Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിക്കിനിക്ക് വയസ്സാകുന്നു!!!

Bikini Model 1948ലെ സ്വിം സ്യൂട്ടണിഞ്ഞ് മോഡൽ

നയൻതാര ബിക്കിനിയണിയുന്നു–വമ്പനൊരു പൊട്ടിത്തെറി പോലെയാണ് ബില്ല–2 സിനിമയുടെ അണിയറക്കാർ ഈ വാർത്ത പുറത്തെത്തിച്ചത്. അല്ലെങ്കിലും ആരു ബിക്കിനി ധരിച്ചാലും ആ വാർത്ത എല്ലായിപ്പോഴും ‘എക്സ്പ്ലൊസീവ്’ ആവുകയാണു പതിവ്. സത്യത്തിൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വൻപൊട്ടിത്തെറിക്കു പിന്നാലെയാണ് ബിക്കിനിയെന്ന ഫാഷൻ വിസ്മയം നമുക്കു മുന്നിലേക്കെത്തിയതുതന്നെ. ലോകത്തെ ഏറ്റവും ‘ഹോട്ട്’ വസ്ത്രമെന്നറിയപ്പെടുന്ന ഈ കുഞ്ഞൻ തുണി നിർമിക്കപ്പെട്ടിട്ട് 70 വർഷം തികയാനൊരുങ്ങുകയാണ്. അതെ, ബിക്കിനിക്ക് വയസ്സായിരിക്കുന്നു. പക്ഷേ ഇന്നും ലോകമെമ്പാടുമുള്ള യുവതീഹൃദയങ്ങളിൽ മധുരപ്പതിനേഴാണിതിനു പ്രായം.

Bikini Model 1942ലെ സിം സ്യൂട്ടിൽ മോഡൽ

1946 ജൂലൈയിൽ മാർഷൽ ദ്വീപിലെ ചെറുദ്വീപുകളിലൊന്നില്‍ അമേരിക്ക ആദ്യമായൊരു ആറ്റംബോംബ് പരീക്ഷണം നടത്തി. ബിക്കിനി എന്നായിരുന്നു ആ ചെറുദ്വീപിന്റെ പേര്. തെങ്ങുകൾ നിറഞ്ഞയിടം എന്ന അർഥമുള്ള പിക്കിനി എന്ന വാക്കിൽ നിന്നായിരുന്നു ദ്വീപിന് ആ പേരു ലഭിച്ചത്. സ്ഫോടനത്തിന്റെ അതേ സമയത്തു തന്നെയാണ് ഫ്രഞ്ച് എൻജിനീയറും പാർട് ടൈം ഡിസൈനറുമായ ലൂയി ഹയാഹ് എന്ന വ്യക്തി വെറും 30 ഇഞ്ച് തുണി കൊണ്ട് ഒരു ‘വമ്പൻ’ വസ്ത്രം തയാറാക്കിയത്. അമ്മയുടെ തുണിക്കടയിലേക്കു വേണ്ടിയായിരുന്നു അത്. ആറ്റംബോംബ് സ്ഫോടനം നടന്ന സ്ഥലം വാർത്തകളിൽ നിറഞ്ഞപ്പോൾ ലൂയി തന്റെ പുതിയ കണ്ടുപിടിത്തത്തിനും ആ പേരു തന്നെയിട്ടു–ബിക്കിനി.

