Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങളെ മറന്നേക്കൂ: കോണ്ടം കമ്പനി

Condom Apology

നിർമ്മാതാക്കൾ തന്നെ തങ്ങളുടെ ഉൽപ്പന്നം ഉപയോഗിക്കേണ്ടെന്ന പരസ്യവുമായി രംഗത്തു വന്നാലോ? വിശ്വസിക്കാൻ കുറച്ചു പാടാണല്ലേ. ഒരു കമ്പനിയും ഇതുവരെ അവരുടെ ഉൽപ്പന്നം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ഉപഭോക്താക്കളെ സമീപിച്ചിട്ടില്ല. പക്ഷേ അതിൽനിന്നൊക്കെ വ്യത്യസ്തമാവുകയാണ് ഡ്യൂറെക്സ് എന്ന കോണ്ടം നിർമ്മാതാക്കള്‍. ഒരുദിവസത്തേക്കാണ് ഉൽപ്പന്നം ഉപേക്ഷിക്കാൻ ഡ്യൂറെക്സ് ആവശ്യപ്പെട്ടത്. രാജ്യത്തെ ജനനനിരക്ക് കുറഞ്ഞതിൽ ഡ്യൂറെക്സിന് ഉത്തരവാദിത്തമുണ്ടെന്നും അതു തിരുത്താനുള്ള അവസരം നൽകണമെന്നും പറഞ്ഞാണ് പരസ്യം പുറത്തിറക്കിയത്.

രാജ്യത്തെ ജനനനിരക്ക് കുറഞ്ഞതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക മാത്രമല്ല അതിന് ക്ഷമ ചോദിക്കുക കൂടി ചെയ്തിട്ടുണ്ട് ഡ്യൂറെക്സ്. രാജ്യത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ചാണ് ഡ്യൂറെക്സ് ക്ഷമാപണം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തു വിട്ടിരിക്കുന്നത്. സിംഗപ്പൂരിലെ ജനനനിരക്ക് കുറഞ്ഞതിന് ഉത്തരവാദികളാണെന്ന പരസ്യം പക്ഷേ കമ്പനിയുടെ മറ്റൊരു വിപണന തന്ത്രം കൂടിയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഇത്തരമൊരു പരസ്യത്തിലൂടെ തങ്ങൾ വിജയപാതയിലൂടെയാണെന്ന് തെളിയിക്കുക കൂടിയാണ് ഡ്യൂറെക്സ് ചെയ്യുന്നത്. അതേസമയം ബോധപൂർവമല്ല രാജ്യത്തെ ജനനനിരക്കു കുറയ്ക്കുന്നതെന്നും അവർ പറയുന്നു. അതിനാൽ തെറ്റു തിരുത്താനുള്ള പോംവഴിയെന്ന നിലയ്ക്കാണ് സിംഗപ്പൂർ ഗോൾഡൻ ജൂബിലി ദിവസമായ കഴിഞ്ഞ ഒമ്പതിന് ഉൽപ്പന്നം വർജിക്കാൻ കമ്പനി ആവശ്യപ്പെട്ടത്.

ഗോൾഡൻ ജൂബിലി ആഘോഷവേളയിൽ ഡ്യൂറെക്സിന്റെ ഗർഭനിരോധന ഉറ ഉപയോഗിക്കേണ്ടെന്നും സമ്പത്ത് ഡോളറിലും സെന്റിലുമല്ല മറിച്ച് ഡയപ്പറിലും കുട്ടികളോടൊത്തുള്ള ആഘോഷത്തിലുമാണെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. ഉപഭോക്താക്കളെ കയ്യിലെടുക്കുന്ന വ്യത്യസ്തമായൊരു വിപണി തന്ത്രവുമായി രംഗത്തെത്തിയ ഡ്യൂറെക്സിന്റെ പരസ്യം ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.