ഇതെന്ത് ജീൻസ്? സൂക്ഷിച്ചു നോക്കേണ്ടാ, ഇപ്പോഴത്തെ പിള്ളേരുടെ ഒരു ഫാഷനാണ്...!

Mail This Article
കാലില്ലാത്ത പാന്റോ? നെറ്റിചുളിക്കേണ്ട. പുതിയൊരു ഫാഷൻ ട്രെൻഡാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ ചർച്ചയാകുന്നത്. ‘വണ്‍ ലെഗ്ഡ്’ എന്നറിയപ്പെടുന്ന ജീൻസാണ് ഫാഷൻ പ്രേമികളുടെ ഇടയില്‍ ശ്രദ്ധനേടിയിരിക്കുന്നത്. ഫ്രഞ്ച് ഫാഷൻ ബ്രാൻഡായ കോർപണിയാണ് പുതിയ രീതിയിലുള്ള ജീൻസ് വിപണിയിലെത്തിച്ചിരിക്കുന്നത്. 38,330 രൂപയാണ് ഈ ജീന്‍സിന്റെ വില.
ഈ ജീൻസിനെ കുറിച്ച് ക്രിസ്റ്റി ലാറ എന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ‘ഏറ്റവും വിവാദമായ ജീൻസ്’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. അതേസമയം പുതിയ ജീൻസിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്. ജീൻസ് ക്രിസ്റ്റി പരിചയപ്പെടുത്തുന്നതിനിടയിൽ അവരുടെ പങ്കാളി തന്നെ വിഡിയോയിലേക്കു കയറി വരുന്നുണ്ട്. ഈ ജീൻസ് ആരും ധരിക്കില്ലെന്നാണ് ക്രിസ്റ്റിയുടെ ഭർത്താവ് പറയുന്നത്.
ക്രിസ്റ്റിയുടെ ഭർത്താവിന്റെ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ട് പലരും രംഗത്തെത്തി. ‘ഒരു കാല് അൽപം കൂടുതല്‍ ചെറുതായിപ്പോയി. ഒരുപോലെ നിൽക്കാൻ പറ്റില്ല.’– എന്നാണ് വിഡിയോയ്ക്ക് താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഇത് ഒരു കാലുമായി പുറത്തിറങ്ങുന്നതു പോലെയാണ്.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. ‘ഈ ജീൻസിൽ ആരും കാലുറച്ചു നിൽക്കില്ല.’– എന്നാണ് പ്രശസ്ത സ്റ്റൈലിസ്റ്റ് കാർസൺ ക്രെസ്‌ലി അഭിപ്രായപ്പെട്ടത്. കോർപ്പണി വൺലെഗ് ഡെനിം ട്രൗസർ എന്ന പേരില്‍ പാന്റ്സ് എല്ലാ അളവിലും വിപണിയിലെത്തിച്ചിട്ടുണ്ട്.