Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്പട പുളുസോ ‘അയ്യോ’ ഞങ്ങടെയല്ലെന്നോ!

aiyyo-oxford-dictionary

പണ്ടൊരു കാലം. പത്താംക്ലാസ് പരീക്ഷാഫലം നോക്കാൻ പോയ കൂട്ടുകാരനെ കാത്തിരിക്കുന്ന പയ്യൻസ്. ദൂരെ നിന്നേ കണ്ടു മിന്നായം പോലെ അവന്റെ സൈക്കിൾ. അതിങ്ങനെ മിന്നലു പോലെ പാഞ്ഞു വരുന്നു. സൈക്കിൾ അടുത്തെത്തുന്നതു വരെ കാത്തിരിക്കാൻ വയ്യാത്തതുകൊണ്ട് ചങ്കുംപൊട്ടി വിളിച്ചു ചോദിച്ചു: ‘മച്ചാനേ ജയിച്ചാ...’

അതാ ദൂരെ നിന്ന് നേർത്തു നേർത്തൊരു ശബ്ദം: ‘ജയിച്ചു മച്ചാനേ ജയിച്ചൂ...’
പിന്നെയൊരൊറ്റപ്പാച്ചിലായിരുന്നു. റിസൽട്ട് നോക്കാൻ പോയ കൂട്ടുകാരൻ വീട്ടിലെത്തുമ്പോഴേക്കും പരിസരമാകെ പായസമൊഴുകുകയായിരുന്നു. ‘ജയിച്ച’ കൂട്ടുകാരന്റെ വക ചെലവാണ്. തോറ്റിരുന്നെങ്കിൽ ആ പായസം മുഴുവൻ തോട്ടിൽക്കളയേണ്ടി വന്നേനെ. എന്തായാലും സൈക്കിൾ സ്റ്റാൻഡിട്ട് ‘ജയിച്ച’ കൂട്ടുകാരന്റെ അടുത്തെത്തി അവൻ പറഞ്ഞു: ‘മച്ചാനേ, ജയിച്ചത് ഞാനാണ്...നീ തോറ്റ്...പറഞ്ഞത് മുഴുവൻ കേൾക്കും മുൻപേ നീയിങ്ങനെ ഓടിപ്പിടിച്ചു വന്ന് പായസം വിളമ്പുമെന്ന് ഞാനറിഞ്ഞോ...’

‘അ....യ്യോ....’ എന്നൊരു നിലവിളി മാത്രമേ കേട്ടുള്ളൂ. ദേ കിടക്കുന്നു ‘പായസപ്പയ്യൻ’ ധരണിയിൽ സകലതും നഷ്ടപ്പെട്ടവനെന്ന പോലെ. ഏകദേശം ഇതേപോലെയൊക്കെത്തന്നെയായിരുന്നു അടുത്തിടെ ഒരു ‘ആഘോഷം’ മലയാളത്തിൽ നടന്നതും.

മലയാളത്തിന്റെ സ്വന്തമെന്നു നാം കരുതിയിരുന്ന ‘അയ്യോ, അയ്യ...’ എന്നീ വാക്കുകൾ ഓക്സ്ഫഡ് ഇംഗ്ലിഷ് ഡിക്‌ഷനറിയിൽ ഇടംപിടിച്ചതായിരുന്നു വാർത്ത. സൗത്തിന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ വ്യാപകമാണ് ‘അയ്യോ’ എന്ന പദപ്രയോഗമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷേ നമ്മുടെ പ്രിയപ്പെട്ട ഈ വാക്കിന്റെ ആവിർഭാവത്തിനു പിന്നിൽ യാതൊരു സൗത്ത് ഇന്ത്യൻ കണക്‌ഷനുമില്ലെന്നു മാത്രമല്ല വരവ് ചൈനയിൽ നിന്നാണെന്നു കൂടി പറയുമ്പോൾ ‘അയ്യോ’ എന്നു പറയരുത്. ഡൂപ്ലിക്കേറ്റ് സാധനങ്ങൾ വിൽക്കാൻ വന്ന് കേരളത്തിന്റെ ഒറിജിനല്‍ ‘അയ്യോ’ ചൈന അടിച്ചോണ്ടു പോയതാണെന്നും പറയാൻ പറ്റില്ല. വേണമെങ്കിൽ ദേഷ്യം തീർക്കാൻ ‘രമണൻ’ സ്റ്റൈലിൽ ‘അമ്പട പുളുസോ...’ എന്നു കളിയാക്കാം. കാരണം സംഗതി സത്യമാണെന്നാണ് ഭാഷാഗവേഷകരും പറയുന്നത്. ‘അയ്യോ’ എന്ന വാക്ക് വേരുറപ്പിച്ചിട്ടിരിക്കുന്നത് ചൈനയുടെ ‘മാൻഡരിൻ’ ഭാഷയിലാണത്രേ! ചൈനയിലെ തെക്കുകിഴക്കൻ പ്രദേശങ്ങളിലെ പ്രാദേശിക പദപ്രയോഗത്തിൽ നിന്നാണ് ‘അയ്യ’യുടെ വരവെന്നും ഡിക്ഷനറി അധികൃതർ പറഞ്ഞുകളഞ്ഞു. Bible of correct English എന്നറിയപ്പെടുന്നതാണ് ഓക്സ്ഫഡ് ഡിക്​ഷനറി. അവരിത്രേം ഉറപ്പിച്ചു പറയുമ്പോൾ എതിർക്കാനും പറ്റില്ല.

തീർന്നില്ല-അയ്യോയുടെ പലവിധ വകഭേദങ്ങൾ ഉപയോഗിക്കുന്നതിൽ മുൻപന്തിയിൽ തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളാണത്രേ. സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളാണ് അതിലെ പ്രധാനികൾ. ചരിത്രമന്വേഷിച്ചു പോയാലും ‘അയ്യോ’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ‘സിംഹള’ ഭാഷയിലാണെന്നും ശക്തമായ വാദമുണ്ട്. അങ്ങനെ നോക്കുമ്പോൾ ചൈനയുടെ വൻ മതിലും കടന്നു വരുന്ന അയ്യോയുടെ ക്രെഡിറ്റ് ശ്രീലങ്കയിലേക്ക് പോകുകയേ വഴിയുള്ളൂ. അവിടെയും കേരളത്തിനു വലിയ വിലയൊന്നുമില്ല. സിംഗപ്പൂരിലാകട്ടെ അവിടത്തെ പ്രാദേശിക ഭാഷയും ഇംഗ്ലിഷുമൊക്കെ ചേർന്ന് ‘സിംഗ്ലിഷ്’ എന്നൊരു ഭാഷയുണ്ട്. അതിലെ വാക്കുകളിലും ഒന്നാണത്രേ ‘അയ്യോ’.

പക്ഷേ Aiyoh യുടെ ഉച്ചാരണം ഗൂഗിളിൽ തിരഞ്ഞാൽ രസകരമാണ്. ഇംഗ്ലിഷിൽ ‘അയ്‌യോ...’ എന്നുതന്നെയാണു പറയുന്നത്. പക്ഷേ ചൈനയിൽ ‘അയ്’ എന്നേയുള്ളൂ. അതും ചാണകത്തിൽ ചവിട്ടി അയ്യേ...എന്നങ്ങോട്ട് പൂർണമായും പറയാൻ പറ്റാത്ത വിധത്തിലുള്ള ഒരുതരം പറച്ചിലും. അതേസമയം ചൈനീസ്-ഇംഗ്ലിഷ് ഓൺലൈൻ ഡിക്ഷനറികളിലെ ഉച്ചാരണം ശ്രദ്ധിച്ചാൽ മനസിലാകും ഏകദേശം മലയാളികൾ പറയുന്നതു പോലെത്തന്നെയാണ് ചൈനക്കാരും ‘അയ്യോ’ എന്നു പറയുന്നത്- ‘അയ്’ കഴിഞ്ഞൊന്നു നിർത്തിയാണ് ‘യോ’യുടെ വരവ്. ‘ai’ എന്നാൽ hey!; (interjection used to attract attention or to express surprise or disapprobation) എന്നാണു ചൈനീസ് ഡിക്​ഷനറി വിശദീകരണം. ‘yo’ എന്നാൽ (interjection expressing surprise) Oh!; My! എന്നും. (ചൈനീസ് ഭാഷയിൽ Aiyoh എഴുതുന്നത് എങ്ങനെയാണെന്നോ, ദേ ദിങ്ങനെ-哎唷 ).

ഇച്ഛാഭംഗം, ആശ്ചര്യം, നടുക്കം, ക്രോധം, സങ്കടം എന്നിങ്ങനെയുള്ള പലവിധ ‘രസ’ങ്ങളിലും പല ടോണുകളിൽ മലയാളി ‘അയ്യോ’ എന്നു പ്രയോഗിക്കാറുണ്ട്. ആധിയെടുക്കുമ്പോഴും നടുക്കം വരുമ്പോഴും സങ്കടത്തിലുമൊക്കെ ‘അയ്യാ’യും പ്രയോഗിക്കാറുണ്ട്. അയ്യൊന്റമ്മോ, അയ്യടാ, അയ്യോടാ, അയ്യയ്യോ, അയ്യോന്റമ്മച്ച്യോ, ഉയ്യോ എന്നിങ്ങനെ മലയാളിത്തിൽ അയ്യോയുടെ ‘അനുസാരികൾ’ ഒട്ടേറെ. ‘മണിച്ചിത്രത്താഴി’ൽ കെപിഎസി ലളിതയ്ക്കു നേരെയുള്ള ലാലേട്ടന്റെ ‘ഉയ്യോ’ എങ്ങനെ മറക്കും? കാലു തല്ലിയൊടിക്കാൻ വന്ന ആശാനെയും ഗുണ്ടകളെയും കണ്ട് ‘അയ്യോ എന്നെ കൊല്ലാൻ പോകുന്നേ’യെന്നുള്ള മുകേഷിന്റെ ‘മാന്നാർമത്തായി’യിലെ കരച്ചിലോ? ചിന്താവിഷ്ടയായ ശ്യാമളയിലെ ‘അയ്യോ അച്ഛാ പോകല്ലേ...’ യും മലയാളി അത്ര പെട്ടെന്നൊന്നും മറക്കാനിടയില്ല. ബോളിവുഡിലാകട്ടെ നായകന്‍ തമിഴ്നാട്ടിൽ നിന്നാണെങ്കിൽ ഇടയ്ക്കിടെ ചുമ്മാ ‘അയ്യോ, അയ്യോ’ എന്നു പറയുന്നതു കേൾക്കാം (ഷാരൂഖിന്റെ ‘റാ-വൺ’ ഒരുദാഹരണം).

ഇങ്ങനെയൊക്കെ ‘അയ്യോ’യെ സ്നേഹിച്ചിട്ടും അതിന്റെ അവകാശം ‘സ്വന്തമാക്കാനുള്ള’ ഭാഗ്യം എന്തായാലും നമുക്കില്ലെന്നതുറപ്പ്. തത്കാലത്തേക്ക് ‘അയ്യോ പോയേ ഞങ്ങടെ അയ്യോ കൈവിട്ടു പോയേ’ എന്ന മട്ടിലൊരു പാട്ടും പാടി ‘പോനാൽ പോകട്ടും പോടാ...’ എന്ന മട്ടിലങ്ങു നിൽക്കാം. 

Your Rating: