സൗന്ദര്യ രഹസ്യം ഇന്ത്യൻ അടുക്കളയിലെ നെയ്യ്; ലോകസുന്ദരൻമാരുടെ പട്ടികയിൽ വീണ്ടും ഹൃതിക് റോഷൻ

Mail This Article
ആരെയും ആകർഷിക്കുന്ന വെള്ളാരം കണ്ണുകൾ. അൻപത്തിയൊന്നാം വയസ്സിലും യുവത്വം തുളുമ്പുന്ന ചർമം. ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള പുരുഷൻമാരുടെ പട്ടികയിൽ വീണ്ടും ഇടംനേടിയിരിക്കുകയാണ് ബോളിവുഡിന്റെ ‘ഗ്രീക്ക് ദൈവം’ ഹൃതിക് റോഷൻ. ടെക്നോസ്പോർട്ട്സ് ഡോട്ട് കോ ഡോട്ട് ഇൻ നടത്തിയ സർവേയിൽ ലോകസുന്ദരൻമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഹൃതിക്. പ്രശസ്ത സൗത്ത് കൊറിയന്‍ ബാന്റ് ബിടിഎസിലെ ഗായകനായ കിം തെ യുങ് ആണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഹോളിവുഡ് നടന്‍മാരായ ബ്രാഡ് പിറ്റും റോബര്‍ട്ട് പാറ്റിസണും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. കനേഡിയന്‍ മോഡലും നടനുമായ നോവ മില്‍സ് ആണ് നാലാം സ്ഥാനത്ത്. കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആറാം സ്ഥാനം സ്വന്തമാക്കി.
വർഷങ്ങളായി തുടരുന്ന ചിട്ടയായ ജീവിത രീതിയാണ് ഹൃതിക് റോഷന്റെ സൗന്ദര്യത്തിനു പിന്നിൽ. അതിൽ പ്രധാനം ചര്‍മ സംരക്ഷണം തന്നെയാണ്. ചർമത്തിന് അനിവാര്യമായ ക്ലെൻസിങ്, ടോണിങ്, മോയ്ചറൈസിങ് തുടങ്ങിയ കാര്യങ്ങൾ ദിവസേന രണ്ടുതവണ ചെയ്യും. നാല്‍പതിനു ശേഷം പുരുഷൻമാരുടെ ചർമം സാധാരണയായി വരണ്ടതാകും. ചർമം മനോഹരമായി സൂക്ഷിക്കുന്നതിനു ക്ലെൻസിങ് അനിവാര്യമാണ്. ശരീരത്തിലെ അഴുക്കും പൊടിയും ഒഴിവാക്കണം. ചർമത്തിലെ പിച്ച് മൂല്യം നിലനിർത്തുന്നതിനായി ടോണിങ് ചെയ്യണം. ഇത് ഊർജസ്വലമായ യുവത്വം നിലനിർത്തുന്നതിനു സഹായിക്കും. മോയ്ചറൈസിങ് ചർമത്തെ കൂടുതൽ മൃദുലമാക്കും.
തന്റെ സൗന്ദര്യ സംരക്ഷണത്തിലെ പ്രധാന ഘടകം ഇന്ത്യൻ അടുക്കളയിലെ നെയ്യാണെന്ന് ഹൃതിക് തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. നെയ്യ് ഉപയോഗിക്കുന്നതിലൂടെ കണ്ണിനു ചുറ്റിലുമുള്ള കറുത്തപാടുകൾ, ചുണ്ടുകളുടെ വരൾച്ച തുടങ്ങിയവ ഒഴിവാക്കാം. നെയ്യ് മികച്ച മോയ്ചറൈസറാണ്. ചർമം കൂടുതൽ മൃദുലമാക്കുന്നതിനും തിളക്കം നൽകുന്നതിനും നെയ്യ് സഹായിക്കും. ശരീര സൗന്ദര്യം നിലനിർത്തുന്നതിനായി കൃത്യമായ ഡയറ്റും വ്യായാമവും പിൻതുടരുന്നുണ്ട്. യുവത്വം നിലനിർത്തുന്നതിനാവശ്യമായ വൈറ്റമിൻ ഗുളികകളും അദ്ദേഹം കഴിക്കുന്നുണ്ട്. 2019ല്‍ മറ്റൊരു രാജ്യാന്തര വെബ്‌സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള ചലച്ചിത്രതാരങ്ങളുടെ പട്ടികയില്‍ ഹൃതിക് ഒന്നാമതെത്തിയിരുന്നു.