Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

14 സെക്കന്‍ഡിന്റെ നോട്ടമൊക്കെ എന്ത്? രസികന്‍ നിയമങ്ങൾ വേറെയും

Looks 14 സെക്കൻഡിൽ അവസാനിക്കാത്ത നോട്ടങ്ങൾ.. തുറിച്ചുനോട്ടം, മയക്കിനോട്ടം മോഡൽ: ആദിത്യ മുരളി

പതിനാല് സെക്കൻഡ് ഒന്നും ചെയ്യാതെ മിഴിച്ചിരുന്നാൽ ഒരു ക്രിമിനൽ കേസ് പ്രതിയാകാം എന്ന് ഓർമിപ്പിക്കുകയാണ് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. പ്രതിയാകാൻ ചെയ്യേണ്ടത് ഇത്രമാത്രം, ഏതെങ്കിലും പെൺകുട്ടിയെ 14 സെക്കൻഡ് (കിറുകൃത്യം, ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടാ ആകരുത്) നോക്കിനിൽക്കുക. നോട്ടം ദുരുദ്ദേശ്യപരമെന്നു തിരിച്ചറിയുന്ന പെൺകുട്ടി കേസ് കൊടുക്കുന്നു, അങ്ങനെ നിങ്ങൾ ക്രിമിനൽ കേസ് പ്രതിയാകുന്നു. ഇങ്ങനൊരു നിയമം പോലും ഇല്ലെന്നും ഉണ്ടെങ്കിൽത്തന്നെ അതൊട്ടും ശരിയല്ലെന്നും പറഞ്ഞു സിങിനെ ട്രോളും മുൻപ് ഒരുകാര്യം. ഇതിലും രസകരമായ നിയമങ്ങൾ വേറെയുമുണ്ട്.

വീണു കിട്ടിയ 20 രൂപ നോട്ട് ആരും കാണാതെ പോക്കറ്റിലിട്ടാൽ നിങ്ങൾ ചെയ്യുന്നതൊരു ക്രിമിനൽ കുറ്റം. 1878ലെ ഇന്ത്യൻ ട്രഷർ ട്രോവ് ആക്‌ട് പ്രകാരം ‘പൗരനാൽ കണ്ടെടുക്കപ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സർക്കാറിനെ ഏൽപ്പിക്കേണ്ടതാണ്’. 10 രൂപയിൽ അധികമുള്ള തുക വിലപിടിപ്പുള്ളതായാണു പരിഗണിക്കപ്പെടുന്നത്.

Looks 14 സെക്കൻഡിൽ അവസാനിക്കാത്ത നോട്ടങ്ങൾ.. കള്ളനോട്ടം, മധുരനോട്ടം മോഡൽ: ആദിത്യ മുരളി

ടെക്‌നോളജിക്കും മുൻപേ വാർത്തകളും കൊണ്ടു പറന്നിരുന്നു ടെലഗ്രാമുകൾ. 1885ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു നിയമമുണ്ടാക്കി, ഇന്ത്യൻ ടെലഗ്രാഫ് ആക്‌ട്. സംഭവം ഏതു ടെലഗ്രാമും പരിശോധിക്കാൻ ഉദ്യോഗസ്ഥർക്കു അധികാരം നൽകുന്ന നിയമമാണിത്. കത്തി ആയുധമാണെങ്കിലും അല്ലെങ്കിലും ഇന്ത്യൻ സൈനികൻ ഏറ്റുമുട്ടലിൽ അത് ഉപയോഗിക്കാൻ പാടില്ല. എന്നാൽ നാഗാ റെജിമെന്റിലെ സൈനികന് അവരുടെ പരമ്പരാഗത ആയുധമായ കത്തി ഉപയോഗിക്കാം. അതാണു നിയമം! കത്തിയല്ല, സത്യം.

നിരയൊത്ത വെട്ടിത്തിളങ്ങുന്ന പല്ലുകൾ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ. ഇതു രണ്ടും തമ്മിൽ പ്രത്യേകിച്ചൊരു ബന്ധവും വായിച്ചെടുക്കാൻ കഴിയില്ല. എന്നാൽ ആന്ധ്രാ പ്രദേശിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ ആകാനുള്ള അടിസ്ഥാന യോഗ്യതകളിലൊന്ന് നല്ല പല്ലു വേണം എന്നതാണ്. വാഹന പരിശോധനയ്ക്കിടെ നല്ല ചിരിയെങ്കിലും കിട്ടുമല്ലോ, ഭാഗ്യം! ആത്മഹത്യ കുറ്റകരമല്ല, എന്നാൽ ആത്മഹത്യാശ്രമം അങ്ങനെയാണ്. ജീവിതത്തോടു തോറ്റവരെ നിയമവും തോൽപിക്കുന്നു. മരിച്ചവരെ ശിക്ഷിക്കാൻ നിയമമില്ലാതായിപ്പോയതു പരേതാത്മാക്കളുടെ പുണ്യം.

Looks 14 സെക്കൻഡിൽ അവസാനിക്കാത്ത നോട്ടങ്ങൾ.. തീരാനോട്ടം, പേടിച്ചുനോട്ടം മോഡൽ: ആദിത്യ മുരളി

1875ലെ ഇന്ത്യൻ മേജറിറ്റി ആക്‌ട് പ്രകാരം 21 വയസാകാത്ത പുരുഷനു വിവാഹം കഴിക്കാനാകില്ല. പക്ഷേ, അച്ഛനാകാനുള്ള ‘നിയമപ്രകാരമുള്ള‘ പ്രായം 18 വയസ്സാണ്. 1934ലെ എയർക്രാഫ്‌റ്റ് ആക്‌ട് പ്രകാരം പട്ടം പറത്തുന്നതു പോലും കുറ്റകരമാണെന്നു വേണമെങ്കിൽ പറയാം! കാരണം, ഭൂമിയിൽനിന്നോ അല്ലാതെയോ അനുവാദമില്ലാതെ നിയന്ത്രിച്ചു പറത്താവുന്ന ഏതു സാധനവും ഈ നിയമപ്രകാരം നിയമവിരുദ്ധമാകുന്നു.

ആശ്വാസം നൽകുന്ന ഒന്നുകൂടി പറയാം. ദാഹിച്ചു വലഞ്ഞു നടന്നു പോകുമ്പോൾ ഇത്തിരി വെള്ളം കുടിക്കാൻ എന്തു ചെയ്യും? അടുത്തെങ്ങും ഒരു പൈപ്പോ പെട്ടിക്കടയോ ഒന്നുമില്ല. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ മാത്രമുണ്ട്. ചെയ്യാവുന്നത് ഇത്രയുമാണ്. നേരെ ഹോട്ടലിലേക്കു കയറി വെള്ളം ആവശ്യപ്പെടാം. ‘ഇന്ത്യൻ സെറായ്‌ ആക്‌ട് 1887’ റോഡരികിലെ ഏതു ഹോട്ടലിലും കയറി ഫ്രീ ആയി വെള്ളം കുടിക്കാനും ഇനി കാര്യം സാധിക്കാനുണ്ടെങ്കിൽ അതിനും അധികാരം നൽകുന്നു. ആരെങ്കിലും അതിൽനിന്നും തടയുകയാണെങ്കിൽ അവർ 20 രൂപ ഫൈൻ അടയ്ക്കണം.!

Your Rating: