത്ത് രാത്രി മുഴുവൻ ക്യൂനിന്ന സംഭവം വൈറൽ ആയിരുന്നു.
സ്നീക്കർ ഹെഡും കോപ്പിങ്ങും
സ്നീക്കറുകളെ ഗാഢമായി സ്നേഹിക്കുകയും അവ ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നവരെയാണു സ്നീക്കർ ഹെഡുകൾ എന്നു വിളിക്കുക. 1980കളിൽ അമേരിക്കയിലാണ് ഈ സംഘം രൂപപ്പെടുന്നത്. ബാസ്കറ്റ്ബോൾ ഫാൻസ്, ഹിപ് ഹോപ് ഫാൻസ് തുടങ്ങിയവരുടെ ഇടയിൽ ആദ്യം രൂപപ്പെട്ടു. പിന്നീട് ലോകം മുഴുവൻ വ്യാപിച്ചു. ഇവർ തമ്മിൽ ഇന്നു ശക്തമായ നെറ്റ്‌വർക് ഉണ്ട്. അപൂർവമായതോ ഭാവിയിൽ അപൂർവം ആയേക്കാവുന്നതോ ആയ സ്‌നീക്കറുകൾ കണ്ടെത്തി ശേഖരിക്കുന്നതിന് പറയുന്നത് ‘കോപ്പിങ്’ എന്നാണ്. സ്നീക്കർ ഹെഡുകൾക്ക് ഒരു ഷൂ ഇഷ്ടപ്പെട്ടാൽ അതു ഭാവിയിൽ കോടികൾ വിലമതിക്കുന്ന അപൂർവ കലക്‌ഷനായി മാറിയേക്കാം.
നമുക്ക‌് കിട്ടുമോ?
സ്നീക്കർ ഹെഡുകൾ വ്യാപിച്ചതോടെ സാധാരണക്കാർക്ക് ലിമിറ്റഡ് എഡിഷൻ സ്നീക്കറുകൾ ലഭിക്കാതെയായി. ഓൺലൈനിലും ഓഫ്‌ലൈനിലും സെക്കൻഡുകൾക്കകം അവ വിറ്റുതീരുന്നു. പിന്നീട് റീസെയിൽ മാർക്കറ്റിൽ ഉയർന്ന വിലയ്ക്ക് അവ വാങ്ങേണ്ടി വരും.വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും വഴിയും മറ്റുമാണ് പലരും ഇപ്പോൾ ഷൂസുകൾ വാങ്ങി ശേഖരിക്കുന്നത്.

എന്തൊരു വിചിത്രമായ ലോകം എന്ന് തോന്നിയോ?
ഇനി പഴയ ഷൂ സ്റ്റാൻഡിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ, ലക്ഷങ്ങൾ വിലമതിക്കുന്ന സ്നീക്കറുകൾ ആയിരിക്കും, ലെയ്സ് പൊട്ടി പൊടിപിടിച്ചു കിടക്കുന്നത്!
സൂപ്പർ ഹിറ്റ് കൂട്ടുകെട്ട്
യുഎസ് ബാസ്കറ്റ്ബോൾ കളിക്കാരൻ മൈക്കൽ ജോർദനും നൈക്കിയും തമ്മിലുള്ളതാണ് സ്നീക്കർ മാർക്കറ്റിലെ സൂപ്പർഹിറ്റ് കൂട്ടുകെട്ട്. 1985ലാണ് എയർ ജോർദാൻ എന്ന പേരിൽ ഇവർ നൈക്കി സ്നീക്കർ ഇറക്കുന്നത്.
ബാസ്കറ്റ്ബോൾ മത്സരങ്ങളിൽ ജോർദാനു വേണ്ടി കറുപ്പ് - ചുവപ്പ് നിറങ്ങളിൽ ആണ് നൈക്കി സ്നീക്കർ ഡിസൈൻ ചെയ്തത്. അത് നാഷനൽ ബാസ്കറ്റ്ബോൾ അക്കാദമി ( എൻബിഎ) നിയമാവലിക്ക് എതിരായിരുന്നു. എന്നാൽ ഡിസൈൻ മാറ്റാൻ നൈക്കി തയാറായില്ല. ജോർദാന്റെ ഓരോ കളിക്കും 5000 ഡോളർ എൻബിഎ പിഴ വിധിച്ചു. അതൊരു മാർക്കറ്റിങ് അവസരമാക്കി മാറ്റുകയായിരുന്നു നൈക്കി. എല്ലാ പിഴയും നൈക്കി നൽകി. ശേഷം ഇങ്ങനെ പരസ്യം ചെയ്തു.
‘എൻബിഎയ്ക്ക് പോലും
നിങ്ങൾ ഈ ഷൂ
ധരിക്കുന്നത്
തടയാൻ കഴിയില്ല!’
അങ്ങനെ ജോർദാനൊപ്പം നൈക്കിയും സൂപ്പർ ഹിറ്റ്. എതിരാളികളായ അഡിഡാസിനെക്കാളും മൂന്നിരട്ടിയാണ് ഇപ്പോൾ നൈക്കിയുടെ വരുമാനം. ബാസ്കറ്റ്ബോൾ ഷൂസുകളിൽ 86 ശതമാനമാണ് നൈക്കിയുടെ ഷെയർ. ഇന്നും ജോർദാൻ സീരീസിലെ ഓരോ നൈക്കി ഷൂ വിൽക്കുമ്പോഴും മൈക്കൽ ജോർദാന് പണം ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 2500 കോടി രൂപയാണ് നൈക്കി ജോർദാന് കൊടുത്തത്.