മഷി പടർന്നതും ഫാഷൻ; ഷർട്ടിന്റെ വില 80,000 രൂപ: സ്റ്റൈലിനെ പുനർനിർവചിച്ച് മോഷിനോ കൗച്ചർ

Mail This Article
വലിയ വില നൽകി വാങ്ങുന്ന ഷർട്ടിൽ അലക്കി വെളുപ്പിക്കാനാവാത്ത കറകളോ പാടുകളോ വീണാൽ അതിൽപരം സങ്കടകരമായ കാര്യമില്ല. അത് പഴയ പരുവത്തിലാക്കാൻ ഏതറ്റം വരെയും പോകാൻ പോലും ആളുകൾ തയാറാകും. എന്നാൽ പേനയിൽ നിന്നും വസ്ത്രത്തിൽ പടർന്ന മഷി സ്റ്റൈൽ സ്റ്റേറ്റ്മെന്റായാലോ? ഫോർമൽ ക്ലോത്തിങ്ങിൽ അങ്ങനെ വേറിട്ട ഒരു സ്റ്റൈൽ ട്രെൻഡിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇറ്റാലിയൻ ലക്‌ഷ്വറി ഫാഷൻ ഹൗസായ മോഷിനോ കൗച്ചർ. പുരുഷന്മാർക്കായുള്ള ഫോർമൽ ഷർട്ടിലാണ് പോക്കറ്റിന്റെ താഴെ ഭാഗത്തായി യഥാർഥത്തിൽ മഷി പടർന്നത് എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വ്യത്യസ്ത പ്രിന്റ് നൽകി മോഷിനോ അവതരിപ്പിച്ചിരിക്കുന്നത്.
ഇങ്ക് ലീക്ക് പോക്കറ്റ് ഷർട്ട് എന്ന് പേര് നൽകിയിരിക്കുന്ന ഷർട്ട് ഇളം നീല നിറത്തിലുള്ളതാണ്. പൂർണമായും കോട്ടണിലാണ് വേറിട്ട ഈ വസ്ത്രം തയാറാക്കിയിരിക്കുന്നത്. ഫുൾ സ്ലീവ് ഷർട്ടിൽ വീതിയേറിയ സ്ട്രെയ്റ്റ് കഫുകളും വളഞ്ഞ ആകൃതിയിലുള്ള അരികുകളുമായി പ്രൊഫഷണൽ ലുക്ക് നിലനിർത്തുന്ന തരത്തിലാണ് ഇങ്ക് ലീക്ക് പോക്കറ്റ് ഷർട്ടിന്റെ രൂപകൽപ്പന. കേവലം ഒരു ഫോർമൽ വസ്ത്രം എന്നതിലുപരി കലാസൃഷ്ടി എന്നാണ് മോഷിനോ ഈ ഷർട്ടിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ കലാസൃഷ്ടി സ്വന്തമാക്കാൻ 80,000 രൂപ ചെലവിടേണ്ടി വരും.
1983ൽ ഫ്രാങ്കോ മോഷിനോയാണ് മോഷിനോ കൗച്ചർ എന്ന ഫാഷൻ ബ്രാൻഡിനു തുടക്കം കുറിച്ചത്. കൗതുകവും ബോൾഡ്നെസ്സും നിറഞ്ഞ അതുല്യമായ ഡിസൈനുകളാണ് മോഷിനോയുടെ പ്രത്യേകത. വസ്ത്രങ്ങൾക്കു പുറമേ ഹാൻഡ് ബാഗുകൾ, സുഗന്ധദ്രവ്യങ്ങൾ, ഫാഷൻ ആക്സസറികൾ എന്നിവയും മോഷിനോ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്നുണ്ട്. അല്‍പം രസകരമായ രീതിയിൽ ലക്‌ഷ്വറി ഉത്പന്നങ്ങൾ പുറത്തിറക്കുന്ന മോഷിനോ പല സെലിബ്രിറ്റികളുടെയും ഇഷ്ട ബ്രാൻഡ് കൂടിയാണ്.