മുടിയിൽ ഇതിഹാസതാരങ്ങളുടെ ചിത്രങ്ങൾ പതിച്ച മുത്തുമാലകൾ; കാനിൽ നിതാൻഷിയുടെ വ്യത്യസ്തമായ തുടക്കം

Mail This Article
ഇന്ത്യൻ സിനിമയുടെ ഇതിഹാസതാരങ്ങളെ ആദരിച്ചുകൊണ്ടാണ് ‘ലാപതാ ലേഡീസ്’ എന്ന ജനപ്രിയ ഹിന്ദി ചിത്രത്തിലെ നായിക കാനിൽ തിളങ്ങിയത്. 78-ാമത് കാന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ആദ്യമായി ചുവടുവച്ച നിതാൻഷി ഗോയൽ എന്ന 17 കാരി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നുണ്ട്.
പാരമ്പര്യത്തനിമയും പുതുമയും കോർത്തിണക്കിയ വസ്ത്രങ്ങളാണ് നിതാൻഷി അണിഞ്ഞത്. പക്ഷേ, അവൾ പ്രശംസിക്കപ്പെടുന്നത് വസ്ത്രത്തിന്‍റെയോ മേക്കപ്പിന്‍റെയോ പേരിലല്ല, മറിച്ച് ഹെയർ ആക്സറിയിലുപയോഗിച്ചിരിക്കുന്ന ചിത്രങ്ങളുടെ പേരിലാണ്. ബി ടൗണിലെ താരസുന്ദരിമാരായിരുന്ന മധുബാല, രേഖ, ശ്രീദേവി, വൈജയന്തി മാല, ഹേമമാലിനി, വഹീദ റഹ്‌മാന്‍ എന്നിവരുടെ ചെറിയചിത്രങ്ങൾ മുടിയിൽ അലങ്കരിച്ച മുത്തുകളിൽ പതിപ്പിച്ചാണ് നിതാൻഷി സുവർണതാരങ്ങളോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചത്.
ഈ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ്. കാനിലെ റെഡ് കാര്‍പ്പെറ്റിലെത്തിയപ്പോഴും ഫാഷനിൽ ഭ്രമിക്കാതെ മുൻഗാമികളെ ഓർക്കാനും അവർക്ക് ആദരം അർപ്പിക്കാനും നിതാൻഷി കാണിച്ച മനസ്സിനെ അഭിനന്ദിക്കുകയാണ് ആരാധകർ. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ ശ്രേയ് ആൻഡ് ഉർജയാണ് നതാൻഷിയുടെ കാൻ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. വസ്ത്രങ്ങളിലും ആഭണങ്ങളിലും ആഡംബംരം കാട്ടാതിരുന്ന നിതാൻഷി മിനിമൽ മേക്കപ്പാണ് ഉപയോഗിച്ചത്.