Bikini Model 1948ലെ സിം സ്യൂട്ടണിഞ്ഞ് മോഡൽ

ഈ പുതിയ സംഗതി വിൽപനയ്ക്കെത്തിക്കുന്നതിനു മുന്നോടിയായി പാരിസിലെ ഒരു ഫാഷൻ ഷോയിൽ അവതരിപ്പിക്കണമായിരുന്നു. പക്ഷേ ധരിക്കാൻ തയാറായി ഒരു മോഡൽ പോലും രംഗത്തു വന്നില്ല. ഒടുക്കം മോഡലിങ്ങിൽ ഒരു പരിചയവുമില്ലാത്ത ബാർ ഡാൻസർമാരിലൊരാളാണ് 1946 ജൂലൈ അഞ്ചിന് ആദ്യമായി ബിക്കിനിയിട്ട് റാംപിലെത്തുന്നത്. ലോകമഹായുദ്ധത്തിന്റെ ക്ഷാമസാഹചര്യത്തിൽ സ്വിം സ്യൂട്ടും മറ്റും നിർമിക്കാനായി പരമാവധി തുണി കുറച്ചുള്ള വസ്ത്ര ഡിസൈനുകൾ യൂറോപ്പിലെ പല കമ്പനികളും പരീക്ഷിക്കുന്ന സമയം കൂടിയായിരുന്നു അത്. അവർക്കു മുന്നിലേക്കാണ് ലൂയിയുടെ ബിക്കിനിയെത്തുന്നത്. അതോടെ പലരും അതേ മാതൃകയിൽ പല തരം ബിക്കിനികളിറങ്ങാൻ തുടങ്ങി. പക്ഷേ ലൂയിയുടെ പരസ്യപ്രചാരണമായിരുന്നു അവിടെയും മുന്നിൽ–ഒരു വിവാഹമോതിരത്തിനകത്തു കൂടെ ഈസിയായി വലിച്ചെടുക്കാൻ പറ്റുന്നതായിരിക്കും ഒരു നല്ല ബിക്കിനി എന്നതായിരുന്നു പരസ്യവാചകം. അത്രയും കുറച്ചു തുണിയേ അതിനുപയോഗിക്കാൻ പാടുള്ളൂവെന്നു ചുരുക്കം.

Bikini Model 1962ലെ സിം സ്യൂട്ടിൽ പോസ് ചെയ്യുന്ന മോഡൽ

ശരീരഭാഗങ്ങൾ ഭൂരിഭാഗവും പുറത്തായതിനാൽ അപ്പോഴും പലർക്കും ബിക്കിനിയോടൊരു നാണമായിരുന്നു. വിവിധ മതാചാര്യന്മാരും ഈ പുതുവസ്ത്രത്തിന് വിലക്കിട്ടു. പക്ഷേ 1953ൽ കാൻ ഫിലിം ഫെസ്റ്റിവലിന് നടി ബ്രിജിറ്റ് ബാർഡോ ബിക്കിനിയുമണിഞ്ഞെത്തിയതോടെ ഈ കുഞ്ഞൻ വസ്ത്രം വൻ സംഭവമായി മാറി. അതോടെ ഫാഷൻ മാഗസിനുകൾ പല വിധ ബിക്കിനി മോഡലുകളുടെ മുഖച്ചിത്രങ്ങളുമായി പുറത്തിറങ്ങാൻ തുടങ്ങി. ഹോളിവുഡ് നടിമാരും ബിക്കിനിയണിഞ്ഞ് തിരശീലയിലെത്താൻ മത്സരമായി. 1962ലെ ബോണ്ട് ചിത്രം ഡോ.നോയിൽ നടി ഉർസുല ആൻഡ്രെസ് വെള്ളബിക്കിനിയിൽ കടലിൽ നിന്നു കയറി വരുന്ന കാഴ്ച കൂടിയായതോടെ ഫാഷൻ ലോകം പിന്നെയും ചൂടുപിടിച്ചു. സകല എതിർപ്പുകളും മറികടന്ന് ബിക്കിനി ഭ്രമം പതിയെപ്പതിയെ ലോകം കീഴടക്കുകയായിരുന്നു. ബോളിവുഡ് സിനിമകളിൽ ഷർമിള ടഗോറും ഡിംബിൾ കപാഡിയയുമൊക്കെ ബിക്കിനിയുമായെത്തിയതോടെ ഇന്ത്യയിലും ഈ വസ്ത്രം പരിചിതമായി. പിന്നെയും കുറേക്കഴിഞ്ഞു തമിഴിലെത്താൻ. അതിനു പിറകെ മലയാളത്തിലെ നടിമാരും അന്യഭാഷകളിലേക്കു ചേക്കേറിയതോടെ ബിക്കിനിയണിഞ്ഞു നടിക്കാൻ തുടങ്ങി. ഇന്ന് ലോകത്തിൽ ഓൺലൈൻ ഷോപ്പിങ്ങിൽ ഏറ്റവുമധികം തിരയുന്ന വസ്ത്രം ഏതാണെന്നു ചോദിച്ചാൽ അതിനും ബിക്കിനിയെന്നൊരു കുഞ്ഞൻ ഉത്തരമേയുള്ളൂ.

ചിത്രങ്ങൾക്കു കടപ്പാട്: എഫ്പി

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.