കീർത്തി സുരേഷിനായി എക്സ്ക്ലൂസീവ് റൂബി ആൻഡ് പോൾക്കി നെക്‌ലസ് ഒരുക്കി ജോസ് ആലുക്കാസ്

Mail This Article
2024 ൽ നടന്ന താരവിവാഹങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു നടി കീർത്തി സുരേഷിന്റേത്. ആന്റണി തട്ടിലുമായുള്ള കീർത്തിയുടെ വിവാഹം ഗോവയിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടന്നത്. സ്വകാര്യ ചടങ്ങായിരുന്നെങ്കിലും അങ്ങേയറ്റം പ്രൗഢമായിരുന്നു ആഘോഷങ്ങൾ. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും അതിന്റെ ചിത്രങ്ങളും വിവാഹ ദിനത്തിനായി കീർത്തി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഇപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നുണ്ട്.
30 വർഷങ്ങൾക്കു മുൻപ് വിവാഹദിനത്തിൽ അമ്മ മേനക സുരേഷ് ധരിച്ചിരുന്ന സാരിയും വിവാഹദിനത്തിനായി കീർത്തി തിരഞ്ഞെടുത്തിരുന്നു. ചുവന്ന ബനാറസി സാരി ധരിച്ച കീർത്തിയുടെ ചിത്രങ്ങളാണ് ഏറ്റവും അധികം ശ്രദ്ധ നേടിയത്. ഈ സാരിക്കൊപ്പം ചേർന്ന് പോകുന്ന തരത്തിൽ കഴുത്തു മൂടി നിൽക്കുന്ന ഒറ്റ നെക്ലേസ് മാത്രമായിരുന്നു കീർത്തി അണിഞ്ഞത്. പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച നെക്ലേസിൽ രാജകുമാരിയെ പോലെയാണ് താരം കാണപ്പെട്ടത്. എന്നാൽ മറ്റു വിവാഹ ആഭരണങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു പ്രത്യേകതയും ഈ നെക്‌ലസിനുണ്ട്. വിവാഹ ദിനത്തിൽ കീർത്തിക്കണിയാനായി ജോസ് ആലുക്കാസ് പ്രത്യേകം തയാറാക്കിയ ഡയമണ്ട് നെക്‌ലസാണ് ഇത്.
സംസ്കാരത്തോടും കലാവൈദഗ്‌ധ്യത്തോടുമുള്ള കീർത്തിയുടെ ആദരവ് എടുത്തു കാട്ടുന്ന തരത്തിൽ റൂബി രത്നങ്ങളും പോൾകീ വജ്രങ്ങളും പതിപ്പിച്ചാണ് ജോസ് ആലുക്കാസ് നെക്‌ലസ് ഒരുക്കിയത്. രാജകീയ ആഭരണങ്ങളുടെ പ്രൗഢിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയാറാക്കിയ ഡിസൈനിനു വേണ്ടി രാജസ്ഥാനിൽ നിന്നും പ്രത്യേകമായി റൂബി രത്നങ്ങൾ തിരഞ്ഞെടുത്തു. അൺ കട്ട് വജ്രങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സങ്കീർണതകള്‍ നിറഞ്ഞ ഡിസൈനിൽ ഓരോ രത്നവും ശ്രദ്ധാപൂർവം ക്രമീകരിച്ചു. കീർത്തിയുടെ വ്യക്തിഗത സ്റ്റൈലും താൽപര്യവും പ്രതിഫലിപ്പിക്കുന്നതിനൊപ്പം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ മുഹൂർത്തം അതിവിശിഷ്ടമാക്കുന്ന തരത്തിലാണ് പല തട്ടുകളുള്ള നെക്‌ലസ് ജോസ് ആലുക്കാസ് തയാറാക്കിയത്.
നെക്‌ലസിനു ചേർന്നു പോകുന്ന വിധത്തിലുള്ള കമ്മലുകളും നെറ്റിച്ചുട്ടിയും വളകളും താരം തിരഞ്ഞെടുത്തു. എന്നാൽ, എക്സ്ക്ലൂസീവ് ആഭരണത്തിന്റെ പകിട്ട് എടുത്തെറിയിക്കുന്ന തരത്തിൽ ലളിതമായിരുന്നു അവയെല്ലാം. തങ്ങളുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ കീർത്തിക്കു വേണ്ടി ഒട്ടേറെ പ്രത്യേകതകളുള്ള വിശിഷ്ടമായ ഒരു ആഭരണം നിർമിക്കാനായത് ജോസ് ആലുക്കാസിലെ ഓരോരുത്തർക്കും വ്യക്തിഗതമായ ആഘോഷ നിമിഷം കൂടിയായിരുന്നു എന്ന് ജ്വല്ലറിയുടെ മാനേജിങ് ഡയറക്ടർ ജോൺ ആലുക്കാസ് പ്രതികരിച്ചു. കീർത്തിയും ജോസ് ആലുക്കാസും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ഈ ആഭരണം.
പൈതൃകവും കരകൗശലവൈദഗ്ധ്യവും ആഘോഷമാക്കിക്കൊണ്ട് കസ്റ്റമൈസ് ചെയ്ത ബ്രൈഡൽ ആഭരണങ്ങളുടെ നീണ്ട നിരയാണ് ജോസ് ആലുക്കാസ് അവതരിപ്പിക്കുന്നത്. ഓരോ വധുവിനും തങ്ങളുടെ കഥ അതിന്റെ എല്ലാ പ്രൗഢിയോടെയും പ്രതിഫലിപ്പിക്കാൻ ഈ ആഭരണങ്ങൾ സഹായിക്കും. കാലാതീതമായ പോൾകി നെക്‌ലസുകൾ, സങ്കീർണ ഡിസൈനിങ് ഉൾപ്പെടുന്ന ടെമ്പിൾ ജ്വല്ലറികൾ, സമകാലിക ശൈലിയിലുള്ള വജ്രാഭരണങ്ങൾ തുടങ്ങി പൈതൃകവും ഭംഗിയും കലയും നിറഞ്ഞുനിൽക്കുന്ന വിശിഷ്ടമായ ആഭരണങ്ങൾ ഇവിടെ അണിനിരത്തിയിരിക്കുന്നു. ജോസ് ആലുക്കാസിന്റെ ദക്ഷിണേന്ത്യയിലെ എല്ലാ ഷോറൂമുകളിലും ഈ എക്സ്ക്ലൂസീവ് ശേഖരം ഒരുക്കിയിട്ടുണ്ട്.