Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലീക്കായി, പരസ്പരം വഞ്ചിച്ച സകല ദമ്പതികളുടെയും വിവരങ്ങൾ

ashley

ആരാണ് ശരിക്കും ചതിയന്മാരെന്ന കൺഫ്യൂഷനിലാണിപ്പോൾ നെറ്റ്‌ലോകം. വിവാഹം കഴിഞ്ഞിട്ടും മറ്റ് അവിഹിത ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രോൽസാഹിപ്പിക്കുന്ന ഒരു വെബ്സൈറ്റ്. അതിലെ വിവരങ്ങളെല്ലാം ചോർത്തി പുറത്തിറക്കിയ ഹാക്കർമാർ. ആരുടെ കൂടെ നിൽക്കും? കാനഡ ആസ്ഥാനമായുള്ള ആഷ്‌ലി മാഡിസൺ വെബ്സൈറ്റാണ് ഈ കുരുക്കിൽപ്പെട്ടിരിക്കുന്നത്. ജീവിതം ഒന്നേയുള്ളൂ, എന്നാപ്പിന്നെ അതൊന്ന് ആഘോഷമാക്കിക്കൂടേ...എന്ന മുദ്രാവാക്യവുമായാണ് വെബ്സൈറ്റിന്റെ പ്രവർത്തനം തന്നെ. വിവാഹിതരാണോ, കമ്മിറ്റഡാണോ എന്നതൊന്നും പ്രശ്നമല്ല. ഈ അഡൽറ്റ് വെബ്സൈറ്റിൽ അംഗമായാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ തിരഞ്ഞെടുക്കാം. അവരുടെ കൂടെ കറങ്ങാം, ചാറ്റ് ചെയ്യാം, യുക്തം പോലെ എന്തുമാകാം. മറ്റൊരാളു പോലും അറിയുകയുമില്ല. എല്ലാം വെബ്സൈറ്റിലെ നിങ്ങളുടെ അക്കൗണ്ടിൽ ഭദ്രം.

പക്ഷേ അങ്ങനെ സുഖിച്ചുപോകുന്നതിനിടെ ജൂലൈ ഇരുപതോടെയാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തെത്തിയത്. ഇംപാക്ട് ടീം എന്ന ഹാക്കർ സംഘം ആഷ്‌ലി മാഡിസണിലെയും സമാനമായ പ്രവർത്തനങ്ങൾക്ക് കുട പിടിക്കുന്ന എസ്റ്റാബ്ലിഷ്ഡ് മെൻ എന്ന വെബ്സൈറ്റിലെയും വിവരങ്ങൾ ചോർത്തി. സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരെ ‘വഴിപിഴപ്പിക്കുന്ന’ ഈ രണ്ട് വെബ്സൈറ്റുകളും പൂട്ടിയില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടാൻ തയാറായിക്കോ എന്നതായിരുന്നു ഹാക്കർമാരുടെ ഭീഷണി. പക്ഷേ വെബ്സൈറ്റ് മുതലാളിമാരായ അവിഡ് ലൈഫ് മീഡിയ നേരെ പോയി ഡേറ്റ മോഷണത്തിന് കേസ് കൊടുക്കുകയാണുണ്ടായത്. സംഭവത്തിൽ എഫ്ബിഐ ഉൾപ്പെടെ അന്വേഷണവും തുടങ്ങി. അതോടെ തങ്ങൾ ചോർത്തിയ സകലവിവരങ്ങളും കഴിഞ്ഞ ദിവസം ഹാക്കർമാർ പുറത്തുവിട്ടു.

ashly-1

വടക്കേ അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമായുള്ള അൻപതോളം രാജ്യങ്ങളിൽ നിന്നുള്ള 3.7 കോടി ഉപഭോക്താക്കളുടെ പഴ്സനൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹാക്കർമാർക്ക് സഹായകരമാകുന്ന വിധം എൻക്രിപ്റ്റഡ് ബ്രൗസറുകളിലൂടെ മാത്രമേ ഈ വിവരങ്ങൾ ആക്സസ് ചെയ്യാനാകൂ. 10 ജിബിയോളം വരുന്ന ഇ–മെയിൽ, ക്രെഡിറ്റ് കാർഡ് വിവരങ്ങളാണ് പാസ്‌വേഡ് സഹിതം പുറത്തായിരിക്കുന്നത്. ഇതിൽ അധ്യാപകരും സൈനികരും സാധാരണക്കാരും മുതൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ വരെ ഇ–മെയിൽ വിവരങ്ങളുണ്ടത്രേ! മാത്രവുമല്ല ഇനി ഇവരുടെ പേരിൽ ആഷ്‌ലി മാഡിസണിൽത്തന്നെ കള്ള അക്കൗണ്ടുകളുണ്ടാക്കാനും സാധ്യം, അക്കൗണ്ടിൽ നിന്ന് പണം തട്ടാനും എളുപ്പം.

ഒരുകാലത്ത് ആഷ്‌ലി മാഡിസണിൽ സജീവമാവുകയും പിന്നീട് യാത്ര പറയുകയും ചെയ്യുന്നവർക്ക് അവരുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ചെറിയൊരു തുക കമ്പനി ഈടാക്കിയിരുന്നു. പക്ഷേ പണം കൊടുത്താലും ആ അക്കൗണ്ടെല്ലാം കമ്പനി സെർവറിൽ സൂക്ഷിച്ചിരുന്നതായാണ് ഇപ്പോൾ പുറത്തായ വിവരം. എന്തായാലും ആരെല്ലാം ആരുടെയെല്ലാം കൂടെ അവിഹിത ബന്ധങ്ങളിലേർപ്പെട്ടിരുന്നുവെന്ന 3.7 കോടി വിവരങ്ങൾ പുറത്തു വരുന്നതോടെ എന്തൊക്കെ പൊട്ടിത്തെറികളുണ്ടാകുമെന്നത് കാത്തിരുന്നു തന്നെ കാണണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.