സാരിയിലും കമ്മ്യൂണിസം; സിപിഎം സമ്മേളനത്തിൽ ചിന്ത തിളങ്ങിയ സാരി; പിന്നിലെ കഥ

Mail This Article
സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ് സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന്റെ സാരി. ചുവപ്പിൽ വെള്ള നിറത്തിലുള്ള അരിവാളും ചുറ്റികയും ഡിസൈൻ ചെയ്ത കോട്ടൻ സാരിയുടുത്താണ് ചിന്ത സമ്മേളന വേദിയിലെത്തിയത്. എംഎ ബേബിയുടെ ഭാര്യ ബെറ്റി, അവരുടെ വിവാഹത്തിനു ധരിച്ച സാരിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സമ്മേളന വേദിയിൽ ഈ സാരിയുടുത്ത് ചിന്ത എത്തിയത്.
ആന്ധ്രാ പ്രദേശിൽ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോള്‍ അവിടത്തെ സ്റ്റാളിൽ നിന്നാണ് ചുവപ്പ് കോട്ടൻ സാരിയിൽ വെള്ള അരിവാള്‍ ചുറ്റിക ത്രഡ് വർക്ക് ചെയ്ത സാരി ചിന്ത വാങ്ങിയത്. ‘ആന്ധ്രയിൽ നിന്ന് വാങ്ങിയ സാരിയാണ് ബെറ്റിച്ചേച്ചി വിവാഹത്തിനുടുത്തത്. അതിന്റെ ബോർഡറില്‍ അരിവാൾ ചുറ്റിക പ്രിന്റ് ചെയ്തിരുന്നു. ആ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ ഒരു സാരി വാങ്ങണമെന്ന് മനസ്സിൽ തോന്നിയപ്പോൾ വാങ്ങി.’– ചിന്ത പറഞ്ഞു.
മുൻപ് രണ്ടു തവണ ഈ സാരി ഉടുത്തിട്ടുണ്ടെന്നും ചിന്ത പറഞ്ഞു. ‘ഈ സാരി കൊണ്ട് ചുരിദാർ തയ്പ്പിക്കണമോ എന്ന് ആലോചിച്ചപ്പോഴാണ് കൊല്ലം സമ്മേളനം വന്നത്. അപ്പോള്‍ മമ്മിയാണ് ഈ സാരിയെ പറ്റി ഓർമിപ്പിച്ചത്. അങ്ങനെ തിരഞ്ഞെടുക്കുകയായിരുന്നു. സമ്മേളനത്തിനെത്തിയപ്പോൾ ഡിവൈഎഫ്ഐ കുട്ടികളൊക്കെ ഇതുപോലെ ഒരെണ്ണം വേണമെന്ന് ആവശ്യപ്പെട്ടു. ആയിരത്തിനു താഴെ മാത്രമാണ് ഈ സാരിയുടെ വില.’– ചിന്ത കൂട്ടിച്ചേർത്തു.